'മഞ്ഞച്ചെത്തിപ്പൂങ്കുല പോലെ മഞ്ജിമ വിടർന്നഒരു പുലർകാലത്ത് നടക്കാനിറങ്ങിയപ്പോൾ ഒരായിരം കിളികൾ ഒന്നിച്ചു ചിലയ്ക്കുന്ന ശബ്ദം കേട്ടു. നാടും കാടും തമ്മിലുള്ള അതിർ വരമ്പുകളില്ലാത്ത പ്രദേശം. ചങ്ങമ്പുഴയുടെ രമണനിലെ ഗ്രാമവർണന മനസിൽ തത്തിക്കളിച്ചു. മുന്നോട്ടു നടക്കുന്തോറും കിളികളുടെ നാദം അടുത്തു വന്നു. പൂത്തു നിൽക്കുന്ന മുള്ളുവേങ്ങ മരത്തിൽ നിന്നാണു ശബ്ദമെന്നു മനസിലായി. എത്രയോ ജീവജാലങ്ങൾക്കാണ് ഈ ഒരൊറ്റ മരം ആലയമായിരിക്കുന്നത്! എത്രയോ ജന്തുജാലങ്ങൾക്ക് ശുദ്ധവായുവും ആഹാരവും പാർപ്പിടവുമാണീ ഒരൊറ്റ മരം. എത്ര സന്തോഷത്തോടെ എത്ര ഇനം പക്ഷി കളും അണ്ണാനും വവ്വാലുമൊക്കെ അതിൽ തങ്ങളുടെ സ്വത്വം നിലനിറുത്തിക്കൊണ്ടു ജീവിക്കുന്നു! എന്റെ നടത്തവും ചിന്തകളും മുറുകി.
ഒരു മുള്ളുവേങ്ങയോ ആൽമരമോ ആകാൻ മനുഷ്യനു കഴിയില്ല. ഭൂഖണ്ഡങ്ങളിലെല്ലാം പെറ്റു പെരുകിയ മനുഷ്യർ പരസ്പരം പോരടിക്കാതെ സഹവർത്തിത്വത്തോടെ ജീവിക്കുന്ന, മറ്റു ജീവജാലങ്ങൾക്കു കരുതലാകുന്ന കാഴ്ച എന്തേ അന്യമാകുന്നു?
നമ്മുടെ ഭൂമി അടുത്ത എത്ര തലമുറയ്ക്കു ജീവിക്കാനുതകും എന്നൊരു ചോദ്യം നാം സ്വയം ചോദിക്കണ്ടേ? നമ്മുടെ മക്കളുടെ തലമുറയ്ക്കെങ്കിലും ജീവിക്കാനുതകുന്ന വിധം ഭൂമിയെ മുറിവേൽപ്പിക്കാതിരിക്കാൻ നാമെന്തു ചെ യ്യുന്നു ?
ആകാശ മുല്ലപ്പൂക്കളുടെ അദ്ഭുത ഗന്ധം എന്നെ ചിന്തയിൽ നിന്നുണർത്തി. നീണ്ട ഞെട്ടുള്ള വെളുത്ത പൂക്കളുടെ മെത്ത ചുവട്ടിൽ വിരിച്ചിട്ട്, സുഗന്ധം പരത്തി ആകാശം മുട്ടെ നിൽക്കുകയാണാ വൃക്ഷം. ഒരു കൊമ്പിൽ മേലാകെ ചാരം പൂശിയ വേഴാമ്പൽ!
എത്ര ജന്തുജാലങ്ങൾ ഈ സുഗന്ധവും കുളിർകാറ്റും ആസ്വദിക്കുന്നുണ്ടാവാം! ഒരു മയിൽ അതിന്റെ ചുവട്ടിൽ പീലി വിരിച്ചാടുന്നു. ജപ്പാൻകാരുടെ മിയാവാക്കി കാടിനെയും നമ്മുടെ തനതായ കാവിനെയും ഓർമ്മിപ്പിക്കുന്ന വൃക്ഷക്കൂട്ടത്തിൽ ഇരുനൂറു വർഷമെങ്കിലും പ്രായമുള്ള നാഗപട വള്ളികൾ!
കാടുകളും കൃഷി ചെയ്യുന്ന വൃക്ഷങ്ങൾ നൽകുന്ന ഫലങ്ങളും ഇലകളും തേനുമെല്ലാം കൂടുതൽ മെച്ചപ്പെട്ട മനുഷ്യ ഭക്ഷണമാണെന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നത്. മറ്റു വിളകളെക്കാൾ ജൈവ വൈവിദ്ധ്യം നിലനിറുത്തുന്നതിനും മനുഷ്യനു സമീകൃതാഹാരം നൽകുന്നതിനും മലിനീകരണം കുറക്കുന്നതിനും വൃക്ഷങ്ങളെ നാം ഭക്ഷണത്തിനായി കൂടുതൽ ആശ്രയിക്കുന്നതിലൂടെ സാധിക്കുമത്രേ.
മിന്നുന്നതെല്ലാം പൊന്നല്ല എന്നു പറയുന്നതു പോലെ എല്ലാ പച്ചപ്പും ഓക്സിജൻ തുരുത്തുകളാണെന്നു കരുതേണ്ട. കൃത്രിമ വളങ്ങളിട്ടു നടത്തുന്ന നെൽകൃഷി മനോഹരമായ പച്ചപ്പായി കണ്ണിനു കുളിരേകും. പക്ഷേ ഇവ നൈട്രജൻ മലിനീകരണത്തിലൂടെ അന്തരീക്ഷത്തെ മോശമാക്കുകയാണത്രേ ചെയ്യുന്നത്. നാം ഏതെങ്കിലും ചെടികളെ എന്തെങ്കിലുമൊക്കെ വളമിട്ടു വളർത്തിയിട്ട് പച്ചപ്പുണ്ടാക്കിയാലും അത് അന്തരീക്ഷ മലിനീകരണം കുറയ്ക്കും എന്നു കരുതിയാൽ തെറ്റി.
പാടങ്ങളിൽ നിന്ന് ഒലിച്ചെത്തുന്ന വളങ്ങൾ കടലിൽ കലർന്ന് കടൽപ്പുറ്റുകളും പവിഴ ദ്വീപുകളും നശിച്ചു പോകുന്നു. ലക്ഷോപലക്ഷം കടൽ ജീവികൾ അങ്ങിനെ ഭൂമുഖത്തു നിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഇത്തരം എല്ലാ നാശങ്ങളും മനുഷ്യനിലേക്കു തന്നെ തിരിച്ചെത്തി മനുഷ്യന്റെ നാശം വിതയ്ക്കുന്നു. കടലിന്റെ ഉപ്പ് ഉപ്പായിരിക്കണം... അമ്ലമാകരുത്. കാറ്റിന്റെ കുളിരിനും മണ്ണിന്റെ സുഗന്ധത്തിനും ആകാശത്തിന്റെ തെളിമയ്ക്കും മാറ്റം വന്നുവെന്നാൽ മനുഷ്യന്റെ നിലനിൽപ്പും കൂടിയാണ് അപകടത്തിൽ. തേനീച്ചകളും കുഞ്ഞാറ്റക്കുരുവികളുംപേരാലും പേരാറുമൊക്കെ നശിച്ചാലും നമുക്കൊന്നും വരില്ലായെന്നു ചിന്തിക്കുന്ന മൂഢത വിചിത്രം തന്നെ. ആ മൂഢത നമ്മെ കോവിഡിന്റെ കാളിമ നിറഞ്ഞ കാലത്തെത്തിച്ചു. മഹാമാരികൾ ഇനിയും വരുമത്രേ. സ്വാഭാവിക പ്രകൃതിയിലല്ലാതെ ഞെരുങ്ങിയ ഇടങ്ങളിൽ വളർത്തുന്ന കോഴികൾ, മാടുകൾ തുടങ്ങിയവയിൽ നിന്നായേക്കാമത്രേ ഇവ പൊട്ടിപ്പുറപ്പെട്ട് മനുഷ്യകുലം മുടിയ്ക്കുക.
ഏതാണ്ട് കൊമ്പുകളുണങ്ങിയ ഒരു വൃക്ഷം എന്റെ ശ്രദ്ധയെ ആകർഷിച്ചു. അതിനെയാകെ മൂടി ഏതോ വള്ളിപ്പടർപ്പ്. കൗതുകം തോന്നി തോട്ടത്തിൽ വളർത്താൻ ആരോ കൊണ്ടുവന്ന അന്യസ്ഥല സ്പീഷീസാവണം.
ജനങ്ങളുടെ ജൈവ വൈവിദ്ധ്യ രജിസ്റ്റർ ആദ്യമായി തയ്യാറാക്കിയ സംസ്ഥാനമാണു കേരളം. ഇതൊരു ജീവിക്കുന്ന രജിസ്റ്ററാകണം. കുട്ടികൾ ഇവ നിർമ്മിക്കുന്നതിൽ സജീവ പങ്കാളിത്തം വഹിക്കണം. അങ്ങിനെ നാടും ഭൂമിയും നശിക്കാതെ സംരക്ഷിക്കപ്പെടണം. ജൈവവൈവിദ്ധ്യം നശിച്ചാൽ ഒപ്പം മനുഷ്യരാശിയും നശിക്കും എന്ന പൂർണബോദ്ധ്യമുള്ള ഒരു തലമുറ ഇവിടെ വളരട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |