തിരുവനന്തപുരം: സൗജന്യ ഓണക്കിറ്റ് വിതരണവും ഓണം സ്പെഷ്യൽ റേഷൻ വിതരണവും തുടങ്ങിയപ്പോൾ തന്നെ റേഷൻ കടകളിലെ ഇ- പോസ് മെഷീനുകൾ തകരാറിലാകുന്നു എന്ന പരാതിയും വ്യാപകമായി. എന്നാൽ പരാതിക്കു പിന്നിൽ റേഷൻ വെട്ടിപ്പ് നടത്താനുള്ള ഗൂഢനീക്കമുണ്ടെന്നാണ് സിവിൽ സപ്ളൈസ് വകുപ്പ് സംശയിക്കുന്നത്.
ഒരു കടയിൽ ഇ-പോസ് പ്രവർത്തിക്കുമ്പോൾ അടുത്ത കടയിൽ നിശ്ചലമാകുന്ന അവസ്ഥയാണ് ഉള്ളതെന്നാണ് വ്യാപാരികളിൽ ചിലരുടെ പരാതി. ഒരു ഉപഭോക്താവിന് ഇരുപതിൽ കൂടുതൽ മിനിട്ട് വിതരണത്തിന് വേണ്ടിവരുന്നു. ചിലയിടങ്ങളിൽ നെറ്റ്‌വർക്ക് കുറയുന്നതും പ്രശ്നമാകുന്നുണ്ട്. ഇപ്പോഴത്തെ തകരാർ പരിഹരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ ആഗസ്റ്റ് 19 ന് സൂചനാ കടയടപ്പുസമരം നടത്തുമെന്ന് സംയുക്ത സമിതി നേതാക്കളായ ജോണി നെല്ലൂർ, കാടാമ്പുഴ മൂസ, ടി.മുഹമ്മദാലി, സുരേന്ദ്രൻ ഇ.അബൂബക്കർ ഹാജി എന്നിവർ അറിയിച്ചു.
അതേസമയം ഇ പോസിലെ തകരാറുകൾ ഏതെണ്ടെല്ലാം പരിഹരിച്ചുവെന്ന് ഭക്ഷ്യവകുപ്പ് അധികൃതർ അറിയിച്ചു. നെറ്റ് വർക്ക് മന്ദഗതിയിലാകുന്ന കടകളിൽ ഉപയോഗിക്കുന്ന ബി.എസ്.എൻ.എൽ സിമ്മിനു പകരം ജിയോയുടെ സിം നൽകുന്ന പദ്ധതി സിവിൽ സപ്ളൈസ് ഡയറക്ടറേറ്റ് സർക്കാരിന് സമർപ്പിച്ചു. അതുകൂടി അനുവദിക്കുന്നതോടെ ആ പ്രശ്നവും പരിഹരിക്കപ്പെടുമത്രെ.
ഇ-പോസ് ആകെ തകരാറിലാണെന്ന് വരുത്തിത്തീർത്ത് മാന്വലായി റേഷൻ വിതരണം നടത്താൻ ശ്രമിക്കുന്ന വ്യാപാരികളും ഉണ്ടെന്നാണ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. മാന്വലായി വിതരണം ചെയ്താൽ ക്രിത്രിമം നടത്താൻ കഴിയും. അത് അനുവദിക്കേണ്ടെന്ന നിലപാടിലാണ് വകുപ്പ്. റേഷൻ വിതരണം ഇ-പോസ് മുഖാന്തരം ബയോ മെട്രിക് പഞ്ചിംഗിലൂടെയോ ഒ.ടി.പി പ്രകാരമോ വേണമെന്ന് കേന്ദ്ര സർക്കാരിന്റെ കർശന നിർദ്ദേശമുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സൗജന്യ ഓണക്കിറ്റ്
വിതരണം ആരംഭിച്ചു.
തിരുവനന്തപുരം: റേഷൻ കടകൾ വഴി സൗജന്യ ഓണക്കിറ്റുകളുടെ വിതരണം ഇന്നലെ ആരംഭിച്ചു. സംസ്ഥാനതല ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കാഞ്ഞിരംപാറ എ.ആർ.ഡി 32ൽ നടന്ന ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി പി. തിലോത്തമൻ കിറ്റുകളുടെ ആദ്യ വിതരണവും നടത്തി. പതിനൊന്ന് ഇനങ്ങൾ ഉൾപ്പെട്ട അഞ്ഞൂറ് രൂപ വിലയുള്ള കിറ്റാണ് പദ്ധതി പ്രകാരം പൊതുവിതരണ കേന്ദ്രങ്ങൾ വഴി ജനങ്ങൾക്ക് ലഭ്യമാക്കുന്നത്. ആദ്യഘട്ടത്തിൽ അന്ത്യോദയ കാർഡുടമകൾക്കാണ് കിറ്റ് ലഭിക്കുക. ആഗസ്റ്റ് 27 ന് മുൻപ് മറ്റ് വിഭാഗങ്ങൾക്കും കിറ്റ് ലഭ്യമാക്കും.
ഓണക്കിറ്രിലുള്ളത്
പഞ്ചസാര - 1കിലോഗ്രാം
ശർക്കര - 1 കിലോഗ്രാം
പയർ- 500 ഗ്രാം
ഗോതമ്പ് നുറുക്ക്- 1 കിലോഗ്രാം
വെളിച്ചെണ്ണ- 500 മി.ലി
സേമിയ/പലട- 1 പായ്ക്കറ്റ്
മുളക് പൊടി- 100 ഗ്രാം
മല്ലിപ്പൊടി- 100 ഗ്രാം
മഞ്ഞൾ പൊടി- 100 ഗ്രാം
സാമ്പാർപൊടി - 100 ഗ്രാം
പപ്പടം- 1 പായ്ക്കറ്റ് (12 എണ്ണം)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |