കൊല്ലം ജില്ലയിൽ വിജയിക്കുന്ന മുന്നണി കേരളം ഭരിക്കുമെന്നാണ് ചരിത്രം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 11 സീറ്റും നേടിയ ഇടതുമുന്നണി കേരള ഭരണവും പിടിച്ചു. അടുത്ത തിരഞ്ഞെടുപ്പിന് ഇനി മാസങ്ങൾ മാത്രം. അതിനു മുന്നോടിയായെത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ലിറ്റ്മസ് പരീക്ഷണമായിരിക്കും.
കൊവിഡ് പ്രഭാവത്തിൽ തണുത്തുറഞ്ഞു കിടന്ന തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂട്പിടിക്കുകയാണ്. വരുന്ന ഒക്ടോബറിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കും. നവംബറോടെ പുതിയ ഭരണസമിതികൾ ചുമതലയേൽക്കേണ്ടതിനാൽ രാഷ്ട്രീയപാർട്ടികൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് ചുവട് വയ്ക്കുകയാണ്. കൊവിഡിനൊപ്പം രാഷ്ട്രീയ വിവാദങ്ങളും സംസ്ഥാനത്ത് സജീവമായതിനാൽ ഇടത്, വലത് മുന്നണികൾക്കൊപ്പം ബി.ജെ.പിയും ഈ തിരഞ്ഞെടുപ്പിൽ അരയും തലയും മുറുക്കി പോരാട്ടത്തിനിറങ്ങും. വരുന്ന മേയിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടതിനാൽ അതിനു മുന്നോടിയായുള്ള ഹിതപരിശോധനയായി തദ്ദേശ തിരഞ്ഞെടുപ്പ് മാറുമെന്നതിൽ സംശയമില്ല. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും രാഷ്ട്രീയപാർട്ടികൾക്ക് ഇനിയുള്ള നാളുകൾ ഉറക്കമില്ലായ്മയുടേതാകും.
ജില്ലയിൽ 68 ഗ്രാമപഞ്ചായത്തുകൾ, 11 ബ്ളോക്ക് പഞ്ചായത്തുകൾ, ജില്ലാ പഞ്ചായത്ത്, നാല് നഗരസഭകൾ, കൊല്ലം കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. 2015 ലെ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും കോർപ്പറേഷനും അടക്കം ഭൂരിഭാഗം തദ്ദേശസ്ഥാപനങ്ങളും എൽ.ഡി.എഫ് നിയന്ത്രണത്തിലാണ്. ഇത് നിലനിർത്താൻ എൽ.ഡി.എഫും കൂടുതൽ തദ്ദേശസ്ഥാപനങ്ങളുടെ ഭരണം പിടിച്ചെടുക്കാൻ യു.ഡി.എഫും തന്ത്രങ്ങൾ ആസൂത്രണം ചെയ്ത് തുടങ്ങി. നില കൂടുതൽ മെച്ചപ്പെടുത്താനാണ് ബി.ജെ.പിയുടെ ശ്രമം.
2015 ലെ രാഷ്ട്രീയ കാലാവസ്ഥയല്ല ഇപ്പോഴത്തേത്. കൊവിഡിന് പുറമെ സ്വർണ്ണ കള്ളക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വിവാദങ്ങളിൽ ഉഴലുന്ന ഇടതുമുന്നണിക്ക്, വിശേഷിച്ച് സി.പി.എമ്മിന് കടുത്ത പരീക്ഷണമാകും നേരിടേണ്ടി വരിക. പരീക്ഷണത്തെ അതിജീവിച്ചാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസമേറും. എന്നാൽ രാഷ്ട്രീയ വിവാദങ്ങൾ മുതലാക്കി കൂടുതൽ നേട്ടം കൊയ്യാമെന്ന് യു.ഡി.എഫിന്റെയും കോൺഗ്രസിന്റെയും ക്യാമ്പുകളിൽ പ്രതീക്ഷ ഉയർന്നിട്ടുണ്ട്. ബി.ജെ.പിയും തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽ കൂടുതൽ ശ്രദ്ധയൂന്നുകയാണ്. കഴിഞ്ഞദിവസം ഡി.സി.സി ഓഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനത്തോടനുബന്ധിച്ച് കോൺഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാം കൊല്ലത്തെത്തിയിരുന്നു. ഐക്യത്തോടെ പ്രവർത്തിക്കേണ്ട സാഹചര്യം നേതാക്കളെല്ലാം ഉയർത്തിക്കാട്ടിയത് കോൺഗ്രസ് അണികളിലും ഘടകകക്ഷി അണികളിലും ആവേശം പകർന്നിട്ടുണ്ട്.
കൊല്ലം കോർപ്പറേഷൻ രൂപീകരിച്ച 2000 മുതലിങ്ങോട്ട് നടന്ന നാല് തിരഞ്ഞെടുപ്പുകളിലും എൽ.ഡി.എഫിന് തന്നെയായിരുന്നു വിജയം. ജില്ലാ പഞ്ചായത്തിലെയും സ്ഥിതി മറിച്ചല്ല. നിലവിൽ ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റെ കൈവശമാണെങ്കിലും കഴിഞ്ഞ വർഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നടത്തിയ അട്ടിമറി വിജയം എൽ.ഡി.എഫിനെ നിരാശപ്പെടുത്തി. എങ്കിലും തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് രീതിയെ അത് ബാധിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലാണവർ. കൊല്ലം കോർപ്പറേഷനിലടക്കം ഇടതുമുന്നണി ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും തുറന്നുകാട്ടാൻ തന്നെയാണ് യു.ഡി.എഫ് തീരുമാനം. കൊല്ലം കോർപ്പറേഷനിൽ എൽ.ഇ.ഡി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടും കൗൺസിൽ യോഗം അംഗീകരിച്ച ശേഷം മിനിറ്റ്സ് തിരുത്തിയ വിവാദവും ഇനിയും കെട്ടടങ്ങിയിട്ടില്ല. മിനിറ്റ്സ് തിരുത്തൽ വിവാദത്തിൽ ഭരണ കക്ഷികളായ സി.പി.ഐയും സി.പി.എമ്മും തമ്മിൽ വരെ ഇടഞ്ഞിരുന്നു. ഇക്കാര്യത്തിൽ മേയർ ഹണി ബഞ്ചമിനെതിരെ സ്വന്തം പാർട്ടിയായ സി.പി.ഐയിൽ നിന്ന് പോലും എതിർപ്പുയർന്നു. ഈ സാഹചര്യങ്ങൾ മുതലാക്കി കോർപ്പറേഷൻ ഭരണം പിടിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ എൻ.പീതാംബര കുറുപ്പ്, സി.ആർ ജയപ്രകാശ് എന്നിവർക്ക് കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ചുമതല നൽകിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പ്രത്യേക കലണ്ടർ തന്നെ തയ്യാറാക്കി വാർഡ് തലത്തിൽ പാർട്ടിപ്രവർത്തനം ഏകോപിപ്പിക്കാനാണ് ശ്രമമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. ഗ്രാമപഞ്ചായത്തുകളുടെ ചുമതല ഡി.സി.സി ജനറൽ സെക്രട്ടറിമാർക്ക് വീതിച്ചു നൽകിയതായും അവർ അറിയിച്ചു.
എൽ.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപന ഭരണസമിതികൾ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ക്യാമ്പെയിൻ തുടങ്ങിയതായി സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പറഞ്ഞു. ഇതിനായി വാട്സ് ആപ്പ് കൂട്ടായ്മകൾ ഉപയോഗിക്കുന്നുണ്ട്. വാർഡ്, ബൂത്തടിസ്ഥാനത്തിൽ തന്നെ പാർട്ടി കമ്മിറ്റികൾ മാസങ്ങൾക്ക് മുമ്പേ രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.
തങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് തീരുമാനമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി ഗോപകുമാർ പറഞ്ഞു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.സുധീറിന് കൊല്ലം കോർപ്പറേഷന്റെ ചുമതല നൽകി. 55 ഡിവിഷനുകളിലും കമ്മിറ്റികൾ രൂപീകരിച്ചു. ഗ്രാമപഞ്ചായത്തുകളുടെ ചുമതല ജില്ലാ ഭാരവാഹികൾക്കും 4 നഗര സഭകളിലെ ചുമതല ജില്ലാ, സംസ്ഥാന ഭാരവാഹികൾക്കും നൽകിയതായും ബി.ബി ഗോപകുമാർ പറഞ്ഞു.
തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് രാഷ്ട്രീയ പാർട്ടികൾ നീങ്ങുമ്പോഴും ജനങ്ങൾ ആശങ്കയിലാണ്. കൊവിഡ് വ്യാപനം അനുദിനം വർദ്ധിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സാമൂഹിക അകലവും കൊവിഡ് മാനദണ്ഡങ്ങളും എത്രത്തോളം പാലിക്കാൻ കഴിയുമെന്നതിലാണ് ജനങ്ങളുടെ ആശങ്ക. കൊവിഡ് ഭീതി പോളിംഗിനെയും ബാധിക്കുമോ എന്ന ഭീതി രാഷ്ട്രീയ പാർട്ടികൾക്കുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |