ന്യൂഡൽഹി: സ്വാതന്ത്ര്യ ദിന ആഘോഷങ്ങൾ ആരംഭിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കൊവിഡ് സാഹചര്യം മൂലം ഇത്തവണത്തെ സ്വന്തന്ത്ര്യ ദിനാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമെന്നും രാഷ്ട്രപതി വ്യക്തമാക്കി.
കൊവിഡ് രോഗത്തിനെതിരെയുള്ള ആരോഗ്യ പ്രവർത്തകരുടെ പോരാട്ടത്തിന് രാജ്യം അവരോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗബാധയുടെ സാഹചര്യം എല്ലാത്തരം പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്നും രോഗവ്യാപനം വലിയ ആഘാതമാണ് സൃഷ്ടിച്ചുള്ളതെന്നും കൂടി കൂട്ടിച്ചേർത്തു.
കൊവിഡ് ഉയർത്തിയ വെല്ലുവിളികൾക്കെതിരെ കേന്ദ്ര സർക്കാർ മനുഷ്യാതീതമെന്നവണ്ണമാണ് നടപടികൾ കൈക്കൊണ്ടതെന്നും ഇതുമൂലം നമ്മുക്ക് രോഗത്തിനുമേൽ നിയന്ത്രണം നേടാൻ കഴിഞ്ഞുവെന്നും രാജ്യത്തെ ഒട്ടനവധി ജനങ്ങളുടെ ജീവനുകൾ രക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു.
ഇതുവഴി ലോകത്തിനുതന്നെ മാതൃകയായി മാറാൻ ഇന്ത്യക്ക് കഴിഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്തെ ആരോഗ്യപ്രവർത്തകർ തങ്ങളുടെ കഴിവിനും അപ്പുറം രോഗത്തിനെതിരെ പോരാടിയെന്നും ആവശ്യസേവനങ്ങൾ ഉറപ്പാക്കുന്നതിലൂടെ ജീവനുകൾ രക്ഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അഭിസംബോധനയ്ക്കിടെ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമാണത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. പത്ത് ദിവസങ്ങൾക്ക്ക് മുൻപ് ആരംഭിച്ച രാമക്ഷേത്രത്തിന്റെ നിർമാണത്തിൽ ഇന്ത്യക്കാർ അഭിമാനിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
'ഇന്ത്യയ്ക്ക് സ്വയംപര്യാപ്തത' എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും അദ്ദേഹം ശ്ലാഘിച്ചു. ഇന്ത്യയുടെ സ്വയംപര്യാപ്തത എന്നാൽ ആരെയും അകറ്റിനിർത്താതെയും ലോകത്തിൽ അകൽച്ചകൾ സൃഷ്ടിക്കാതെയുമുള്ള സ്വാശ്രയത്വമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |