ന്യൂഡൽഹി: രാപ്പകൽ പണിയെടുത്തിട്ടും ശമ്പളം കിട്ടാതെ, ജീവിക്കാൻ നട്ടം തിരിയുന്നവരേറെയുണ്ട്. എന്നാൽ മരിച്ചിട്ടും ശമ്പളം മുടങ്ങാതെ ലഭിച്ചാലോ? അതും ഒന്നരവർഷക്കാലം!. ഉത്തർപ്രദേശിലെ പിലിബിത്തിലാണ് അത്തരമൊരു സംഭവം നടന്നത്. 2016 മേയിൽ മരിച്ച അദ്ധ്യാപകൻ അരവിന്ദ് കുമാറിന്റെ അക്കൗണ്ടിലേക്കാണ് ഒന്നരവർഷ കാലം മുടങ്ങാതെ ശമ്പളം എത്തിയത്. ബിൽസാന്ദ പ്രൈമറി സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു അരവിന്ദ് കുമാർ. ആശ്രിത നിയമനത്തിന്റെ ഭാഗമായി ഭാര്യ അപേക്ഷ നൽകിയതിനെ തുടർന്ന് രേഖകൾ പരിശോധിച്ചപ്പോഴാണ് വീഴ്ച കണ്ടെത്തിയത്. ബേസിക് ശിക്ഷാ അധികാരിയാണ് ക്രമക്കേട് കണ്ടെത്തിയത്. തുടർന്ന് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു. അശോക് കുമാറിന്റെ രേഖകൾ അക്കൗണ്ട് സെക്ഷൻ പരിശോധിച്ചപ്പോഴാണ് മരിച്ചശേഷവും ഒന്നരവർഷ കാലം ശമ്പളം അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തതായി കണ്ടെത്തിയത്. സാലറി ഷീറ്റ് സ്‌കൂളിലെ പ്രഥമാദ്ധ്യാപകനാണ് തയ്യാറാക്കുന്നത്. ഇത് ബ്ലോക്ക് എജ്യുക്കേഷൻ ഓഫീസറിന് സമർപ്പിക്കുന്നതാണ് പതിവ്. അക്കൗണ്ട് സെക്ഷനാണ് അക്കൗണ്ടിൽ ശമ്പളം ക്രെഡിറ്റ് ചെയ്യേണ്ടതിന്റെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |