തമിഴകത്തിന്റെ 'നടിപ്പിൻ നായകൻ"
സൂര്യയ്ക്ക് കേരളത്തിലും ആരാധകരേറെയാണ്
ചെന്നൈയിലെ ലക്ഷ്മി എന്ന വീട് തമിഴ്നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടതാണ്. സിങ്കം സൂര്യയുടെ വസതി. താൻ പ്രാണനെ പോലെ സ്നേഹിക്കുന്ന അമ്മയുടെ പേരാണ് സൂര്യ വീടിന് നൽകിയത്. സൂപ്പർതാരത്തിന്റെ പൊടിപോലുമില്ല ഈ വീട്ടിൽ. കുഞ്ഞുങ്ങളോടൊപ്പം കളിക്കുന്ന, വീട്ടുകാര്യങ്ങൾ അതീവ ശ്രദ്ധയോടെ നോക്കുന്ന തനി കുടുംബനാഥൻ. ചിരിക്കുന്ന കണ്ണുകളുമായി സൂപ്പർതാരത്തിന്റെ ഭാവങ്ങളേതുമില്ലാതെ സൂര്യ.സുരൈ പോട്ര് എന്ന ചിത്രമാണ് സൂര്യയുടേതായി ഇനി തിയേറ്ററുകളിൽ എത്തുന്നത്...
സൂര്യയുടെ വിജയരഹസ്യം?
സത്യത്തിൽ ഞാനൊരിക്കലും നടനാകണമെന്ന് ആഗ്രഹിച്ചിട്ടില്ല. ജീവിതം എന്നെ സിനിമയിലേക്ക് കൊണ്ടെത്തിച്ചു. അവിടെ പിടിച്ചു നിന്നേ പറ്റൂ എന്നൊരവസ്ഥയിൽ ഓരോന്നും കഷ്ടപ്പെട്ട് പഠിച്ചെടുത്തു. ഉദാഹരണത്തിന് നൃത്തം. എന്റെ ആദ്യകാല ചിത്രങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് അത് മനസിലാകും.ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് ഞാൻ നൃത്തം ചെയ്തിരുന്നത്. ഇപ്പോൾ പല സിനിമകളിലെയും നൃത്തരംഗങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ കിട്ടുന്നു. സ്റ്റണ്ടിന്റെ കാര്യവും പ്രണയരംഗങ്ങളുടെ കാര്യവും ഏതാണ്ടിങ്ങനെയാണ്. ഇത്തരം മാറ്റങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല.
ശിവകുമാറിന്റെ മകന് എങ്ങനെ സിനിമ സ്വപ്നം കാണാതിരിക്കാനായി?
അച്ഛൻ അഭിനയിക്കാൻ പോകുന്നത് മാത്രമേ കണ്ടിട്ടുള്ളൂ. അല്ലാതെ ഒരിക്കൽ പോലും അദ്ദേഹത്തിന്റെ അഭിനയം നേരിട്ട് കണ്ടിരുന്നില്ല. ഒരു ഷൂട്ടിംഗ് സെറ്റിൽ പോലും പോയിട്ടില്ല. അങ്ങനെ ഇൻഡസ്ട്രിയുമായി ഒരു ബന്ധവുമില്ലാതെയാണ് വളർന്നത്. അതുകൊണ്ട് ഏതൊരു സാധാരണക്കാരനെയും പോലെയായിരുന്നു എന്റെയും സിനിമാ അനുഭവങ്ങൾ. ഞങ്ങളെ സാധാരണ മനുഷ്യരായി വളർത്താനായിരുന്നു അച്ഛന്റെ താത്പര്യം. മറ്റുള്ളവരോട് സംസാരിക്കാൻ ആത്മവിശ്വാസമില്ലാത്ത തീർത്തും അന്തർമുഖനായ കുട്ടിയായിരുന്നു ഞാൻ. പഠിക്കാനും മിടുക്കനായിരുന്നില്ല.
കോളേജിലെത്തിയിട്ടും സിനിമയെക്കുറിച്ച് ചിന്തിച്ചില്ലേ?
ഒരിക്കലുമില്ല. ഡിഗ്രി കഴിഞ്ഞ് കുറച്ചുകാലം ഒരു ഗാർമന്റ് ഫാക്ടറിയിൽ ജോലി ചെയ്തു. ആ സമയത്ത് വീട്ടിലെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. ഒരിക്കലും പ്രൊഡ്യൂസർമാരിൽ നിന്ന് കണക്കുപറഞ്ഞ് പണം വാങ്ങുന്ന ആളായിരുന്നില്ല അച്ഛൻ. സമ്പാദിക്കുന്നതിനെക്കാളേറെ മറ്റുള്ളവരെ സഹായിക്കാനായിരുന്നു താത്പര്യം. എനിക്കാണെങ്കിൽ അന്ന് സ്വന്തമായി ബിസിനസ് ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനുള്ള പണം അച്ഛനോട് ചോദിക്കാനും വയ്യ. ആ സമയത്താണ് അച്ഛൻ സിംഗപ്പൂരിലേക്ക് പോയത്. തിരിച്ചു വന്നപ്പോൾ സംവിധായകൻ വസന്തും ഒപ്പമുണ്ടായിരുന്നു. എയർപോർട്ടിൽ അച്ഛനെ വിളിക്കാൻ ചെന്ന എന്നെ വസന്ത് കാണുന്നത് അങ്ങനെയാണ്. അടുത്ത സിനിമയിൽ അഭിനയിക്കാമോയെന്ന് അദ്ദേഹം ചോദിച്ചു. അത് വിജയ് യും അജിത്തും അഭിനയിക്കേണ്ട സിനിമയായിരുന്നു. അജിത്ത് അവസാന നിമിഷം പിന്മാറിയതിനാലാണ് എന്നെ വിളിക്കുന്നത്. വീട്ടിലേക്ക് തിരിച്ചുപോകുമ്പോൾ വസന്ത് പറഞ്ഞതു തന്നെയായിരുന്നു മനസിൽ. പിറ്റേ ദിവസം ഞാനിക്കാര്യം എന്റെ കൂട്ടുകാരോടൊക്കെ പറഞ്ഞു. പക്ഷേ, അവർക്ക് ചിരിയായിരുന്നു. അപ്പോൾ എനിക്ക് വാശിയായി. എന്നെത്തന്നെ ചലഞ്ച് ചെയ്യണമെന്നൊരാഗ്രഹം. എന്റെ കുറവുകളെ മറികടക്കാനുള്ള ഒരവസരമാണിതെന്ന് ഉള്ളിലാരോ പറഞ്ഞു. വീട്ടിലും എന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ട സമയമെത്തിയിരുന്നു. അങ്ങനെ വസന്തിന്റെ നേർക്കുനേർ ആദ്യ സിനിമയായി. മണിരത്നമായിരുന്നു പ്രൊഡ്യൂസർ.
ബ്രേക്കിനായി ഒരുപാട് കാത്തിരിക്കേണ്ടി വന്നു?
അഭിനയ സാദ്ധ്യതയുള്ള ഒരു റോൾ കിട്ടാൻ ഏഴു വർഷത്തോളമെടുത്തു . ബാല സംവിധാനം ചെയ്ത നന്ദയാണ് ആദ്യം അഭിനന്ദനം നേടിത്തന്നത്. പിന്നെ കാക്ക കാക്ക വരെ കാത്തിരുന്നു, ബിഗ് ബ്രേക്കിനായി.
സൂപ്പർസ്റ്റാറിന് പണ്ടത്തെപ്പോലെ അന്തർ മുഖനായി ഇരിക്കാനാവുമോ?
പണ്ടത്തെ സ്വഭാവത്തിൽ നിന്ന് ഒരുപാട് മാറിയെന്നത് ശരിയാണ്. പക്ഷേ, ഞാനിപ്പോഴും കമ്മ്യൂണിക്കേഷന്റെ കാര്യത്തിൽ പിന്നിലാണ്. എന്റെ ആവശ്യങ്ങൾ അച്ഛനോടും അമ്മയോടും പറയാൻ മടിയാണ്. ഈ സ്വഭാവം കാരണം ജ്യോതികയുമായുള്ള വിവാഹക്കാര്യം പോലും അവരെ പറഞ്ഞു മനസിലാക്കാൻ കൂടുതൽ സമയം വേണ്ടി വന്നു.
ഇപ്പോഴത്തെ മാറ്റങ്ങൾക്ക് പിന്നിൽ ജോയ്ക്ക് വലിയ പങ്കുണ്ട് . ഞങ്ങൾ ആദ്യം ഒരുമിച്ച് അഭിനയിക്കുമ്പോഴേ ജോ സ്റ്റാറാണ്. ഞാനാണെങ്കിൽ സ്ട്രഗിളിംഗ് പിരീഡിലും. അതുകൊണ്ട് അങ്ങോട്ട് അധികം മിണ്ടാനൊന്നും പോകില്ലായിരുന്നു. അവർക്കത് ഇഷ്ടമായില്ലെങ്കിലോയെന്ന് സംശയം. പക്ഷേ, ജോ സെറ്റിൽ എല്ലാവരോടും ബഹുമാനത്തോടെ ഇടപെടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. പതുക്കെ ഞങ്ങൾ പരിചയപ്പെട്ടു. പിന്നെയും മൂന്ന് വർഷത്തോളം കഴിഞ്ഞാണ് ഫോൺ നമ്പർ പോലും കൈമാറുന്നത്. കാക്ക കാക്കയാണ് സിനിമയിലെയും ജീവിതത്തിലെയും വഴിത്തിരിവ്. ആ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്യപ്പെട്ടത് ജ്യോതികയാണ്. നന്ദയിലെ പെർഫോമൻസിന്റെ കാര്യം ജോയാണ് ഗൗതത്തോട് പറയുന്നത്. അപ്പോഴേക്കും ഉള്ളിലെ പ്രണയം തിരിച്ചറിഞ്ഞിരുന്നു. പ്രണയം തുടങ്ങിയപ്പോൾ തന്നെ വിവാഹിതരാകണമെന്ന കാര്യവും ഞങ്ങൾ ഉറപ്പിച്ചു.
ആദ്യം പ്രൊപ്പോസ് ചെയ്തത് ആരാണ്?
ഞങ്ങളുടെ കാര്യത്തിൽ അങ്ങനെയൊന്നും ഉണ്ടായില്ലെന്നതാണ് സത്യം. ഐ ലവ് യു പറഞ്ഞൊന്നും തുടങ്ങിയതല്ല. ചില കാര്യങ്ങളങ്ങനെയാണ്, എങ്ങനെയോ സംഭവിച്ചു പോകും.
ജോ അല്ലാതെ മറ്റൊരു ബെസ്റ്റ് ഫ്രണ്ട്?
സത്യം പറഞ്ഞാൽ അങ്ങനൊരു ക്ളോസ് ഫ്രണ്ടില്ല. അതൊരു ദുഃഖകരമായ കാര്യമാണെങ്കിലും തുറന്നു പറയാൻ മടിയില്ല. വിജയ്, അജിത്ത്, വിശാൽ, മാധവൻ തുടങ്ങി ഇൻഡസ്ട്രിയിലെ എല്ലാവരുമായും അടുപ്പമുണ്ട്.
ഒരു വീട്ടിൽ രണ്ട് സൂപ്പർതാരങ്ങൾ. കാർത്തിയുടെ അഭിനയത്തെ എങ്ങനെ കാണുന്നു?
ചെറുപ്പത്തിൽ ഞാൻ എന്തായിരുന്നോ അതിന്റെ വിപരീതമാണ് കാർത്തി. എത്ര പേരെ വേണമെങ്കിലും ഒരേസമയം എന്റർടെയ്ൻ ചെയ്യാനുള്ള കഴിവ് അന്നേ കാർത്തിക്കുണ്ട്. പഠിക്കാൻ മിടുക്കൻ. ഞാനത്ര സ്മാർട്ട് അല്ലാത്തതിനാൽ അമ്മ ചില പ്രത്യേക പരിഗണനകളൊക്കെ തന്നിരുന്നു. പക്ഷേ അന്നേ അവനോട് ചെറിയ അസൂയ തോന്നിയിരുന്നു. ഇപ്പോൾ തോന്നും ഞാനൊരു നല്ല ചേട്ടനേ ആയിരുന്നില്ലെന്ന്. കാർത്തിക്കൊരു നടനാകണമെന്ന് ആഗ്രഹമുണ്ടെന്നു പോലും എനിക്കറിയില്ലായിരുന്നു. അമേരിക്കയിൽ നിന്ന് പഠനം കഴിഞ്ഞെത്തിയ ശേഷം കാർത്തി മണിരത്നത്തിന്റെ അസിസ്റ്റന്റായി. അന്നാണ് അവന് സിനിമയാണ് താത്പര്യമെന്ന് മനസിലായത്. അക്കാര്യത്തിൽ അതുവരെ അവനെ സപ്പോർട്ട് ചെയ്യാത്തതിൽ ഞാൻ സോറി പറഞ്ഞു. പക്ഷേ, കാർത്തി പറഞ്ഞത് എന്റെ കരിയറാണ് അവന് പ്രചോദനമായതെന്നാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |