തിരുവനന്തപുരം: ജന്മിത്വത്തിന്റെ കാൽച്ചുവട്ടിൽ ജാതീയതയും അനാചാരങ്ങളും വർഗചൂഷണങ്ങളുംകൊണ്ട് ബന്ധിതരായ അടിയാളരുടെ വിമോചനപ്പോരാട്ടത്തിന് വിസ്ഫോടനശേഷി പകർന്ന മഹത്മാവായിരുന്നു അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അയ്യങ്കാളിയുടെ 157ാം ജന്മവാർഷികത്തോടനുബന്ധിച്ച് സ്മരണ പുതുക്കി ഫേസ്ബുക്ക് പേജിൽ കുറിപ്പിടുകയായിരുന്നു മുഖ്യമന്ത്രി.
അനീതികളുടെ വിളനിലമായിരുന്ന ഒരു പ്രാകൃത സംസ്കാരികതയിൽ നിന്നും ഇന്നു നമ്മൾ ജീവിക്കുന്ന ആധുനിക കേരളത്തിന്റെ പിറവിയിലേയ്ക്കു നയിച്ച സാമൂഹ്യ വിപ്ലവത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു അദ്ദേഹം. സഞ്ചരിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും, പഠിക്കാനും, കൂലി ചോദിക്കാനുമുള്ള അവകാശങ്ങൾ പോലും നിരാകരിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിൽ അവയ്ക്കെതിരെ അദ്ദേഹം ശബ്ദമുയർത്തി. ജാതിവ്യവസ്ഥ തുടരുന്ന കാലത്തോളം അതിനെ മറികടക്കാൻ അയ്യങ്കാളി കൊളുത്തിയ അഗ്നി വഴിവിളക്കായി ജ്വലിക്കും. അദ്ദേഹത്തിന്റെ ഓർമകൾ മുന്നോട്ടുള്ള പോരാട്ടത്തിൽ എല്ലാ പുരോഗമന പ്രസ്ഥാനങ്ങൾക്കും വഴി കാട്ടിയാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വില്ലുവണ്ടി സമരം വീണ്ടും വേണ്ടിവരും: മുല്ലപ്പള്ളി
തിരുവനന്തപുരം: സാമൂഹ്യ വിപ്ലവകാരിയായ അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരം വീണ്ടും നടത്തേണ്ട സാഹചര്യമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അയ്യങ്കാളിയുടെ 157ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭാരതീയ ദളിത് കോൺഗ്രസ് സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദളിത് പിന്നാക്ക വിഭാഗങ്ങളോട് ബി.ജെ.പിയ്ക്കും സി.പി.എമ്മിനും ഒരേ സമീപനമാണ്. തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന പ്രധാനമന്ത്രിയുടെ മനസ് നിറയെ സവർണചിന്താഗതിയാണ്. ഹൈദരബാദ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥി രോഹിത് വെമൂല വിവേചനം മൂലമാണ് ആത്മഹത്യ ചെയ്തത്. കേരളത്തിൽ കഴിഞ്ഞ വർഷം മാത്രം ബലാത്സംഗം ഉൾപ്പെടെ 3800ൽപ്പരം അതിക്രമങ്ങളാണ് പട്ടികജാതി - പട്ടിക വർഗ വിഭാഗങ്ങൾക്കെതിരെ നടന്നത്.
ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, വി.എസ്.ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
രാജ്യം അയ്യങ്കാളിയോട് കടപ്പെട്ടിരിക്കുന്നു:പ്രധാനമന്ത്രി
തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളി ജന്മദിനത്തിൽ സ്മരണ പുതുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. അയ്യങ്കാളിയെപ്പോലുള്ള മഹാന്മാരോട് രാജ്യം കടപ്പെട്ടിരിക്കുന്നതായി പ്രധാനമന്ത്രി ട്വീറ്ര് ചെയ്തു. ദുർബല ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിനും സാമൂഹ്യപരിഷ്കരണത്തിനുമായുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് പ്രചോദനമാണെന്ന് കൊച്ചിയിൽ 2014ൽ അയ്യങ്കാളിയുടെ 152ാം ജന്മദിന ചടങ്ങിൽ പ്രസംഗിച്ച വീഡിയോ കൂടി പങ്കുവച്ചുള്ള ട്വീറ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |