ശ്വാസകോശാർബുദത്തെ തുടർന്ന് മുംബയിലെ
ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന
ബോളിവുഡിന്റെ 'ഖൽനായക് " സഞ്ജയ് ദത്തിനെ വിദഗ് ദ
ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകും.
നടന്റെതിരിച്ചുവരവിനായി പ്രാർത്ഥനയോടെ
കാത്തിരിക്കുകയാണ് സിനിമാലോകവും ആരാധകരും
ബോളിവുഡിന്റെ സഞ്ജു ബാബ മടങ്ങിവരുന്നത് കാത്തു പ്രാർത്ഥനയിലാണ് ഹിന്ദി ചലച്ചിത്രലോകം. ശ്വാസകോശാർബുദം ബാധിച്ച സഞ്ജയ് ദത്തിനെ മുംബൈയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗം നാലാം ഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി നടനെ അമേരിക്കയിലേക്ക് കൊണ്ടു പോകുമെന്നും റിപ്പോർട്ടുകളുണ്ട്. കോവിഡ് ബാധിച്ചിട്ടുണ്ടെന്ന സംശയത്തിൽ ആഗസ്റ്റ് എട്ടിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . എന്നാൽ പരിശോധന ഫലം നെഗറ്റീവായിരുന്നു. പത്താം തീയതി ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റി . പിന്നീട് നടത്തിയ പരിശോധനയിലാണ് ശ്വാസകോശാർബുദം കണ്ടെത്തിയത്.
'സിനിമകളിൽ നിന്ന് തത്കാലം വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള ചികിത്സയ്ക്ക് വേണ്ടിയാണ് സിനിമകളിൽ നിന്ന് മാറിനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്.എന്റെ കുടുംബവും സുഹൃത്തുക്കളും പൂർണ പിന്തുണയുമായി കൂടെത്തന്നെയുണ്ട്. എന്റെ ആരാധകരാരും പേടിക്കേണ്ടതില്ല. ആവശ്യമില്ലാത്ത കിംവദന്തികളും വിശ്വസിക്കരുത്. എല്ലാം സുഖമായി ഞാൻ വേഗം തിരിച്ചുവരും"രോഗവിവരം അറിഞ്ഞതിനെതുടർന്ന് സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. പ്രിയപ്പെട്ട ബാബയ്ക്കായി പ്രാർത്ഥനാശംസകൾ നേരുകയാണ് ആരാധകർ.സഞ്ജു ഉടൻ മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ്. ബോളിവുഡിന്റെ ചരിത്രത്തിൽ സഞ്ജയ് ദത്തിനെ പോലെ വിവാദങ്ങളിൽപ്പെട്ട മറ്റൊരു താരമില്ല. ഒന്നൊഴിയാതെ വിവാദങ്ങൾ.
ഹിന്ദിയിലെ മികച്ച നടനായിരുന്ന സുനിൽ ദത്തിന്റെയും ഏക്കാലത്തെയും പ്രിയങ്കരിയായ നടി നർഗിസിന്റെയും മകൻ വെള്ളിത്തിരയിലേക്ക് വന്നത് സ്വഭാവികം. ഹിമാചൽ പ്രദേശിലെ കസോളി എന്ന സ്ഥലത്തെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. 12ാം വയസിൽ ചലച്ചിത്ര പ്രവേശം. സുനിൽ ദത്ത് അഭിനയിച്ച രേഷ്മ ഓർ ഷേര എന്ന ചിത്രത്തിലാണ് ആദ്യ അഭിനയം.1990കളിൽ സഞ്ജയ് ദത്ത് മാധുരി ദീക്ഷിത് പ്രണയം ഏറെ ചർച്ച ചെയ്യപെട്ടിരുന്നു. ഒട്ടനവധി ചിത്രങ്ങളിൽ ഇരുവരും ജോഡികളായി അഭിനയിച്ചിരുന്നു.ഗോസിപ്പ് കോളങ്ങളിൽ ഇരുവരും നിറഞ്ഞത് ഏറെ ചർച്ചയായി.
1993ലെ മുംബയ് സ്ഫോടനകേസുമായി ബന്ധപ്പെട്ട് സഞ്ജയ് ദത്ത് ആറു വർഷം ജയിൽ ശിക്ഷ അനുഭവിച്ചു . തീവ്രവാദ ബന്ധവും ആയുധം കൈവശം വച്ചതും കുറ്റം ചുമത്തിയാണ് ശിക്ഷ ലഭിച്ചത്. പിന്നീട് 2007 ആഗസ്റ്ര് 20ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. 58 വയസു വരെയുള്ള ജീവിതത്തിനിടയ്ക്ക് സഞ്ജയ് ദത്ത് പല ജീവിതങ്ങളിൽ ജീവിച്ചു എന്നതാണ് സത്യം. വിചിത്രമായ ആ ജീവിത വഴികൾ തേടിയുള്ള അന്വേഷണമായിരുന്നു രാജ് കുമാർ ഹിരാനിയുടെ സഞ്ജു എന്ന ചിത്രം. എൺപതുകളിൽ ലോകത്ത് ലഭ്യമായിരുന്ന എല്ലാ ലഹരി വസ്തുക്കളുടെയും അടിമ ആയ സഞ്ജു എന്ന നായക കഥാപാത്രമായിരുന്നു സിനിമയിലേത്.ഇത്രയും കാലത്തിനിടയ്ക്ക് ഒരു മനുഷ്യനു സാധ്യമായ ദൂരങ്ങൾ താണ്ടി നിൽക്കുന്ന ആളാണ് ആ സിനിമയിലെ നായകൻ. ഈ ദൂരങ്ങളെ കുറിച്ച് അയാൾ തന്നെ നടത്തുന്ന തിരനോട്ടമായിരുന്നു സഞ്ജു എന്ന ചിത്രം.
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സഞ്ജയ് ദത്തുമായി തോളോട് തോൾ ചേർന്ന് ഒരേ ഫ്രെയിമിൽ എടുത്ത ചിത്രത്തിന് നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചത്. ഇവർ ഒന്നിക്കുന്ന ചിത്രത്തിന് മലയാള സിനിമ ലോകവും ഊറ്റുനോക്കുകയാണ് . ലൂസിഫർ രണ്ടാം ഭാഗമായ എമ്പുരാനിലാണോ, മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിലാണോ എന്ന ചോദ്യങ്ങൾ പിന്നാലെ ഉയർന്നു. സഡക് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ സഞ്ജയ് ദത്ത് വേഷമിട്ടിട്ടുണ്ട്. ഈ മാസം അവസാനം ഒ .ടി .ടി .പ്ലാറ്റ്ഫോമിലൂടെ ചിത്രം പുറത്തുവിടുന്നതായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. 1991 ൽ പുറത്തിറങ്ങിയ സഡക് എന്ന ചിത്രത്തിൽ സഞ്ജയ് ദത്തും പൂജ ഭട്ടുമായിരുന്നു പ്രധാന കഥാപാത്രമായി എത്തിയിരുന്നത്. തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ച കെ .ജി .എഫിന്റെ രണ്ടാം ഭാഗത്തിൽ വില്ലനായി സഞ്ജയ് ദത്ത് വേഷമിടുന്നു എന്ന വാർത്ത ആരാധകരെ ഇരട്ടി സന്തോഷത്തിലാക്കിയിരുന്നു. വില്ലൻ കഥാപാത്രമായ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. താരത്തിന്റ അറുപതാം പിറന്നാളിനായിരുന്നു കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |