തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയഭീതി ഉയർത്തി അണക്കെട്ടുകൾ നിറയുന്നു. എട്ട് അണക്കെട്ടുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.4 അടിയായി. കനത്ത മഴതുടരുന്നതിനാൽ ഡാമിലേക്കുളള നീരൊഴുക്കിന്റെ ശക്തി കൂടുതലാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ രണ്ടാം ജാഗ്രത നിർദേശം പുറപ്പെടുവിക്കും.ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2361 അടിയായി. സംഭരണ ശേഷിയുടെ 67 ശതമാനമാണിത്. നെയ്യാർ ഡാമിന്റെ നാല് ഷട്ടറുകൾ തുറന്നിട്ടുണ്ട്. പേപ്പാറ ഡാമും തുറന്നു. മഴ ശക്തമാവുകയാണെങ്കിൽ ബാണാസുര അണക്കെട്ടും തുറക്കും.പമ്പ ഡാമിലെ രണ്ട് ഷർട്ടറുകൾ തുറന്നു. സമീപത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. റാന്നി, തിരുവല്ല പ്രദേശങ്ങളിലുളളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ കനത്ത മഴ തുടരുകയാണ്.
അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ കെ.എസ്.ഇ.ബിയും ജലസേചന വകുപ്പും 36 മണിക്കൂറിന് മുൻപ് അതത് ജില്ലാ ഭരണകൂടത്തെ അറിയിച്ച് അനുമതി വാങ്ങണമെന്നാണ് സർക്കാർ നിർദേശം. ഡാം തുറന്നാൽ, ഏതൊക്കെ പുഴകളിലും തോടുകളിലും വെള്ളം ഉയരുമെന്ന് കണക്കാക്കി തദ്ദേശ സ്ഥാപനങ്ങൾ 15 മണിക്കൂർ മുമ്പ് ജനങ്ങളെ ഉച്ചഭാഷിണിയിലൂടെ അറിയിക്കും.
സംസ്ഥാനത്തിന്റെ പലയിടത്തും ഇപ്പോൾ ശക്തമായ മഴയാണ്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്.
ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ തുടരുന്ന പശ്ചാത്തലത്തിൽ പെരിയാർ, ഭാരതപ്പുഴ, പമ്പ, കബനി, വളപട്ടണം, കുറ്റിയാടി നദികളുടെ തീരത്തുളളവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |