കൊച്ചി: തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ നടപ്പാക്കാനിരുന്ന ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന് മഹീന്ദ്ര ആൻഡ് മഹീന്ദ്ര കമ്പനി പിന്മാറി. കൊച്ചി മെട്രോയുടെ നിസഹകരണമാണ് കാരണം..വൈദ്യുത ആട്ടോകൾ ഉപയോഗിച്ച് ഐ.ടി.പാർക്ക്, റെയിൽവേ സ്റ്റേഷൻ, ബസ്‌സ്റ്റാൻഡ് എന്നിവയെ ബന്ധിപ്പിച്ച് നടപ്പാക്കാൻ ലക്ഷ്യമിട്ട പദ്ധതിയാണ് ഇതോടെ സ്തംഭിച്ചത്.
സൗജന്യമായി
ഇ ആട്ടോകൾ
2019 ഒക്‌ടോബർ 21ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ്
ധാരണാപത്രത്തിൽ മഹീന്ദ്ര ഒപ്പിട്ടത്. സൗകര്യങ്ങളൊരുക്കാനും വിപുലീകരിക്കാനും നോഡൽ ഏജൻസിയായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ നിശ്ചയിച്ചു. ആദ്യ പടിയായി ജില്ലാ ആട്ടോറിക്ഷ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് രണ്ടായിരം ഇ ആട്ടോറിക്ഷകൾ വിതരണം ചെയ്യണം . മെട്രോ ഫീഡർ സർവീസിന് സൊസൈറ്റിയുമായി കമ്പനി കഴിഞ്ഞ ഫെബ്രുവരി രണ്ടിന് കരാറുമൊപ്പിട്ടു. 200 ആട്ടോകൾ എത്തിച്ചാൽ പദ്ധതി തിരുവനന്തപുരത്തേക്ക് വ്യാപിപ്പിക്കുകയായിരുന്നു ലക്ഷ്യം.
തിരിച്ചടിയായി
നയംമാറ്റം
വിശാലകൊച്ചി മേഖലയിലെ 15,000 ആട്ടോറിക്ഷകളെയും ഒരൊറ്റ സംവിധാനത്തിനു കീഴിലാക്കാനാണ് സഹകരണസംഘം രൂപീകരിച്ചത്. ആറ് തൊഴിലാളി യൂണിയനുകൾ പങ്കാളികളും 3,000 തൊഴിലാളികൾ അംഗങ്ങളുമായി. 2019 ഫെബ്രുവരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ഹനീഷ് മെട്രോ എം.ഡി സ്ഥാനത്തു നിന്ന് മാറിതോടെ തുടർനടപടികൾ മന്ദഗതിയിലായി. ചുമതലയിലയിലെത്തിയ എം.ഡി പുതിയ ഇലക്ട്രിക് വെഹിക്കിൾ നയം നടപ്പാക്കി. ഓരോ വാഹനവും ചാർജ് ചെയ്യുന്നതിന് പ്രതിമാസം 750 രൂപയും പാർക്കിംഗ് ഫീസായി 500 രൂപയും , 3,750 രൂപ ഡെപ്പോസിറ്റും ആവശ്യപ്പെട്ടു. ഇതോടെ സൊസൈറ്റി പ്രവർത്തനം മന്ദീഭവിച്ചു. മഹീന്ദ്രയും പിന്മാറി.
'സാമ്പത്തിക നേട്ടമുണ്ടാക്കുകയാണ് മെട്രോയുടെ ലക്ഷ്യം. എം.ഡി കൂട്ടിക്കാഴ്ചയ്ക്ക് അവസരം നൽകിയില്ല. മഹീന്ദ്ര കഴിഞ്ഞ ഏപ്രിലിൽ 50 ആട്ടോകൾ കൊച്ചിയിലെത്തിച്ചെങ്കിലും തിരിച്ചയച്ചു'.
-എം.ബി. സ്യമന്തഭദ്രൻ
ജില്ല ആട്ടോറിക്ഷ ഡ്രൈവേഴ്‌സ്
സൊസൈറ്റി പ്രസിഡന്റ്
'മെട്രോയുമായി നേരിട്ട് ധാരണയിലെത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. കമ്പനി കേരളത്തിലെ പ്രവർത്തനം അവസാനിപ്പിച്ചു'
.-ദർശൻ കെ.എ
കേരള മാനേജർ
മഹീന്ദ്ര ഇ -മൊബിലിറ്റി വിംഗ്
'കൊവിഡ് പ്രതിസന്ധി കഴിഞ്ഞാലുടൻ ഓട്ടോറിക്ഷ സൊസൈറ്റിയുമായി ചർച്ചകൾ പുനരാരംഭിക്കും'.
-അൽക്കേഷ് കുമാർ ശർമ്മ
കൊച്ചി മെട്രോ എം.ഡി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |