തിരുവനന്തപുരം: കൊവിഡിന്റെ വാരിക്കുഴിയിൽ ആകാശ പദ്ധതികൾക്കും 'ലോക്ക് ഡൗൺ". ചന്ദ്രയാന്റെ മൂന്നാം പതിപ്പും സൂര്യനിലേക്കുള്ള ആദിത്യ എൽ.1ഉം ഉൾപ്പെടെ ഇൗ വർഷം നടക്കാനിരുന്ന 10 പദ്ധതികളാണ് ഐ.എസ്.ആർ.ഒയ്‌ക്ക് നീട്ടിവച്ചത്. ജനുവരി 17ന് ജി സാറ്റ് 30 ന്റെ വിക്ഷേപണം മാത്രമാണ് നടന്നത്.
രണ്ടു ദശകങ്ങൾക്കിടയിൽ ആദ്യമായാണ് ഒരു വർഷം ആകാശദൗത്യങ്ങളില്ലാതിരിക്കുന്നത്. ഐ.എസ്.ആർ.ഒയുമായി ബന്ധമുള്ള ചെറുതും വലുതുമായ നൂറോളം നിർമ്മാണ യൂണിറ്റുകൾ കൊവിഡിൽ നിശ്ചലമായി. തിരുവനന്തപുരം, അഹമ്മദാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ പ്രധാന യൂണിറ്റുകൾ മന്ദഗതിയിലായതും തിരിച്ചടിയായി.
ചന്ദ്രനിലേക്ക് അടുത്ത വർഷം
കഴിഞ്ഞ വർഷത്തെ രണ്ടാം ചന്ദ്രയാൻ പൂർത്തിയാക്കാനായിരുന്നില്ല. ഇതേത്തുടർന്ന് മറ്റൊരു ദൗത്യത്തിനുള്ള ഒരുക്കത്തിലായിരുന്നു ഐ.എസ്.ആർ.ഒ. കൊവിഡ് അത് മുടക്കി. അടുത്ത വർഷമാദ്യം ചന്ദ്രയാൻ 3 വിക്ഷേപിച്ചേക്കും.
ഗഗൻയാനും നീണ്ടേക്കും
അടുത്ത വർഷം അവസാനം നടത്താനിരുന്ന ഇന്ത്യയുടെ ആദ്യ മനുഷ്യദൗത്യമായ 'ഗഗൻയാന്റെ" ഒരുക്കങ്ങളെയും കൊവിഡ് താളം തെറ്റിച്ചു. റോബോട്ടിനെ വച്ചുള്ള പരീക്ഷണ ദൗത്യവും ഇൗ വർഷം ഉദ്ദേശിച്ചിരുന്നു - ഹ്യൂമനോയ്ഡ് മിഷൻ. പക്ഷേ കൊവിഡിൽ എല്ലാം മുടങ്ങി.
ചെറുറോക്കറ്റ് ദൗത്യം
വാണിജ്യപ്രതീക്ഷയുള്ള പദ്ധതിയായിരുന്നു എസ്.എസ്.എൽ.വി. 500 കിലോയുള്ള ഉപഗ്രഹങ്ങളെ ചെറിയ ചെലവിൽ വിക്ഷേപിക്കുന്ന പദ്ധതിയാണിത്. ഇൗ വർഷം ആഗസ്റ്റിലാണ് ആദ്യ വിക്ഷേപണം ലക്ഷ്യമിട്ടിരുന്നത്.
മുടങ്ങിയ പദ്ധതികൾ
ഗഗൻയാൻ ഹ്യൂമനോയ്ഡുൾപ്പെടെ മൂന്ന് പദ്ധതികൾ, ചന്ദ്രയാൻ 3, ആതിദ്യ എൽ. വൺ, ഐ.ഡി.ആർ.എസ്.എസ്, ജിസാറ്റ് 20, ജിസാറ്റ് 1, എസ്. എസ്. എൽ.വി. ലോഞ്ചിംഗ്, ശ്രീഹരിക്കോട്ടയിലെ ലോഞ്ച് പാഡ് നവീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |