ആലപ്പുഴ നഗരവാസികളുടെ ഗൃഹാതുര ഓർമ്മകളിലെ പ്രധാന കാഴ്ചയായിരുന്നു ആലപ്പുഴ മുപ്പാലം. മൂന്ന് പാലങ്ങൾ ഒരുമിച്ചു വരുന്നു എന്നത് മാത്രമല്ല മുപ്പാലത്തിന്റെ പ്രത്യേകത. ആലപ്പുഴ തുറമുഖത്തിന്റെയും മലഞ്ചരക്ക് കയറ്റുമതി അടക്കമുള്ള വ്യാവസായിക പാരമ്പര്യത്തിന്റെയും നേർക്കാഴ്ച കൂടിയായിരുന്നു മുപ്പാലം. മുപ്പാലത്തെ ചുറ്റിപ്പറ്റി പണിതുയർത്തിയിരുന്ന പണ്ടകശാലകൾക്ക് സമീപത്തുകൂടി പോകുമ്പോൾ, സുഗന്ധദ്രവ്യങ്ങളുടെ ഊഷ്മള ഗന്ധമാണ് നഗരവാസികൾ അനുഭവിച്ചിരുന്നത്. ഇവിടുത്തെ സമ്പദ് സമൃദ്ധിയുടെ സുപ്രധാന കേന്ദ്രമായിരുന്നു മുപ്പാലവും പരിസരവും. കിഴക്കിന്റെ വെനീസ് എന്ന ഓമനപ്പേര് ആലപ്പുഴയ്ക്ക് ലഭിക്കാൻ കാരണവും എവിടെയും കാണുന്ന കനാലുകളും പാലങ്ങളുമാണ്.
ചരക്കുകൾ കയറ്റാനും ഇറക്കാനും വാടക്കനാലിനെയും കൊമേഴ്സ്യൽ കനാലിനെയും പരസ്പരം ബന്ധിപ്പിച്ച് ഉപ്പുറ്റി കനാലിന് കുറുകെ മൂന്ന് പാലങ്ങൾ തീർത്തത് ആലപ്പുഴ നഗരത്തിന്റെ ശില്പി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള രാജാ കേശവദാസാണ്. നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് അന്ന് ഈ പാലങ്ങളിലൂടെ കയറിയിറങ്ങിയിട്ടുള്ളത്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വിദേശങ്ങളിലേക്കും കയറുത്പന്നങ്ങൾ കയറ്റി അയയ്ക്കാനായി എത്തിച്ചിരുന്നതും മുപ്പാലം വഴി തന്നെ.
ഇനി വ്യാവസായിക പ്രാധാന്യം മാറ്റി നിറുത്തിയാൽ മറ്റൊരു പ്രത്യേകതയും മുപ്പാലത്തിനുണ്ട്. ചലച്ചിത്ര വ്യവസായത്തിലും വലിയ സംഭാവനകളാണ് ഈ പാലം നൽകിയിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്,ഹിന്ദി ഭാഷകളിലായി നിർമ്മിക്കപ്പെട്ട നിരവധി ഹിറ്റ് ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗ് ലൊക്കേഷനായും മുപ്പാലം തിളങ്ങിയിട്ടുണ്ട്. സത്യൻ, പ്രേംനസീർ,സുകുമാരൻ, സോമൻ, കമലഹാസൻ, മോഹൻലാൽ, മമ്മൂട്ടി, കാർത്തിക് അടക്കമുള്ള എത്രയോ താരങ്ങൾ ഇവിടെ മൂവി കാമറയ്ക്ക് മുന്നിൽ അഭിനയിച്ചു. പാലത്തിന്റെ പ്രത്യേക നിർമ്മിതി കാരണം സംവിധായകർക്ക് ഏറെ ഇഷ്ടമുള്ള ഒരു ഷൂട്ടിംഗ് ഇടമായി മുപ്പാലം മാറി. സ്ഫോടനം, നോക്കെത്താദൂരത്ത് കണ്ണുംനട്ട് , പപ്പയുടെ സ്വന്തം അപ്പൂസ്, റാംജി റാവു സ്പീക്കിംഗ്, അസ്തമിക്കാത്ത പകൽ, ഉസ്താദ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മുപ്പാലത്തിൽ ചിത്രീകരിച്ചത്.
പക്ഷെ ഇപ്പോൾ മുപ്പാലം ആലപ്പുഴ നഗരവാസികളുടെ ഓർമ്മയിലേക്ക് ഒതുങ്ങി. മുപ്പാലത്തിന്റെ അതേസ്ഥാനത്ത് നാല് പാലങ്ങൾ ചേർത്ത് നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുപ്പാലം കഴിഞ്ഞ മാസം പൊളിച്ചു നീക്കിയത്. കുപ്പിക്കഴുത്ത് റോഡുകളം മുക്കിന് മുക്കിന് പാലങ്ങളുമുള്ള ആലപ്പുഴ നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നൂറ്രാണ്ടുകളുടെ പഴക്കമുള്ള മുപ്പാലം കഥാവശേഷമായത്. പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ പ്രത്യേക താത്പര്യവും നാല്പാല നിർമ്മാണത്തിന് കാരണമായി.
പൊളിക്കലും കൗതുകമായി
തങ്ങൾ അതീവ സന്തോഷത്തോടെ കണ്ടിരുന്ന മുപ്പാലം പൊളിക്കുന്ന കാഴ്ചകാണാൻ വലിയ ആൾക്കൂട്ടമാണ് എത്തിയത്. കേരളാ റോഡ് ഫണ്ട് ബോർഡിന്റെ 17.44കോടി രൂപ ചെലവിലാണ് മുപ്പാലത്തോടൊപ്പം മറ്റൊരു പാലവും നിർമ്മിച്ച് നാല്പാലമാക്കുന്നത്. ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിനു സമീപത്ത് നാലുപാലങ്ങൾ നിലവിൽ വരുമ്പോൾ ഈ ഭാഗത്ത് ഗതാഗതക്കുരുക്കിന് ഒരു പരിധിവരെ പരിഹാരവുമാവും. പത്ത് പൈലുകൾ സ്ഥാപിക്കാനുള്ള പ്രവൃത്തികൾ തുടങ്ങി. 60മീറ്റർ താഴ്ചയിൽ 38 പൈലുകളിലാണ് നിർമ്മാണം. ഒരു വർഷം കൊണ്ട് പൂർത്തികരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെങ്കിലും കൊവിഡ് വിലങ്ങുതടിയാവുമോ എന്ന സംശയവും ബാക്കി. തമിഴ്നാട്ടിൽ നിന്ന് ജോലിക്കെത്തിയ ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തുടങ്ങിയ ജോലികൾ നിറുത്തിവയ്ക്കുകയും ചെയ്തു. നിലവിലെ മുപ്പാലത്തിന് 5.5 മീറ്റർ വീതിയും 23 മീറ്റർ നീളവുമാണ് ഉണ്ടായിരുന്നത്. 11മീറ്റർ വീതിയിൽ നടപ്പാതയോടു കൂടിയാണ് പുനർനിർമ്മാണം.
പുതിയ പാലത്തിനും
പ്രാധാന്യമേറും
ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസ്, എഫ്.സി.ഐ ഗോഡൗൺ, എ.ആർ ക്യാമ്പ്, ബീച്ച്, ലൈറ്റ് ഹൗസ്, കടൽപാലം, കുട്ടികളുടെ പാർക്ക് എന്നിവ മുപ്പാലത്തിന് സമീപമാണ്. പ്രതിദിനം നൂറ് കണക്കിന് ചരക്ക് ലോറികൾ എഫ്.സി.ഐ ഗോഡൗണിലേക്ക് എത്താനും പ്രധാനമായി ആശ്രയിക്കുന്നത് മുപ്പാലത്തെയാണ്. വലിയ രണ്ട് വാഹനങ്ങൾ നേർക്കു നേർ വന്നാൽ ഗതാഗതക്കുരുക്കാവും ഫലം. മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് പൊതുമരാമത്ത് പാലം വിഭാഗത്തെ കൊണ്ട് പദ്ധതി തയ്യാറാക്കിയത്.
മാത്രവുമല്ല, ആലപ്പുഴ നഗരത്തിന്റെ പ്രധാന വരുമാന സ്രോതസുകളിലൊന്ന് ടൂറിസമാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളിൽ തുടർച്ചയായി എത്തിയ പ്രളയവും ഇപ്പോഴത്തെ കൊവിഡ് ഭീഷണിയും ടൂറിസം മേഖലയെ വല്ലാതെ ഉലച്ചിട്ടുണ്ട്. വരുംനാളുകളിൽ ടൂറിസം മേഖലയെ പുഷ്ടിപ്പെടുത്തിയെങ്കിൽ മാത്രമാണ് ആലപ്പുഴയ്ക്ക് സാമ്പത്തിക പുരോഗതി കൈവരുക. ആലപ്പുഴ ബീച്ച് വഴിയുള്ള ബൈപാസിന്റെ നിർമ്മാണം പൂർത്തിയായിവരുന്നു. ബൈപാസ് കൂടി തുറക്കുന്നതോടെ ആലപ്പുഴയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധന വരുമെന്നാണ് പ്രതീക്ഷ. രണ്ട് കാരണങ്ങളാണ് ഇതിനുള്ളത്. കടലോരത്തു കൂടി നീണ്ടു നിവർന്ന് പോകുന്ന ബൈപാസ് നൽകുന്ന നയന മനോഹരമായ കാഴ്ച. ഗതാഗതരംഗത്ത് ഇപ്പോഴുള്ള വീർപ്പുമുട്ടൽ ഒഴിവാകുന്നത്. അതിനൊപ്പം നഗരമദ്ധ്യത്തിൽ സുഗമമായ യാത്രാ സൗകര്യം കൂടി ഒരുങ്ങുമ്പോൾ ലൈറ്റ് ഹൗസ് അടക്കമുള്ള കാഴ്ചകൾ കാണാൻ കൂടുതൽ വിനോദ സഞ്ചാരികൾ എത്തും.
ഇതുകൂടി കേൾക്കണേ
ആലപ്പുഴ ബൈപാസ് എന്ന സ്വപ്നം നഗരവാസികൾ കാണാൻ തുടങ്ങിയത് നാലു പതിറ്റാണ്ട് മുമ്പാണ്. സംസ്ഥാന ഭരണത്തിലും കേന്ദ്രഭരണത്തിലും നിർണായക സ്വാധീനമുള്ള നിരവധി നേതാക്കളും ഭരണകർത്താക്കളും ഉണ്ടായിരുന്ന ജില്ലകൂടിയാണ് ആലപ്പുഴ. എന്നിട്ടും ബൈപാസിന്റെ കാര്യത്തിൽ സമയബന്ധിതമായി കാര്യങ്ങൾ കൊണ്ടുപോകാൻ കഴിഞ്ഞില്ല. പുതിയ നാല്പാലത്തിന് ആ ഗതി വരില്ലെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |