SignIn
Kerala Kaumudi Online
Tuesday, 08 July 2025 7.54 PM IST

ഈ പരീക്ഷണ കാലവും അതിജീവിക്കും

Increase Font Size Decrease Font Size Print Page
flood

തോരാ മഴയ്ക്ക് ഇന്നത്തോടെ ശമനം കണ്ടുതുടങ്ങുമെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ ആശ്വാസ വാക്കുകളിൽ പ്രതീക്ഷ അർപ്പിച്ച് കാത്തിരിക്കുകയാണ് സർക്കാരും ജനങ്ങളും. ദിവസങ്ങളായി തുടരുന്ന പേമാരി ഒട്ടുമിക്ക ജില്ലകളിലും പ്രളയ സമാനമായ സ്ഥിതി സൃഷ്ടിച്ചിരുന്നു. മഴ കുറവായിരുന്ന മലയോര ജില്ലകളും രൂക്ഷമായ കെടുതികളിൽപ്പെട്ട് ഉഴലുകയാണ്. 2018-ലെ മഹാ പ്രളയത്തിന്റെയത്ര രൂക്ഷമായ തോതിലല്ലെങ്കിലും നിറുത്തില്ലാതെ പെയ്ത മഴ ഒട്ടേറെ പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കിയിട്ടുണ്ട്. താഴ്‌ന്ന പ്രദേശങ്ങളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. ഒന്നോ രണ്ടോ ജില്ലകളൊഴികെ മറ്റെല്ലായിടത്തും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൊവിഡ് മഹാമാരി സജീവമായി നിലനിൽക്കുന്നതിനാൽ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചുവേണം ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ. അധികൃതരെ മുൾമുനയിലാക്കുന്ന സാഹചര്യങ്ങളാണ് കാലവർഷം സൃ ഷ്ടിച്ചിരിക്കുന്നത്. അനേകം പ്രതിബന്ധങ്ങൾക്കിടയിലും മഴയും പ്രളയവും സൃഷ്ടിച്ച ദുരിതാവസ്ഥയിൽ ജനങ്ങൾക്ക് ആശ്വാസമെത്തിക്കാനുള്ള നെട്ടോട്ടത്തിലാണ് സർക്കാർ വകുപ്പുകൾ. കഴിഞ്ഞ രണ്ട് പ്രളയകാലത്തെയും പോലെ എല്ലാം മറന്ന് ഒറ്റക്കെട്ടായി സർക്കാരിന് പിന്തുണയും സഹായവും നൽകേണ്ട സന്ദർഭമാണിത്. മുമ്പ് പലപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ രാഷ്ട്രീയവും സങ്കുചിതത്വവും മാറ്റിവച്ച് ഏവരും മുന്നോട്ടുവന്നാൽ ഈ ദുരിതകാലവും വലിയ പോറലില്ലാതെ മറികടക്കാൻ നമുക്കാവും. അതിനു വേണ്ട വിശാല മനസും ത്യാഗസന്നദ്ധതയുമാണ് ഉണ്ടാകേണ്ടത്.

ഓരോ മഴക്കാലവും കടന്നുപോകുന്നത് ഒട്ടേറെപ്പേരെ ദുഃഖത്തിലും തീരാനഷ്ടത്തിലും ചവിട്ടിത്താഴ്‌ത്തിയാണ് ഇത്തവണയും അതിന് ഒരു കുറവും വന്നിട്ടില്ല. നിരവധി മനുഷ്യജീവനുകൾ ഇതിനകം തന്നെ നഷ്ടമായിക്കഴിഞ്ഞു. രാജമലയിൽ എൺപതോളം തോട്ടം തൊഴിലാളികളാണ് ഉരുൾപൊട്ടലിൽ മണ്ണടിഞ്ഞത്. കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാന ദുരന്തത്തിനു പിന്നിലും ഘോരമാരി പ്രധാന വില്ലനായി. പതിനെട്ടു യാത്രക്കാരാണ് തൽക്ഷണം മരിച്ചത്. ആശുപത്രികളിൽ ഇപ്പോഴും കഴിയുന്ന നൂറിലേറെപ്പേരിൽ ഇരുപതിലധികം പേർ ഗുരുതരാവസ്ഥയിലാണെന്നാണ് സൂചനകൾ.

നാടും നഗരവും ഒരുപോലെ വെള്ളക്കെട്ടായതിനെത്തുടർന്ന് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. വെള്ളപ്പാച്ചിലിൽ പെട്ട് ഏതാനും പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. വീടുകൾ പൂർണമായോ ഭാഗികമായോ തകർന്ന കുടുംബങ്ങൾ നിരവധിയാണ്. ഓരോ മഴക്കാലവും നൂറുകണക്കിനു കുടുംബങ്ങളെ ഭവനരഹിതരാക്കി കടന്നുപോകുമ്പോൾ എല്ലാ കുടുംബങ്ങൾക്കും സ്വന്തമായി വീട് എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതി ലക്ഷ്യത്തിൽനിന്ന് ഏറെ അകലുകയാണ്. അനേകം കുടുംബങ്ങൾക്ക് വീടെന്നു പറയാവുന്ന ഒരിടമില്ലെന്ന വലിയ യാഥാർത്ഥ്യം പുറം ലോകം അറിയുന്നതു തന്നെ ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോഴാണ്. കുത്തിമറിച്ച ചെറ്റക്കുടിലുകളുടെ സ്ഥാനത്ത് അടച്ചുറപ്പുള്ള ഒരു കിടപ്പാടം സ്വപ്നം കണ്ടു കഴിയുന്ന അനവധി കുടുംബങ്ങൾ ഇപ്പോഴും ഉണ്ട്. ഈ മഴക്കാലത്തും അവരിൽ പലരുടെയും ഉള്ള കുടിലുകളും നഷ്ടമായിട്ടുണ്ട്. സർക്കാരിന്റെ 'ലൈഫ്" പദ്ധതി ഇനിയും വിപുലമായാലേ പുതുതായി ഭവനരഹിതരായവരെക്കൂടി ഉൾപ്പെടുത്താനാവൂ.

വസ്തുവകകൾക്കു പുറമെ ഏക്കർ കണക്കിനു കൃഷിയും നശിച്ചതായാണ് റിപ്പോർട്ടുകൾ. കുട്ടനാട്ടിൽ എല്ലാ മഴക്കാലത്തും കാണുന്ന ദുരിതാവസ്ഥയ്ക്ക് ഇക്കുറിയും കുറവൊന്നുമില്ല. വെള്ളപ്പൊക്കത്തിലും മടവീഴ്ചയിലും നൂറുകണക്കിനേക്കർ നെല്പാടങ്ങളാണ് അവിടെ നശിച്ചത്. ഒട്ടേറെ കുടുംബങ്ങളെ ഒഴിച്ചുകൊണ്ടു പോകേണ്ടതായും വന്നു. കോട്ടയം, പത്തനംതിട്ട ജില്ലകളിലും വെള്ളപ്പൊക്കക്കെടുതികൾ രൂക്ഷമാണ്. പമ്പയും മീനച്ചിലാറും മറ്റും കരകവിഞ്ഞതോടെ കോട്ടയം, ചെങ്ങന്നൂർ, ആറന്മുള തുടങ്ങി അനവധി പ്രദേശങ്ങൾ വെള്ളത്തിലായി. പമ്പാ ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറക്കേണ്ടിവന്നതിനെത്തുടർന്നുണ്ടായ സ്ഥിതിവിശേഷം പ്രളയ നില കൂടുതൽ രൂക്ഷമാക്കി. സംസ്ഥാനത്തെ വലിയ അണക്കെട്ടുകളിൽ ജലനിരപ്പ് അപകട നിലയിലെത്തിയില്ലെന്നത് ആശ്വാസത്തിനു വക നൽകുന്നു. അഞ്ചു ജില്ലകളുടെ ചങ്കിടിപ്പിക്കാറുള്ള മുല്ലപ്പെരിയാർ അണക്കെട്ടും നിയന്ത്രണ രേഖയ്ക്കു താഴെയാണെന്ന വിവരം അനല്പമായ ആശ്വാസം പകരുന്നതാണ്.

ഏറെ കരുതലും നിയന്ത്രങ്ങളുമൊക്കെ സ്വീകരിച്ചിട്ടും കൊവിഡ് വ്യാപനത്തിന് ഒരു കുറവുമുണ്ടാകാത്ത സാഹചര്യം നിലനിൽക്കുന്നതിനിടയിലാണ് വ്യാപകമായ മഴക്കെടുതികളും നേരിടേണ്ടിവരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളുടെ നടത്തിപ്പിലും ദുരിതബാധിതരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചുകൊണ്ടുപോകുന്നതിലുമൊക്കെ അതീവ മുൻകരുതലും ശ്രദ്ധയും പാലിച്ചില്ലെങ്കിൽ രോഗവ്യാപനം കൂടുതൽ രൂക്ഷമാകുമെന്നു പ്രത്യേകം പറയേണ്ടതില്ല. എല്ലാ മാനദണ്ഡങ്ങളും കർക്കശമായി പാലിച്ചുകൊണ്ടുതന്നെയാണ് പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ ഉറപ്പു നൽകുന്നുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാൻ ക്യാമ്പുകളിലെ അന്തേവാസികൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. സംഘാടകരുടെ ഭാഗത്തുമുണ്ടാകരുത് ഒരു തരത്തിലുള്ള വീഴ്ചയും. ഈ പരീക്ഷണകാലവും ആത്മവിശ്വാസത്തോടെ നേരിട്ടേ മതിയാവൂ. അതിനു സാധിക്കുമെന്നുതന്നെ വിശ്വസിക്കാം.

പ്രളയം തകർത്ത പ്രദേശങ്ങളുടെ പുനർ നിർമ്മാണത്തിനും ദുരിതബാധിതരുടെ പുനരധിവാസത്തിനും വലിയ തോതിൽ സർക്കാരിനു പണം വേണ്ടിവരും. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിന്റെ നടുവിൽ നിൽക്കുന്ന സർക്കാരിന് ഈ പുതിയ വെല്ലുവിളി കൂടി ഏറ്റെടുക്കേണ്ടിവന്നിരിക്കുകയാണ്. സർക്കാർ മാത്രമല്ല ജനങ്ങളിൽ സ്ഥിര ശമ്പളക്കാരല്ലാത്ത ജനവിഭാഗങ്ങളും പ്രതിസന്ധികളുടെ നടുവിലാണ്. ഉദാരമായ കേന്ദ്ര സഹായമാണ് ഇത്തരമൊരു അവസ്ഥയിൽ സംസ്ഥാനത്തിന് താങ്ങും തണലുമാകേണ്ടത്. അങ്ങനെ വല്ലതും ഉണ്ടാകുമോ എന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്ത സ്ഥിതിയാണുള്ളത്. മുൻ അനുഭവങ്ങൾ മുമ്പിലുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നത്. രണ്ടുകൊല്ലം മുൻപുണ്ടായ പ്രളയകാലത്ത് പ്രധാനമന്ത്രി നേരിട്ടു നൽകിയ സഹായ വാഗ്ദാനം പോലും പൂർണ തോതിൽ ഫലപ്രാപ്തിയിലെത്തിയില്ല. എല്ലാ കാലത്തും കേരളം നേരിടേണ്ടിവരുന്ന ദുർഗതിയാണിത്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.