തിരുവനന്തപുരം: "രണ്ടാം യു.പി.എ സർക്കാരിനെ പ്രണബ് കുമാർ മുഖർജി നയിക്കുകയും മൻമോഹൻസിംഗ് രാഷ്ട്രപതിയാവുകയും ചെയ്തിരുന്നെങ്കിൽ ഒരുപക്ഷേ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി വേറെയായിരുന്നേനെ!" പ്രണബിനെ വ്യക്തിപരമായും രാഷ്ട്രീയമായും അടുത്തറിഞ്ഞ കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ചിലരെങ്കിലും ഇങ്ങനെ പറയും.
കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലെ ചുഴികളും മലരികളുമെല്ലാം സൂക്ഷ്മമായി പിന്തുടർന്നിരുന്ന നേതാവായിരുന്നു പ്രണബ് മുഖർജി. എല്ലാവരുമായും പ്രണബ് വ്യക്തിപരമായ അടുപ്പം കാത്തുസൂക്ഷിച്ചു. അന്തരിച്ച ലീഡർ കെ. കരുണാകരനുമായിട്ടായിരുന്നു ഏറെ അടുപ്പം. രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൻ കീഴിൽ പാർട്ടിക്കുള്ളിൽ തഴയപ്പെടുന്നുവെന്ന തോന്നലിൽ 1989 ൽ പാർട്ടി വിട്ട് ഒറ്റയാനായി നിലകൊണ്ട കാലത്ത്, രാജീവ് ഗാന്ധിയുമായി സംസാരിച്ച് അദ്ദേഹത്തെ തിരികെയെത്തിക്കാൻ അവസരമൊരുക്കിയത് കരുണാകരനായിരുന്നുവെന്ന് ലീഡറുടെ മകൻ കൂടിയായ കെ. മുരളീധരൻ എം.പി ഓർക്കുന്നു.
പിൽക്കാലത്ത് പാർട്ടി വിട്ടു പോകേണ്ടി വന്ന കരുണാകരന്റെ പ്രതിസന്ധികാലത്ത്, അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കാൻ എ.കെ. ആന്റണിയടക്കമുള്ള മുതിർന്ന നേതാക്കൾ മുൻകൈയെടുത്തു. പ്രവർത്തകസമിതിയിൽ പ്രണബിന്റെയടക്കം പൂർണ്ണപിന്തുണ ആ നീക്കത്തിനുണ്ടായി. രാഷ്ട്രപതിയാകുന്നതിന് തൊട്ടുമുമ്പ് കേന്ദ്ര പ്രതിരോധമന്ത്രിയായിരിക്കെ, കേരളത്തിൽ ലീഡറുടെ പേരിലുള്ള അവാർഡ് ഏറ്റുവാങ്ങാനെത്തിയ പ്രണബ്, കരുണാകരനെ സരസമായി വിശേഷിപ്പിച്ചത്, മന്ത്രിസഭയെയും കോൺഗ്രസിനെയും മാത്രമല്ല, കോൺഗ്രസിനകത്തെ കൂട്ടുകക്ഷികളെയും നയിക്കാൻ പ്രാഗത്ഭ്യം കാട്ടിയ നേതാവ് എന്നാണ്.
നരസിംഹറാവുവിനു ശേഷം കോൺഗ്രസിന്റെ നയരൂപീകരണ കാര്യങ്ങളിൽ പ്രധാന ബുദ്ധികേന്ദ്രമായി ഏറെക്കാലം നിലയുറപ്പിച്ച നേതാവായിരുന്നു പ്രണബ് മുഖർജി. കേരളത്തിൽ ലീഡർക്കു ശേഷമിങ്ങോട്ട് എ.കെ. ആന്റണിയുമായും വയലാർ രവിയുമായും ഉമ്മൻ ചാണ്ടിയുമായും മുല്ലപ്പള്ളി രാമചന്ദ്രനുമായും രമേശ് ചെന്നിത്തലയുമായുമൊക്കെ അങ്ങേയറ്റത്തെ അടുപ്പം അദ്ദേഹം കാത്തുസൂക്ഷിച്ചു.
കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഏതു പ്രമേയം തയ്യാറാക്കാനും പ്രണബിനെ ഏല്പിച്ചാൽ, അര മണിക്കൂറിനകം സമഗ്രമായി അതിനെ അവതരിപ്പിച്ചിരിക്കുമെന്ന് വി.എം. സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും അനുസ്മരിക്കുന്നു. ഏതു സമയത്തും അദ്ദേഹം ഊർജ്ജസ്വലനായിരുന്നു. പുലർച്ചെ ഒരു മണി വരെയൊക്കെ സന്ദർശകർക്ക് കൂടിക്കാഴ്ച അനുവദിച്ചിരുന്നത് വിസ്മയത്തോടെ ഓർക്കുന്നു, വി.എം. സുധീരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |