തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോൾ, സംസ്ഥാനത്ത് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. കൊവിഡ് ബാധിതരിൽ അവശ നിലയിലാകുന്നവർക്കുൾപ്പെടെ കൃത്രിമ ശ്വാസം നൽകേണ്ടിവരുന്ന അവസ്ഥയിൽ പല ആശുപത്രികളിലും ഓക്സിജൻ സിലിണ്ടർ സ്റ്റോക്ക് തീരുകയാണ്.
കർണാടകത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് ഓക്സിജൻ എത്തിക്കുന്നത്. കേരളത്തിനു തരുന്ന ഓക്സിജന്റെ അളവ് അവർ പകുതിയാക്കിയതാണ് വിനയായത്. കൊവിഡ് രോഗികളുടെ എണ്ണം പെരുകിയതോടെ ഇരു സംസ്ഥാനങ്ങളും സ്വന്തം ആവശ്യത്തിന് കൂടുതൽ ശേഖരിക്കുകയാണ്.
തിരുവല്ല, കൊച്ചി, പാലക്കാട് എന്നിവിടങ്ങളിലാണ് ഓക്സിജൻ സ്റ്റോറേജ് പ്ളാന്റുകളുള്ളത്. ലിക്വിഡ് ഓക്സിജൻ കൊണ്ടുവന്ന് ഇവിടെ സ്റ്റോർ ചെയ്ത് കമ്പ്രസ്ഡ് ഗ്യാസാക്കി സിലിണ്ടറുകളിൽ നിറച്ച് ആശുപത്രികൾക്ക് നൽകും.
തിരുവല്ല കിൻഫ്ര പാർക്കിലെ ഓസോൺ ഗ്യാസിൽ 20,000 ലിറ്റർ ലിക്വിഡ് ഗ്യാസ് നിറയ്ക്കുന്നതിനുള്ള ടാങ്കാണുള്ളത്. അവിടെ ഇപ്പോൾ നിറയ്ക്കുന്നത് വെറും 2000 ലിറ്റർ. 1000 ലിറ്റർ കൊടുത്തിരുന്ന ആശുപത്രികൾക്ക് ഇപ്പോൾ നൽകുന്നത് 500 ലിറ്റർ. ആയിരം ലിറ്ററിന് 23000 രൂപയാണ് വില.
കർണാടകയിൽ നിയന്ത്രണം
ഓക്സിജൻ സിലിണ്ടറുകളുടെ ഉപഭോഗം കുറയ്ക്കാൻ കർണാടക സർക്കാർ മാർഗ നിർദേശങ്ങളിറക്കി. ആവശ്യമായ അളവിൽ മാത്രം രോഗികൾക്ക് ഓക്സിജൻ നൽകുന്നതിൽ ശ്രദ്ധ വേണമെന്നാണ് ഡോക്ടർമാർക്കുള്ള നിർദേശം. ഓക്സിജന്റെ അനാവശ്യ ഉപഭോഗം കുറയ്ക്കണമെന്ന് ആരോഗ്യവിദഗ്ദ്ധരുടെ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
'' നമ്മൾ ആവശ്യപ്പെടുന്നതിന്റെ പകുതിയേ തരുന്നുള്ളൂ. ആശുപത്രികളിൽ ഓക്സിജൻ തീർന്നുകൊണ്ടിരിക്കുന്നു. വല്ലാത്ത പ്രതിസസന്ധിയാണ്. "
റഹിം, മാനേജിംഗ് പാർട്ണർ, ഓസോൺ ഗ്യാസ്
''സർക്കാർ ആശുപത്രികളിൽ മുൻകരുതലായി ഓക്സിജൻ സിലിണ്ടറുകൾ ശേഖരിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ കാര്യം അറിയില്ല.
കെ.കെ.ശൈലജ, ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |