തിരുവനന്തപുരം: നിറകണ്ണുകളോടെ ശവമഞ്ചം തോളിലേറ്റി ശാന്തികാവടത്തിലേക്ക് വരുമ്പോൾ അമ്മയെ അവസാനമായി ഒരുനോക്ക് കാണാനായതിന്റെ ആശ്വാസമുണ്ടായിരുന്നു സുരേഷിന്. കൊവിഡ് ബാധിച്ച് മരിച്ച അമ്മയെ കാണാനാകുമെന്ന പ്രതീക്ഷ നൽകിയതും അതിന് അവസരമൊരുക്കിയതും തിരുവനന്തപുരം നഗരസഭയും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനുവും ചേർന്നാണ്.
അവിവാഹിതനും തിരുവനന്തപുരം പി.എം.ജിയിലെ ചുമട്ടു തൊഴിലാളിയുമായ
സുരേഷിന് അമ്മയായിരുന്നു എല്ലാം. കിടപ്പിലായിരുന്ന അമ്മയെ മറ്റാരെയും ആശ്രയിക്കാതെയാണ് സുരേഷ് നോക്കിയിരുന്നത്. രണ്ടുവർഷത്തിലേറെയായി ഫോർട്ട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തുന്ന നിർമ്മലയ്ക്ക് (66)ആഗസ്റ്റ് ഒന്നിനാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. എവിടെ നിന്ന് രോഗം ബാധിച്ചെന്നുമറിയില്ല. ഇതോടെ അമ്മ മെഡിക്കൽ കോളേജ് ആശുപത്രിയിലും സുരേഷ് വീട്ടിലും നിരീക്ഷണത്തിലായി. അമ്മയെ കാണാനെത്തിയിരുന്ന സഹോദരി ലക്ഷ്മിയും ക്വാറന്റെെനിലായി. ചികിത്സയിലിരിക്കെ അമ്മയുടെ നില വഷളായെന്നറിഞ്ഞെങ്കിലും തനിക്കായി മടങ്ങിവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു സുരേഷിന്. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ നിർമ്മല പോയെന്ന വാർത്തയാണെത്തിയത്. അന്ത്യയാത്രയ്ക്കുമുമ്പ് അമ്മയെ അവസാനമായൊന്നു കാണാനുള്ള ആഗ്രഹം പലരെയും അറിയിച്ചെങ്കിലും നിരീക്ഷണത്തിലായതിനാൽ ബുദ്ധിമുട്ടാകുമെന്ന് അറിയിക്കുകയായിരുന്നു. പിന്നീടാണ് കൈയിലുണ്ടായിരുന്ന ഐ.പി ബിനുവിന്റെ നമ്പറിൽ ബന്ധപ്പെടുന്നത്. തുടർന്ന് അദ്ദേഹം ഇടപെട്ട് കാര്യങ്ങൾ വേഗത്തിലാക്കി. പി.പി.ഇ കിറ്റ് അണിയിച്ച് അമ്മയെ കാണിക്കാം എന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചതോടെ ആ ജോലിയും ബിനു ഏറ്റെടുത്തു. പി.പി.ഇ കിറ്റ് ധരിച്ച് പെരുന്താന്നിയിലെ വീട്ടിലെത്തി സുരേഷിനെയും പി.പി. ഇ കിറ്റ് ധരിപ്പിച്ച് നഗരസഭയുടെ വാഹനത്തിൽ മോർച്ചറിയിലെത്തിച്ച് അമ്മയെ കാണിച്ചു. തുടർന്ന് ശവമഞ്ചം തോളിലേറ്റി സുരേഷിനൊപ്പം ബിനുവും ശാന്തികവാടത്തിലെത്തി, മൃതദേഹം ദഹിപ്പിച്ചു. മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.സുരേഷിന്റെയും ലക്ഷ്മിയുടെയും നിരീക്ഷണ കാലയളവ് നാളെ പൂർത്തിയാകും. ഇതിനുശേഷം അമ്മയുടെ ചിതാഭസ്മം ഏറ്റുവാങ്ങി ചടങ്ങുകൾ നടത്തുമെന്ന് സുരേഷ് പറഞ്ഞു.
പൊട്ടിക്കരഞ്ഞുകൊണ്ടാണ് സുരേഷ് വിളിച്ചത്.അമ്മ നഷ്ടപ്പെട്ട വേദന എനിക്ക് നന്നായി അറിയാം. അതുകൊണ്ടാണ് മുൻകെെ എടുത്തത്.
-ഐ.പി ബിനു ,തിരുവനന്തപുരം നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |