തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ സംസ്ഥാനത്ത് യു.ഡി.എഫും എൽ.ഡി.എഫും ഒരുപോലെ എതിർക്കുമ്പോൾ, സ്വകാര്യവത്കരണത്തെ പിന്തുണച്ചുള്ള എം.പി ശശി തരൂരിന്റെ അഭിപ്രായപ്രകടനം കോൺഗ്രസിനെ വെട്ടിലാക്കുന്നു.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഒഴിച്ചുള്ള കക്ഷികളെല്ലാം ഒന്നിച്ചെതിർക്കുന്ന തീരുമാനത്തിന് കോൺഗ്രസ് എം.പി പച്ചക്കൊടി കാട്ടുന്നതാണ് തലസ്ഥാനജില്ലയിൽ കോൺഗ്രസിനെ വെട്ടിലാക്കുന്നത്. തദ്ദേശതെരഞ്ഞെടുപ്പിലടക്കം വിമാനത്താവള വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ രാഷ്ട്രീയകക്ഷികളെല്ലാം കച്ച മുറുക്കുമ്പോഴാണ് കോൺഗ്രസിനകത്ത് ആശയക്കുഴപ്പം വിതയ്ക്കുന്ന പ്രതികരണം തലസ്ഥാന എം.പിയിൽ നിന്നുതന്നെ ഉണ്ടായത്. സി.പി.എമ്മും ഇടതുമുന്നണി നേതൃത്വവും ഇത് കോൺഗ്രസിനെതിരെ ആയുധമാക്കിക്കഴിഞ്ഞു.
വിമാനത്താവളത്തെ സ്വകാര്യവത്കരിക്കുന്നത് സർക്കാരിന്റെ ഏക്കർകണക്കിന് വരുന്ന കണ്ണായ ഭൂമി സ്വകാര്യകമ്പനിക്ക് തീറെഴുതിക്കൊടുക്കലാകുമെന്നാണ് കോൺഗ്രസിന്റെയും ഇടതുപാർട്ടികളുടെയും നിലപാട്. തുടക്കത്തിൽ യാത്ര ലാഭകരമാകുമെന്ന തോന്നലുളവാക്കുമെങ്കിലും കാലമേറുന്തോറും തിരുവനന്തപുരത്ത് സാധാരണക്കാരുടെ വിമാനയാത്ര അപ്രാപ്യമാകുമെന്നും രാജകുടുംബത്തിന്റെ കാലം തൊട്ടുണ്ടായിരുന്ന ഭൂമിയാണ് സ്വകാര്യകുത്തകയ്ക്ക് വിട്ടുകൊടുക്കുന്നതെന്നുമാണ് ആക്ഷേപം. ഈയൊരു വൈകാരികവശം സജീവചർച്ചയാക്കുമ്പോഴാണ് തരൂരിന്റെ വാദഗതി വിനയാകുമെന്ന് കോൺഗ്രസിനകത്ത് തന്നെ അഭിപ്രായമുയരുന്നത്.
വിമാനത്താവള സ്വകാര്യവത്കരണം വികസനത്തെ വേഗത്തിലാക്കുമെന്നാണ് തരൂർ മുമ്പ് കൗമുദി ടി.വിയുടെ സ്ട്രെയ്റ്റ്ലൈൻ അഭിമുഖപരിപാടിയിൽ വ്യക്തമാക്കിയത്. തിരുവനന്തപുരത്തെ പ്രതിനിധിയായ തനിക്ക് തിരുവനന്തപുരത്തിന്റെ വികസനമാണ് പ്രധാനമെന്നും അതിന് വിമാനത്താവളം സ്വകാര്യവത്കരിച്ചാലും തെറ്റില്ലെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് തരൂർ പറഞ്ഞത് പുതിയ സാഹചര്യത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പലരും ചർച്ചയാക്കുകയാണ്. ഇപ്പോഴത്തെ കേന്ദ്രതീരുമാനത്തെയും തരൂർ അനുകൂലിക്കുന്നതാണ് വിഷയം സജീവചർച്ചയാക്കാനിടയാക്കിയിരിക്കുന്നത്. അദാനിയുടെ പേറോളിൽ അംഗമാകാനുള്ള ബാദ്ധ്യത ഒരു കോൺഗ്രസുകാരനുമില്ലെന്ന് തരൂരിന് ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മുനവച്ച മറുപടി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |