വീഡിയോ കോൺഫറൻസ് ചലഞ്ചിൽ ഒന്നാം സ്ഥാനം
ആലപ്പുഴ: കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച വീഡിയോ കോൺഫറൻസ് ഇന്നൊവേഷൻ ചലഞ്ചിൽ ചേർത്തല ഇൻഫോപാർക്കിലെ ടെക്ജെൻഷ്യ വികസിപ്പിച്ച വീ കൺസോൾ ഒന്നാം സ്ഥാനം നേടി. ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പാണ് ടെക്ജെൻഷ്യ. രണ്ടായിരത്തോളം കമ്പനികളിൽ നിന്ന് മൂന്നു ഘട്ടമായാണ് വിജയിയെ കണ്ടെത്തിയത്. ഒരു കോടി രൂപയും മൂന്നു വർഷത്തേക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിംഗ് ഉപകരണങ്ങൾക്കുള്ള കരാറുമാണ് സമ്മാനം. ഇന്നലെ വൈകിട്ട് മൂന്നിന് കേന്ദ്ര ഇലക്ട്രോണിക്, ഐ.ടി വകുപ്പു മന്ത്രി രവിശങ്കർ പ്രസാദ് ഓൺലൈൻ ലൈവിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്. ജോയിയെക്കുറിച്ച് മേയ് 24ന് കേരളകൗമുദി പ്രത്യേക റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യഘട്ടമായി 12 കമ്പനികളെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും അവർക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപവീതം നൽകുകയും ചെയ്തു. അവർ സമർപ്പിച്ച പ്രോട്ടോടൈപ്പുകൾ വിലയിരുത്തി മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തിരഞ്ഞെടുത്തു. അന്തിമ ഉത്പന്നം വികസിപ്പിക്കാനായി 20 ലക്ഷം രൂപ വീതം മൂന്നു കമ്പനികൾക്കും നൽകി. ഇത്തരത്തിൽ വികസിപ്പിച്ച ഉത്പന്നങ്ങൾ പരിശോധിച്ചാണ് വിദഗ്ദ്ധരടങ്ങിയ ജൂറി ടെക്ജെൻഷ്യയെ തിരഞ്ഞെടുത്തത്. പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂളിൽ അദ്ധ്യാപികയാണ് ജോയിയുടെ ഭാര്യ ലിൻസി ജോയി. മകൻ അലൻ ലിയോയും മകൾ ജിയയും വിദ്യാർത്ഥികളാണ്.
ജോയിയുടെ വിജയവഴി
എം.സി.എ ബിരുദധാരിയായ ജോയി സെബാസ്റ്റ്യൻ വർഷങ്ങളായി വീഡിയോ കോൺഫറൻസിംഗുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. 2000ൽ അവനീർ എന്ന കമ്പനിയിൽ വെബ് ഓഡിയോ കോൺഫറൻസിംഗിൽ തുടക്കം. അവനീറിന്റെ ഉടമയായ ജെയിംസിനു വേണ്ടി വീഡിയോ കോൺഫറൻസിംഗ് റിസർച്ച് ആൻഡ് ഡെലവലപ്മെന്റ് ചെയ്താണ് 2009ൽ ടെക്ജെൻഷ്യ ആരംഭിച്ചത്. യൂറോപ്പിലെയും യു.എസിലെയും ഏഷ്യയിലെയും പല കമ്പനികൾക്കും വേണ്ടി വീഡിയോ കോൺഫറൻസ് ഡൊമൈനിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ ടെക്ജെൻഷ്യ ഏറ്റെടുത്തിരുന്നു. അപ്പോഴൊന്നും സ്വന്തമായി ഒരു ഉത്പന്നത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്ന് ജോയി പറഞ്ഞു. ഇന്നൊവേഷൻ ചലഞ്ചിനെ തുടർന്നാണ് ആദ്യമായി സ്വന്തമായി ഒരു ഉത്പന്നം തയ്യാറാക്കുന്നത്. അത് ഇന്ത്യയിൽ ഒന്നാമതെത്തുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |