കൊച്ചി : കവിയൂർ പീഡനക്കേസിൽ വി.ഐ.പി പ്രതികളില്ലെന്നു വിശദീകരിച്ചു നാലാമതും സമർപ്പിച്ച റിപ്പോർട്ടു തള്ളി തുടരന്വേഷണം നടത്തണമെന്ന തിരുവനന്തപുരം സി.ബി.ഐ കോടതി ഉത്തരവിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയിൽ ഹർജി നൽകി.
കവിയൂർ സ്വദേശി നാരായണൻ നമ്പൂതിരിയെയും ഭാര്യയെയും പ്രായപൂർത്തിയാകാത്ത മൂന്നു മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ വിചാരണ തുടങ്ങാൻ കോടതിക്ക് നിർദ്ദേശം നൽകണമെന്നും സി.ബി.ഐ ഡെപ്യൂട്ടി സൂപ്രണ്ട് നൽകിയ ഹർജിയിൽ പറയുന്നു. കേസിൽ പ്രമുഖർ ഉൾപ്പെട്ടതിനു തെളിവില്ലെന്ന് അന്വേഷണസംഘം നൽകിയ നാലാം അനുബന്ധ റിപ്പോർട്ട് 2020 ജനുവരി ഒന്നിനാണ് കോടതി തള്ളിയത്.
2004 സെപ്തംബർ 27നാണ് നാരായണൻ നമ്പൂതിരിയെയും കുടുംബത്തെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം പിന്നീട് സി.ബി.ഐക്കു കൈമാറി. 2005 ജനുവരിയിൽ ലതാ നായരെ മാത്രം പ്രതിയാക്കി കുറ്റപത്രം നൽകി. 15കാരിയായ മകൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളടക്കമുള്ളവർ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നാരായണൻ നമ്പൂതിരിയുടെ സഹോദരൻ ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയും ക്രൈം മാസിക എഡിറ്റർ ടി.പി. നന്ദകുമാറും കോടതിയെ സമീപിച്ചു.
പരാതിയിൽ കഴമ്പില്ലെന്ന 2011 ഡിസംബർ 16ലെ അനുബന്ധ റിപ്പോർട്ടു കോടതി തള്ളി. 2012 ജൂലായ് 24, 2014 ജൂലായ് മൂന്ന് തീയതികളിലും സമാന രീതിയിൽ റിപ്പോർട്ടുകൾ തള്ളിയ കോടതി വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സി.ബി.ഐ പറയുന്നു
ശാസ്ത്രീയ, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വിശദാന്വേഷണം നടത്തി
തുടരന്വേഷണ പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കണ്ടെത്തി
പെൺകുട്ടിയുടെ പിതാവ് സംശയത്തിന്റെ മുനയിലാണെങ്കിലും പീഡിപ്പിച്ചതിന് തെളിവില്ല
പ്രമുഖ വ്യക്തികൾ പെൺകുട്ടിയെ പീഡിപ്പിച്ചതിനും തെളിവുകളില്ല
അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച് പരാതിക്കാർ അന്വേഷണം വഴിതെറ്റിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |