വിശുദ്ധർക്ക് പഞ്ഞമില്ലാത്ത നാട്ടിൽ കൊതിപ്പിക്കുന്ന അവിശുദ്ധിയോടെ ജീവിച്ച കവി. കഴിഞ്ഞ ദിവസം അന്തരിച്ച കവി ലൂയിസ് പീറ്ററിനെ വിശേഷിപ്പിക്കാൻ അദ്ദേഹത്തിന്റെ കവിതാ പുസ്‌തകത്തിൽ പറയുന്ന ഇൗ വരികളേക്കാൾ അനുയോജ്യമായ മറ്റൊന്നില്ല. അനന്തപുരിയുടെ പകലിരവുകളിൽ അലിഞ്ഞുപോയ അയ്യപ്പനെന്ന കവിയെ ഒാർമ്മപ്പെടുത്തുന്ന ജീവിതം. നാട്ടിട വഴികളിലും കടവരാന്തകളിലും കവിതയുടെ സാമ്രാജ്യങ്ങൾ തീർത്തു തനിച്ചു നടന്നുപോയ പെരുമ്പാവൂരിന്റെ സ്വന്തം ലൂയി പാപ്പൻ. ഫേസ് ബുക്ക് പേജിലെ ദിവസക്കുറിപ്പുകളിലെ കവിത തൊട്ടു വരച്ച വരികൾ ലൂയിസ് പീറ്ററെന്ന അവധൂതന്റെ ഡയറിക്കുറിപ്പുകളായി പരിണമിക്കുന്നു.
ആരാണ് ലൂയിസ് പീറ്റർ ?
കവിതയുടെ നിലാവെളിച്ചത്തിൽ കണ്ണു തുറന്നു കാണേണ്ടിയിരുന്ന കവിയായിരുന്നു ലൂയിസ് പീറ്റർ. പെരുമ്പാവൂർ വേങ്ങൂർ ഇളമ്പിള്ളി പരേതനായ പത്രോസിന്റെയും ഏലിയാമ്മയുടെയും മകനായി ജനിച്ച ലൂയി പാപ്പൻ 1986 ലാണ് ആദ്യത്തെ കവിത എഴുതിയത്. കവിതയുടെ വിളി കേട്ട് പിന്നാലെയിറങ്ങുമ്പോൾ ഫെഡറൽ ബാങ്കിലുണ്ടായിരുന്ന ജോലി പോലും തടസമായില്ല. യാത്രകൾ ജീവശ്വാസമാക്കി, കവിതയെ നെഞ്ചോടു ചേർത്തു നടന്നു കൊണ്ടേയിരുന്ന കവി 58 -ാം വയസിലാണ് കടന്നു പോയത്. ലൂയിസ് പീറ്ററെന്ന പേരു പരിചയമില്ലാത്തവർ ഇതാരെന്ന് പരസ്പരം ചോദിച്ചു. ചുവടുറയ്‌ക്കാതെ വഴി നടന്ന അദ്ദേഹം തിരിഞ്ഞു നിന്ന് അപ്പോഴൊക്കെ പറഞ്ഞു :
എന്നെക്കുറിച്ചാണെങ്കിൽ
എന്നോടു ചോദിക്കുക
മൗനാക്ഷരങ്ങൾ നിറച്ചൊരു
കടലാസു കീറു നിങ്ങൾക്കു ഞാൻ തരും
അതിൽ നിങ്ങളെന്നെ വായിച്ചെടുക്കുക.
ലൂയിസ് പീറ്റർ എന്ന കവി സമൂഹ മാദ്ധ്യമങ്ങളിലും സാംസ്കാരിക കൂട്ടായ്മകളിലും ജനകീയ സമരങ്ങളിലും ചലച്ചിത്ര മേളകളിലും ജീവിച്ചു. ലൂയിസ് പീറ്ററിന്റെ കവിതകൾ എന്ന പേരിൽ ഒരു പുസ്തകം പുറത്തിറക്കി. സൗഹൃദങ്ങളുടെ നടുവിലാണ് ജീവിച്ചത്. ഇഷ്ടാനിഷ്ടങ്ങൾ തുറന്നു പറഞ്ഞും ക്ഷുഭിതനായും ജീവിതത്തെ ആഘോഷമാക്കിയാണ് കവി നടന്നകലുന്നത്. വാക്കുകളുടെ മൂർച്ചയിൽ കവിതയെ അടയാളപ്പെടുത്തിയ ലൂയിസ് പീറ്റർ തന്നെ പറയുന്നു :
നരകം സമ്മാനമായി തന്ന
നാരായം കൊണ്ടാണ്
ഞാൻ എഴുതാറുള്ളത്.
അതുകൊണ്ടാണ്
എന്റെ എഴുത്തുകളിൽ
ദൈവത്തിന്റെ കൈയക്ഷരം
ഇല്ലാതെ പോയത്.
പൂക്കളോടു കലഹിച്ച കവി
പ്രണയത്തെക്കുറിച്ച് ലോകമെങ്ങും കവികൾ പാടിയിട്ടുണ്ട്. എന്നാൽ ലൂയിസ് പീറ്റർ ഇത്തിരി നർമ്മം വിതറിയാണ് പ്രണയത്തെ കവിതയിൽ നിർവചിച്ചത്. പ്രേമകഥകളുടെ പുറം പൂച്ചിനെനോക്കി കവി ചിരിക്കുന്നത് കാണുക :
പ്രണയമെന്നൊക്കെ പറയുന്നത്
തളത്തിൽ ദിനേശൻ തമാശപോലെയാണ്
രണ്ടിലൊരാൾ, ചിലപ്പോൾ രണ്ടുപേരും
ഹോട്ടലാണെന്നു കരുതി ബാർബർഷോപ്പിൽ
കയറിപ്പോവുകയാണ്.
വെറും ഫേസ് ബുക്ക് കുറിപ്പു മാത്രമായി തുടങ്ങിയ ഇൗ വരികൾ സ്ക്രീൻ ഷോട്ടുകളായി രൂപപ്പെട്ടു. ഇതേ കവി തന്നെ പ്രണയിക്കപ്പെടുന്നതിന്റെ ഉന്മാദഭാവത്തെ കവിതയിൽ വരച്ചു കാട്ടിയിട്ടുമുണ്ട്. പലദിക്കിൽ അലഞ്ഞു തിരഞ്ഞൊടുവിൽ വഴി ചോദിച്ചു വശംകെട്ട സഞ്ചാരി പറയുന്നു :
പ്രയണത്തിലാവുകയെന്നാൽ
തെക്കൻകാറ്റുകൾ മുടിയഴിച്ചാടുന്ന
വൃക്ഷ ശിഖരങ്ങളോടു മഴയിലേക്കുള്ള
വഴി ചോദിക്കുകയെന്നാണ്
പ്രണയവും നഷ്ടവും തീവ്രനൊമ്പരങ്ങളായി അടയാളപ്പെടുത്തുമ്പോഴും കവി ദാർശനിക ഭാവത്തിൽ പാടിക്കൊണ്ടേയിരിക്കുന്നു. വസന്തം ചെറി മരത്തോടു ചെയ്തതിനെക്കുറിച്ചാണ് നെരൂദ പാടിയത്. ഒാരോ വസന്തവും കൊഴിഞ്ഞു പോകാനുള്ളതാണെന്ന് ഒാർമ്മപ്പെടുത്തുന്ന ലൂയിസ് പീറ്റർ വസന്തം ഇങ്ങനെയാണെങ്കിൽ പൂക്കളോടു പോലും കലഹിക്കുമെന്ന് സമര പ്രഖ്യാപനം നടത്തുന്നു.
തീവ്രമേതോ പ്രണയ നഷ്ടത്തിന്റെ
നോവു പൂക്കുമൊരു
നീലക്കടമ്പുപോൽ
എന്നു സ്വയം രേഖപ്പെടുത്തുന്നു. സങ്കടം പെരുത്ത കടലുകളുടെ രുചിയറിയാൻ ഉള്ളുരുകി കരഞ്ഞു നോക്കണം. ഒപ്പം കടൽപാലങ്ങളുടെ രഹസ്യവും അറിയാനാവുമെന്നും സാക്ഷ്യപ്പെടുത്തുന്നു.
വഴിയവസാനിക്കാത്ത
യാത്രകൾ
ജീവിച്ചിരുന്നപ്പോൾ ലൂയിസ് പീറ്ററിനെ എവിടെയാണ് കാണാൻ കഴിഞ്ഞത് ? മുഷിഞ്ഞ വേഷത്തെ അലക്കി വെളുപ്പിക്കരുതെന്ന മുന്നറിയിപ്പോടെ നടന്നുപോയത് നാം കണ്ടില്ലെന്നു നടിച്ചു. ചിലരൊക്കെ ആ കവിതകളോടു കൂട്ടുകൂടി. അവർ ഫേസ് ബുക്കിലും വാട്ട്സ് അപ്പിലും സൗഹൃദ വേദികളിലും കവിയെ നെഞ്ചോടു ചേർത്തു പിടിച്ചു. വിശന്നപ്പോൾ ഫേസ് ബുക്കിൽ കുറിച്ചിട്ടു. ഭക്ഷണപ്പൊതികളുമായി അവർ എത്തി. പേടിപ്പെടുത്തുന്ന മൗനം ശ്വാസംമുട്ടിച്ചു തുടങ്ങുമ്പോൾ ഫേസ് ബുക്കിൽ ലൂയിസ് എഴുതിയിടും. ആരെങ്കിലുമൊന്ന് വിളിക്കുമോ ? നിമിഷനേരത്തിനുള്ളിൽ വിളികളെത്തും. രാത്രി വെളുക്കുവോളം കവിത ചൊല്ലിയും കഥ പറഞ്ഞും അങ്ങനെ മൗനത്തിന്റെ ശ്വാസം മുട്ടിക്കുന്ന സ്ഫടികപാത്രം പൊട്ടിച്ചു കളയും. ഫോണുകൾ മാത്രമല്ല, ഫോൺ നമ്പരുകളും മാറിക്കൊണ്ടേയിരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി യാത്രകൾ തുടർന്നു. ദിശാബോധമില്ലാത്ത യാത്രകൾക്കൊടുവിൽ ലൂയിസ് കണ്ടെത്തിയ സത്യമുണ്ട് :
ഭൂപടമൊരു നുണയാണ്
എന്റെ കണ്ണുനീർ പുഴകളോ
കരളെരിഞ്ഞു തീർന്ന
കനൽ വഴികളോ അതിലില്ല
ഉച്ചസൂര്യൻ തിന്നുപോയ എന്റെ നിഴലോ
വ്യഥ കടലായിരമ്പിയ എന്റെ പ്രിയ സഖിയോ ഇല്ല.
ഭൂമിയൊരു സത്യമായിരിക്കെ
ഭൂപടം മാത്രമെന്തിനാണിങ്ങനെ
നുണയായി പോകുന്നത്.
ഒടുവിലൊരു മരണവണ്ടിയിൽ
കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കവിതാ പുസ്തകത്തിലും ഫേസ് ബുക്കിലും എഴുതിയിട്ട വരികളെ അനാഥമാക്കി കവി കടന്നു പോയി. രോഗം ജീവിതത്തിനുമേൽ പിടി മുറുക്കിയ കഴിഞ്ഞ കാലത്തെ ധർമ്മസങ്കടങ്ങൾ അസ്വസ്ഥമായ മനസോടെ ലൂയിസ് പീറ്റർ എഴുതിയിടുണ്ട്. യാത്ര ജീവശ്വാസമാക്കി മാറ്റിയ കവി ഒടുവിലൊരു മുറിയിലേക്ക് ഒതുങ്ങുമെന്ന് ഭയന്നതും വരികളിൽ കാണാം. പകൽ വെളിച്ചങ്ങളിൽ കാണാനാവാത്ത നക്ഷത്രങ്ങളിലൊന്നാണ് കവിയെന്ന് സ്വയം പറഞ്ഞു പഠിപ്പിച്ച ലൂയിസ് പീറ്റർ യാത്രയായി. വിലാപങ്ങളെ വെറുത്ത കവി അവിടെയും വേറിട്ടൊരു വഴി കണ്ടെത്തി.
മരിച്ചുപോയവരെക്കുറിച്ചല്ല
സ്വന്തം വീടുപേക്ഷിച്ചു പോയവരെക്കുറിച്ച്
ജന്മബന്ധങ്ങളുടെ കല്ലറകളുപേക്ഷിച്ചവരെക്കുറിച്ച്
പ്രണയവും വാത്സല്യവും നഷ്ടപ്പെട്ടവരെക്കുറിച്ച്
അന്നമറ്റ പാതയിൽ അലയുന്നവരെക്കുറിച്ച്
തണൽ മടങ്ങിപ്പോയ വൃക്ഷച്ചുവട്ടിൽ
വിശ്രമിക്കാനെത്തുന്നവരെയോർത്ത്
വിലപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |