SignIn
Kerala Kaumudi Online
Sunday, 06 July 2025 10.47 PM IST

ആരുമറിഞ്ഞില്ല, ആലപ്പുഴയ്ക്ക് ഒരു വയസുകൂടിയായെന്ന്

Increase Font Size Decrease Font Size Print Page
alappey

ആലപ്പുഴ ജില്ലയുടെ ഒരു പിറന്നാൾ കൂടി ആരുമറിയാതെ കടന്നുപോയി. ജില്ല രൂപീകൃതമായിട്ട് 63 വർഷം കഴിഞ്ഞു. പക്ഷേ ജില്ലയുടെ പേരിൽ എം.പി മാരും എം.എൽ.എ മാരും മന്ത്രിമാരും മറ്റനേകം പദവികളിലുമെത്തിയ ഒരു വിദഗ്ദ്ധൻ പോലും ഈ പിറന്നാൾ ആഘോഷിച്ചില്ല. കാരണം പറയാൻ ഒരു കൊവിഡുണ്ടല്ലോ?പ്രത്യേകിച്ച് ഒരു പാർട്ടിയിലും ചേർന്നിട്ടില്ലാത്തതിനാൽ കൊവിഡിനോട് ആർക്കും താത്പര്യവുമില്ല.

ആലപ്പുഴ ജില്ലാ കോടതിയുടെ തിരുമുറ്റത്ത് എന്തിന് വേണ്ടിയെന്നറിയാതെ വളർന്ന് , കോടതി പരിസരമായതിനാൽ കുമ്പിട്ട് നിൽക്കുന്ന ഒരു തെങ്ങുണ്ട്. ഇനവും ഗുണവും നോക്കാതെ, ഇ.എം.എസ് എന്നൊരു മുഖ്യമന്ത്രി , നട്ട തെങ്ങ്. ജില്ലയുടെ രൂപീകരണത്തിലുള്ള ഓർമ്മയ്ക്കായാണ് തെങ്ങു നട്ടത്. അതിന്റെ തണൽ പറ്റി നടന്നു നീങ്ങിയ നേതാക്കൾക്ക് പോലും ഇപ്പോഴും അറിയില്ല, ഈ തെങ്ങ് എന്തിനാണ് ഇങ്ങനെ വെയിൽ കായുന്നതെന്ന്.

ജില്ല രൂപീകരണത്തിന് ഒപ്പുവച്ച അന്നത്തെ റവന്യൂ മന്ത്രി, പെൺകരുത്ത് എന്താണെന്ന് , ഫെമിനിസ്റ്റ് സംഘടനകളും പുരോഗമന വാദികളും ഇല്ലാതിരുന്ന കാലത്ത് കാട്ടിത്തന്ന കെ.ആർ.ഗൗരിയമ്മ ചാത്തനാട്ടെ വീട്ടിലുണ്ട്. ത്യാഗോജ്വലമായ പ്രവർത്തനത്തിലൂടെ എം.എൽ.എയും മന്ത്രിയുമൊക്കെയായ ജി.സുധാകരൻ, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധനും മന്ത്രിയുമായ ഡോ.തോമസ് ഐസക്ക്, ഭക്ഷ്യവകുപ്പ് നന്നായി കൈകാര്യം ചെയ്യുന്ന പി.തിലോത്തമൻ തുടങ്ങിയവർ ആലപ്പുഴയിൽ നിന്ന് ജനപ്രതിനിധികളായ മന്ത്രിമാരാണ്. 55 വയസ് കഴിഞ്ഞാൽ ആരും രാഷ്ട്രീയത്തിൽ വേണ്ടെന്ന് സ്വയം ഉദ്ബോധനമുണ്ടായ, സജി ചെറിയാൻ, പ്രതിപക്ഷനേതാവായി മാസ്കും കെട്ടി , പിണറായിയെ കെട്ടുകെട്ടിക്കാൻ ദൃഢശപഥം ചെയ്തിട്ടുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ ഉഗ്രപ്രതാപികൾ ഉള്ള ജില്ലയാണ്. അധികമൊന്നും വേണ്ട, ഒരു വാക്ക്, ജില്ല ജനിച്ചിട്ട് 63 വയസായെന്ന്. എവിടെ നിന്നൊക്കെയോ ആലപ്പുഴയിലെത്തി, ഇവിടുത്തെ ജനങ്ങളുടെ കാരുണ്യവും കൈപ്പുണ്യവും കൊണ്ട് അധികാരത്തിന്റെ ദന്തഗോപുരങ്ങളിലെത്തിയ നിരവധി ശ്രേഷ്ഠന്മാർ പുറമെ. പക്ഷെ ആരും ഓർത്തില്ല, ആലപ്പുഴയെന്ന ജില്ലയെ.

ആലപ്പുഴയിലെ പ്രമുഖ വ്യവസായി ആയിരുന്ന എസ്.വീരയ്യ റെഡ്യാരുടെ നേതൃത്വത്തിലുള്ള ഒരു ജനകീയ സമിതിയുടെ പരിശ്രമമാണ് ജില്ല രൂപീകരണത്തിന് പിന്നിലുണ്ടായിരുന്നത്. അന്നത്തെ കേരള മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടാണ് ഉദ്ഘാടനം നടത്തേണ്ടത്. ഫാക്‌ടറികളും പണിശാലകളും കൊണ്ട് സമൃദ്ധമായിരുന്നു ആലപ്പുഴ നഗരം അന്ന്. എല്ലാ പണിശാലകൾക്കും ഫാക്‌ടറികൾക്കും അന്നത്തെ ജോലി സമയത്തിൽ ഇളവ് നൽകി. രാവിലെ ആലപ്പുഴ നഗരസഭയിലെ സൈറൺ മുഴങ്ങിയതോടെ എല്ലാ ദേവാലയങ്ങളിലും കൂട്ടമണി മുഴങ്ങി. നഗരത്തിലെ വീടുകളും സ്ഥാപനങ്ങളും കൊടിതോരണങ്ങൾ കൊണ്ട് അലങ്കരിച്ചു. ജില്ലാ കോടതി വിളപ്പിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ചാലയിൽ പി.കെ.പണിക്കരായിരുന്നു അദ്ധ്യക്ഷൻ. നഗരസഭാ ചെയർമാനായിരുന്ന എ.ആർ.സുലൈമാൻ സേഠ് സ്വാഗതവും എസ്.ഡി.വി സ്ഥാപനങ്ങളുടെ സ്ഥാപകൻ പാർത്ഥസാരഥി അയ്യങ്കാർ നന്ദിയും പറഞ്ഞു.

ഉദ്ഘാടന നോട്ടീസും

വ്യത്യസ്തം

രാഷ്ട്രീയത്തിൽ എപ്പോഴും എന്തും സംഭവിക്കാമെന്ന ഉറപ്പുള്ളവരായിരുന്നു അന്നത്തെ ജില്ലാ രൂപീകരണ മുന്നേറ്റത്തിന്റെ സംഘാടകർ. അതുകൊണ്ട് തന്നെ രാജവിളംബരം പോലെ പുറത്തിറക്കിയ നോട്ടീസിൽ ഉദ്ഘാടകന്റെ പേരിന്റെ സ്ഥാനത്ത് കേരള മുഖ്യമന്ത്രി എന്നാണ് ചേർത്തിരുന്നത്. അന്ന് സംസ്ഥാനം ഭരിച്ചിരുന്നത് കമ്യൂണിസ്റ്റ് മന്ത്രി സഭയായിരുന്നെങ്കിലും ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി വാദിക്കാൻ കോൺഗ്രസുകാരും കമ്യൂണിസ്റ്റുകാരും ഒറ്റക്കെട്ടായി നിന്നു. ജില്ലാ രൂപീകരണ സമതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് മുൻ മന്ത്രി ടി.വി തോമസും കെ.ആർ.ഗൗരിയമ്മയും ആയിരുന്നു.

കോട്ടയം, കൊല്ലം ജില്ലകളുടെ ഭാഗമായിരുന്ന പ്രദേശങ്ങൾ വേർപെടുത്തിയാണ് ആലപ്പുഴ ജില്ല രൂപീകരിക്കുന്നത്. കിഴക്കിന്റെ വെനീസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന, തോടുകളുടെയും പുഴകളുടെയും നഗരമായ ആലപ്പുഴ ഇന്ന് കേരളത്തിലെ ഏറെ പ്രസിദ്ധമായ ടൂറിസം കേന്ദ്രവും കൂടിയാണ്. കുട്ടനാടിന്റെ ഹരിതഭംഗി വാക്കുകളാൽ വർണിക്കാനുമാവില്ല.

ഇതു കൂടി കേൾക്കണെ

21.3 ലക്ഷത്തോളം ജനസംഖ്യയാണ് ഒടുവിലത്തെ സെൻസസ് പ്രകാരം ആലപ്പുഴയിലുള്ളത്. ആറുതാലൂക്കുകളും 73 പഞ്ചായത്തുകളും ഉൾപ്പെട്ട ജില്ല വലിപ്പത്തിൽ അല്പം കുഞ്ഞനെങ്കിലും ഇവിടുത്തെ തീരദേശവും കായലും കയറും കരിമണലും കരിമീനുമൊക്കെ പല മേഖലകളിലുമുള്ളവർക്ക് പ്രിയപ്പെട്ടതാണ്. പക്ഷെ അവരും ഓർത്തില്ല, ആലപ്പുഴയ്ക്ക് ഒരു വയസു കൂടിയായെന്ന്.

TAGS: ALAPPUZHA DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.