തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നയുടെ ജാമ്യഹർജി ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയിൽ എതിർത്ത കസ്റ്റംസ്, അവർക്ക് പൊലീസിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്ന കേരളകൗമുദി വാർത്ത ശരിവയ്ക്കുന്ന റിപ്പോർട്ട് സമർപ്പിച്ചു. സ്വപ്നയുമായി നേരിട്ട് ബന്ധമില്ലാത്ത ഐ.ജിയെ ഉപയോഗിച്ച് മാദ്ധ്യമങ്ങൾക്കെതിരെ കേസെടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും സർക്കാർ തടഞ്ഞിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് സ്വപ്നയടക്കമുള്ളവർക്ക് പൊലീസിലുള്ള ബന്ധം കണ്ടെത്തിയത്.
തലസ്ഥാനത്ത് പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥൻ 36 തവണ രഹസ്യ നമ്പരിൽ സ്വപ്നയെ വിളിച്ചു. ഒരു അസി. കമ്മിഷണറും റൂറൽ പൊലീസിലെ ഉദ്യോഗസ്ഥനും വിളിപ്പട്ടികയിലുണ്ട്. എ.ഡി.ജി.പിയുടെ ഫോണിൽ സ്വപ്നയുടെ എസ്.എം.എസ് സന്ദേശമെത്തി. വ്യാജരേഖാ കേസിൽ സ്വപ്നയെ ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ, നടപടിക്രമങ്ങൾ വൈകിയതിന് ഐ.എ.എസ് ഉന്നതൻ പൊലീസ് ഓഫീസറെ ശകാരിച്ച് എസ്.എം.എസ് അയച്ചത് സേനയിൽ പാട്ടാണ്.
സ്വപ്നയുടെ മക്കൾക്ക് തലസ്ഥാനത്തെ മികച്ച സ്കൂളിലും കോളേജിലും പ്രവേശനം നേടിക്കൊടുത്തത് ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ്. റിയൽ എസ്റ്റേറ്റ് ഇടപാടുകളുള്ള തലസ്ഥാനത്തെ ഒരു പൊലീസ് ഓഫീസറുമായും അടുത്ത ബന്ധമുണെന്നാണ് സ്വപ്നനയുടെ മൊഴി. ആദ്യ ലോക്ക് ഡൗൺ സമയത്ത് സ്വപ്നയുടെ വീട്ടിലേക്ക് തമിഴ്നാട്ടിൽ നിന്നെത്തിയ പരിചാരികയെ തലസ്ഥാന ജില്ലയിലെ ഒരു സ്റ്റേഷനിൽ തടഞ്ഞു വച്ചപ്പോൾ ഈ ഓഫീസർ ഇടപെട്ട് വിട്ടയച്ചിരുന്നു.
ഒളിവിൽ പോകാനും സഹായം
സ്വപ്നയെയും സന്ദീപിനെയും ഒളിവിൽ പോകാൻ സഹായിച്ചതിന് ഒരു എസ്.പിയടക്കം സംശയനിഴലിലുമാണ്. ഇരുവരും കേരളം വിട്ടത് പൊലീസ് ഒത്താശയോടെയാണെന്ന് വ്യക്തമായിരുന്നു. കെ.എൽ 01 സി ജെ 1981 നമ്പരുള്ള സ്വപ്നയുടെ കാറിലായിരുന്നു യാത്ര. ചെക്ക് പോസ്റ്റുകളിലും ഹൈവേ ഡ്യൂട്ടിയിലുള്ളവർക്കും സ്വപ്നയുടെ വാഹന നമ്പർ പൊലീസ് കൈമാറിയിരുന്നെങ്കിൽ കേരളം വിടുന്നതിന് മുൻപേ പിടിയിലായേനെ.
കാറിലെ ബാഗ് കടത്തി
മദ്യപിച്ച് കാറോടിച്ചതിന് സന്ദീപിനെ പൊലീസ് പിടികൂടിയപ്പോൾ, കാറിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് കടത്തിയ പൊലീസ് സംഘടനാ ഭാരവാഹിയുടെ സ്വർണക്കടത്ത് ബന്ധം അന്വേഷിക്കണമെന്ന് ഡി.ഐ.ജി സഞ്ജയ്‌കുമാർ ഗുരുദിൻ ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവും ഗ്രേഡ് എസ്.ഐയുമായ ചന്ദ്രശേഖരന് സന്ദീപുമായുള്ള ഉറ്റബന്ധം ഫോൺവിളി രേഖകൾ പരിശോധിച്ച് സ്ഥിരീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |