മുല്ലപ്പൂ വിരിയുന്ന ചിരിയിലോ മുക്കുറ്റി കവിളിലോ എവിടെയൊക്കെയാണ് ഈ പെൺകുട്ടി മലയാളിത്തം ഒളിപ്പിച്ച് വച്ചിരിക്കുന്നത്.
ഇഷ തൽവാർ എന്ന പ്രിയനായികയെ കണ്ടാൽ ആരും ഇങ്ങനെചിന്തിച്ചുപോകും. പക്ഷേ, അടുത്ത്ഇടപഴകുമ്പോൾ മനസിലാകുംരൂപത്തിലും ഭാവത്തിലും മാത്രമല്ല ഹൃദയത്തിന്റെ അടിത്തട്ട് വരെ ഇഷ അസൽ മലയാളിയാണെന്ന്.....
കൊച്ചിയിലെ ഫ്ളാറ്റിൽ ഓണം ഒരുക്കുന്ന തിരക്കിലാണ് ഇഷാ തൽവാർ. കേരളത്തിൽ സ്ഥിരതാമസമാക്കിയ ശേഷമുള്ള മറ്റൊരു ഒാണം. സദ്യയും പൂക്കളവും അത്തച്ചമയവുമെല്ലാം വീണ്ടും അറിയാനും അനുഭവിക്കാനുമുള്ള കാത്തിരിപ്പു തന്നെ ഒരു രസമാണെന്ന് ഇഷ. ചന്തം വിരിയുന്ന പൂക്കൾക്കിടയിൽ താമരമൊട്ടുപോലെ ആ മുഖം തിളങ്ങി. ഓണാവേശത്തിൽ അടുത്തിരുന്ന ചെണ്ടയെടുത്ത് കഴുത്തിലിട്ട് ഒന്നു കൊട്ടി ഇഷ തൽവാർ, കൂടെ ഒരു പൊട്ടിച്ചിരിയും.
''ചെണ്ട മാത്രമല്ല, കൂടിയാട്ടം, കഥകളി, കളരിപ്പയറ്റ് എന്ത് ചന്തമാണ് കേരളത്തിലെ കലാരൂപങ്ങൾക്ക്. !!കഥക് നൃത്തമാണ് ഞാൻ പഠിച്ചത്. കഥക് പോലെ തന്നെ എനിക്ക് പ്രിയപ്പെട്ടതാണ് ഈ കലകളെല്ലാം...""
മുംബയ് എന്ന സ്വപ്ന ലോകത്ത് നിന്ന് കൊച്ചിയുടെ തണൽ നിറഞ്ഞ വഴികളിലേക്കുള്ള ദൂരമുണ്ട്, ഉത്തരേന്ത്യൻ ഇഷ്ടങ്ങളിൽ നിന്ന് മലയാളിത്തത്തിലേക്കുള്ള ഈ കൂടുമാറ്റത്തിന് പിന്നിൽ...
''തട്ടത്തിൻ മറയത്തിൽ അഭിനയിക്കാൻ വരുമ്പോൾ എനിക്ക് കേരളത്തെ കുറിച്ച് ഒന്നും അറിയില്ല. പൊരുത്തപ്പെടാൻ നന്നായി പ്രയാസപ്പെട്ടിട്ടുണ്ട്. ഭക്ഷണവും കാലാവസ്ഥയും അടക്കം ഇന്നെനിക്ക് ഇഷ്ടമുള്ളതെല്ലാം അന്ന് ബുദ്ധിമുട്ടിച്ചു. എയർപോർട്ടിലൊക്കെ വച്ച് മലയാളികൾ ഓടിവരും. ഞാൻ തലശ്ശേരിക്കാരി ആണെന്നാണ് പലരും കരുതിയത്. അവരുടെ സ്നേഹം കാണുമ്പോൾ ആദ്യമെനിക്ക് അദ്ഭുതമായിരുന്നു. അതിന്റെ എല്ലാ ക്രെഡിറ്റും വിനീത് ശ്രീനിവാസനാണ്. പിന്നീട് ബാംഗ്ളൂർ ഡേയ്സ് വന്നു. മുംബയുടെ തിരക്കുകളിൽ നിന്നും കോലാഹലങ്ങളിൽ നിന്നും ഒരു രക്ഷപ്പെടൽ ആവശ്യമാണെന്ന് തോന്നിയപ്പോൾ ഞാൻ കേരളത്തിന്റെ ശാന്തതയിലേക്ക് ഓടിയെത്തി. ഇവിടെ സ്ഥിര താമസമാക്കി. ജനിച്ചുവളർന്ന നഗരം വിട്ട് ജീവിക്കാനും പുതിയതെന്തെങ്കിലും പഠിക്കാനുമുള്ള ആഗ്രഹം കൂടി അതിനു പിന്നിലുണ്ട്. മലയാളം പഠിച്ചെടുക്കുന്നതാണ് എനിക്ക് മുന്നിലുള്ള വെല്ലുവിളി. സത്യം പറഞ്ഞാൽ പുട്ടും കടലയും ഓണസദ്യയുമൊക്കെ ഇഷ്ടപ്പെടുന്ന തനി മലയാളിയായി മാറിക്കഴിഞ്ഞു.""
മലയാള സിനിമയും കേരളത്തിന്റെ സംസ്കാരവും അടക്കം നമ്മുടെ നാടിനെ ഇഷ്ടപ്പെടാൻ ഇനിയും ഒരുപാട് കാരണങ്ങളുണ്ട് ഇഷയ്ക്ക്.
''ഞാൻ ഇത്രയും കാലം ജീവിച്ച നഗരമാണ് മുംബയ്. കൊച്ചിക്കും മുംബയ്ക്കും അതിന്റേതായ ഭംഗിയുമുണ്ട്. പക്ഷേ, കേരളത്തിൽ മാത്രമാണ് നഗരങ്ങളുമായി ലയിച്ചു ചേർന്ന ഗ്രാമങ്ങൾ കാണാൻ കഴിയുക. മെട്രോ നഗരമായ കൊച്ചി പോലും എവിടൊക്കെയോ ഗ്രാമീണത കാത്ത് സൂക്ഷിക്കുന്നണ്ട്. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ശാന്തസുന്ദരമാണ് കൊച്ചിയിലെ മിക്കയിടങ്ങളും. വയനാടാണ് ഏറ്റവും ഇഷ്ടമുള്ള സ്ഥലം. ആ ഇരുണ്ട കാടുകളാണ് ലോകത്തെ ഏറ്റവും ഭംഗിയുള്ള കാഴ്ച. എന്ത് വ്യത്യസ്തതയാണ് കേരളത്തിന്റെ ഭൂപ്രകൃതിക്ക്. കായലിന്റെയും കടലിന്റെയും മനോഹാരിതയും ഹൈറേഞ്ചിന്റെ വന്യതയും ഒരുപോലെ സമ്മേളിച്ചിരിക്കുന്നു. മുംബയിലെ പൊരി വെയിലിൽ നിന്ന് കൊച്ചിയിൽ വന്നിറങ്ങുമ്പോൾ ഒരു കുട വന്നു ചൂടിയ പോലെ തോന്നും. പിന്നെ മതസൗഹാർദ്ദത്തിന്റെ നിറച്ചാർത്തണിഞ്ഞ ഓണം പോലെയുള്ള ആഘോഷങ്ങളും. ""
അടിമുടി കലാകാരിയാണ് ഇഷ. ഡാൻസും പാട്ടുമൊക്കെ ചെറുപ്പം മുതലേ കൂടെയുണ്ട്. ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ വിനോദ് തൽവാറിന്റെ മകൾക്ക് സിനിമ എന്ന കരിയർ തിരഞ്ഞെടുക്കാൻ അധികം ആലോചിക്കേണ്ടി വന്നില്ല. പക്ഷേ, ബോളിവുഡിന്റെ നിറപ്പകിട്ടല്ല, മലയാളത്തിന്റെ സൗന്ദര്യമാണ് ഇഷയെ ആകർഷിച്ചത്.
''നൃത്തത്തിൽ പരീക്ഷണങ്ങൾ നടത്തണമെന്നുണ്ട്. എങ്കിലും സിനിമയാണ് എന്റെ ജീവൻ. സിനിമയാണല്ലോ എനിക്ക് കേരളത്തിലേക്കുള്ള വഴിതുറന്ന് തന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ബൗദ്ധികമായി ഏറ്റവും നിലവാരം പുലർത്തുന്ന സിനിമകളാണ് ഇവിടെയുണ്ടാകുന്നത്. മികച്ച കഥകളാണ് മലയാള സിനിമയുടെ നട്ടെല്ല്. അതിൽ എന്റേതായ സംഭാവനകൾ ചെയ്യാൻ കഴിയുമെന്ന വിശ്വാസമുണ്ട്. കേരളത്തെ അകമഴിഞ്ഞു സ്നേഹിക്കുന്ന ഇഷയ്ക്ക് ഇവിടെ ഇഷ്ടപ്പെടാത്തത് എന്തെങ്കിലും ഉണ്ടാകുമോ. മനസിൽ വന്ന സംശയം അല്പം ഉറക്കെയായിപ്പോയി.
''ഉണ്ടല്ലോ ഹർത്താൽ.""ഉത്തരത്തിന് പൊട്ടിച്ചിരി കൂട്ടിനെത്തി.
''എത്ര ഹർത്താലുകളാണ് ഒരു വർഷം കേരളത്തിൽ നടക്കുന്നത്. അത് ഈ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ തന്നെ ബാധിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. തൊട്ടതിനും പിടിച്ചതിനും ഹർത്താൽ നടത്തുന്ന രീതി ഒഴിവാക്കിയാൽ സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യും.""ഇഷ പെട്ടെന്ന് ഗൗരവത്തിലായി. ഒരു നിമിഷത്തെ ആലോചനയ്ക്ക് ശേഷം മുഖത്തെ തെളിനിലാവ് മടങ്ങിയെത്തി.
''എന്തൊക്കെ പറഞ്ഞാലും കേരളത്തിൽ പോസിറ്റീവായ കാര്യങ്ങളാണ് കൂടുതൽ. ഭാഗ്യം ചെയ്തവരാണ് നിങ്ങൾ മലയാളികൾ.
ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് ജീവിക്കാൻ കഴിയുന്നത് ദൈവാനുഗ്രഹമല്ലേ. അതിൽ ഒരു പങ്ക് എനിക്ക് ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്. നന്മയും സമൃദ്ധിയും നിറഞ്ഞ ഒരു ഓണക്കാലം എല്ലാ മലയാളികൾക്കും ഉണ്ടാകട്ടെ. ഇത്തവണ മാവേലി എന്റെ ഫ്ളാറ്റിലേക്കും വരുമായിരിക്കുമല്ലേ..."" ഇഷയുടെ സംശയത്തിനപ്പുറം വീണ്ടും ചിരിയുടെ പൂക്കളം വിരിഞ്ഞു.
കോട്ടനും പിന്നെ സാരിയും
കാഷ്വൽ വേഷങ്ങളിൽ അയഞ്ഞ കോട്ടൺ വസ്ത്രങ്ങളോടാണ് ഇഷ്ടം. കേരളത്തിലെയും മുംബയിലെയും കാലാവസ്ഥയ്ക്ക് അതാണ് നല്ലത്. ഫോർമലാണെങ്കിൽ സാരിക്ക് പകരം വയ്ക്കാൻ ഒന്നുമില്ല. കേരള സാരിയുടെ ലാളിത്യവും ഏറെ ഇഷ്ടം.
യോഗയും നൃത്തവും
ഫിറ്റ്നസ് നന്നായി ശ്രദ്ധിക്കാറുണ്ട്. യോഗയും ഡാൻസുമായാണ് ഒരു ദിവസം തുടങ്ങുന്നത്. മറൈൻ ഡ്രൈവിലെ കാറ്റേറ്റ് നടക്കാൻ പോകുന്നതാണ് മറ്റൊരു ഫിറ്റ്നസ് സീക്രട്ട്. മനസും ശരീരവും ഒരുപോലെ ഫ്രഷ് ആകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |