തിരുവനന്തപുരം: ചെറുപ്പക്കാരോട് യുദ്ധം പ്രഖ്യാപിച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അവരുടെ രോഷാഗ്നിയിൽ സർക്കാർ കത്തിച്ചാമ്പലാകുമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. സർക്കാരിന്റെ ദുർഭരണത്തിനെതിരെ കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളുടെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ സേവ് കേരള സ്പീക്ക് അപ്പ് ക്യാമ്പയിന്റെ രണ്ടാംഘട്ടം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി.എസ്.സിയെ നോക്കുകുത്തിയാക്കി. യോഗ്യതയുള്ളവർ കാത്തുനിൽക്കുമ്പോൾ അയോഗ്യരായവർ പുറംവാതിൽ വഴി ജോലി നേടുന്നു. സി.പി.എമ്മിന്റെ ഇഷ്ടക്കാരുടെ പട്ടികയിൽ ഇടംപിടിക്കുകയെന്നതാണ് സർക്കാർ ജോലിക്കുള്ള മാനദണ്ഡം .
കൊവിഡ് രോഗവ്യാപനത്തിന് കാരണം മുഖ്യമന്ത്രിയുടെ തെറ്റായ നടപടികളും സർക്കാരിന്റെ പിടിപ്പുകേടുമാണ്. സ്വർണക്കള്ളക്കടത്ത് കേസന്വേഷണം തന്റെ ഓഫീസിലേക്ക് നീങ്ങുന്നതിലുള്ള അങ്കലാപ്പിലാണ് മുഖ്യമന്ത്രിയെന്നും മുല്ലപ്പള്ളി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറിമാരായ കെ.പി.അനിൽകുമാർ, പാലോട് രവി, മണക്കാട് സുരേഷ്, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലം,ബൂത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ മൂന്നാം ഘട്ടം ഈ മാസം 17നു നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |