SignIn
Kerala Kaumudi Online
Thursday, 04 March 2021 11.20 PM IST

ചാവേർ രാഷ്ട്രീയം മതിയാക്കണം

venjaramoodu-murder

ഒരുമയുടെയും സ്നേഹത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന ഓണനാളുകൾ രാഷ്ട്രീയ കുടിപ്പകയിൽ രക്തപങ്കിലമാകുന്ന ദുരനുഭവം കുറച്ചുകാലമായി മലയാളി സമൂഹത്തെ നിരന്തരം പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. വടക്കൻ ജില്ലകളാണ് സാധാരണ ഇത്തരത്തിലുള്ള അരുംകൊലകൾക്കു സാക്ഷിയാകാറുള്ളത്. ഇക്കുറി ആ ദൗർഭാഗ്യം തിരുവനന്തപുരം ജില്ലക്കാർക്കായി മാറ്റിവയ്ക്കുകയായിരുന്നു.

തിരുവോണത്തലേന്നു രാത്രി ജില്ലയുടെ പ്രാന്തപ്രദേശമായ തേമ്പാംമൂട്ടിൽ ഡി.വൈ.എഫ്.ഐയുടെ രണ്ട് യുവപ്രവർത്തകരെ നടുറോഡിൽ ഓടിച്ചിട്ട് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയ വൈരം തീർക്കാൻ കോൺഗ്രസ് പ്രവർത്തകരായ ചിലർ ചേർന്നു ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്നാണ് പൊലീസ് ഭാഷ്യം. കോൺഗ്രസ് നേതൃത്വം ഇതു നിഷേധിക്കുന്നുണ്ടെങ്കിലും സംഭവത്തോടനുബന്ധിച്ച് പൊലീസ് പിടിയിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം ആരോപണം ശരിവയ്ക്കുന്നതായി കാണാം. രാഷ്ട്രീയ വൈരം തീർക്കാൻ നട്ടപ്പാതിരയ്ക്ക് കത്തിയും വടിവാളും മറ്റ് ആയുധങ്ങളുമായി തെരുവിലിറങ്ങി ഇരയെ പതിയിരുന്ന് ആക്രമിച്ച് അതിനിഷ്ഠൂരമായി വധിച്ച് കണക്കു തീർക്കാൻ ശ്രമിക്കുന്ന സംഘങ്ങൾ ഗാന്ധി ശിഷ്യന്മാർക്കിടയിലും വളർന്നുകൊണ്ടിരിക്കുകയാണെന്ന അമ്പരപ്പിക്കുന്ന യാഥാർത്ഥ്യത്തിനു മുന്നിൽ പകച്ചുനിൽക്കാനേ ആവുന്നുള്ളൂ. ഓണക്കച്ചവടം തീർത്ത് കടപൂട്ടി വീട്ടിലേക്കു ബൈക്കിൽ ഇറങ്ങിത്തിരിച്ച മിഥിലാജ് (32), ഹക്ക് മുഹമ്മദ് (28) എന്നീ രണ്ടു ചെറുപ്പക്കാരാണ് കൊലക്കത്തിക്കിരയായത്. ഇവർക്കൊപ്പം മറ്റൊരു യുവാവു കൂടി ഉണ്ടായിരുന്നു. അക്രമികളുടെ പിടിയിൽപ്പെടാതെ അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

അരുംകൊല നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പൊലീസ് പിടികൂടിയതാണ് എടുത്തുപറയേണ്ട കാര്യം. പ്രതികളിൽ രണ്ടുപേരെ സഹായിച്ചതിന്റെ പേരിൽ ഒരു സ്‌ത്രീയും പിടിയിലായിട്ടുണ്ട്. പിടിയിലായ ഒൻപതു പേരും യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകരാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സംഭവത്തിന് രാഷ്ട്രീയ പശ്ചാത്തലം നൽകുന്നതും ഈ കണ്ടെത്തലാണ്.

ഒരു കൊല്ലം മുൻപ് നടന്ന ലോക‌്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന നാളിലെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കശപിശയും തുടർന്നുണ്ടായ വൈരവുമാണ് ഉത്രാടരാത്രിയിലെ കൊലപാതകങ്ങളിൽ കലാശിച്ചതെന്ന വിവരമാണ് പൊലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിലുള്ളത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരിലൊരാളെ വെട്ടി പരിക്കേല്പിച്ച ഒരു സംഭവത്തിനു പിന്നിലും കോൺഗ്രസ് പ്രവർത്തകരുടെ പേരു ഉയർന്നുകേട്ടിരുന്നു. ഈ സംഭവങ്ങളുടെയൊക്കെ തുടർച്ചയായിട്ടാകാം ഇപ്പോഴത്തെ അരുംകൊല നടന്നിട്ടുള്ളതെന്ന നിഗമനവും ഉണ്ട്. പൂർവചരിതം എന്തുതന്നെയായാലും നാട്ടുകാർക്കിടയിൽ പ്രിയങ്കരരും അദ്ധ്വാനശീലരും ഉപകാരികളുമായ രണ്ട് യുവാക്കളുടെ വിലപ്പെട്ട ജീവനുകളാണ് വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയിലൂടെ പൊതുനിരത്തിൽ വച്ച് ഇല്ലാതായത്. അങ്ങിങ്ങായി ഇടയ്ക്കിടെ ഇത്തരത്തിലുള്ള രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുമ്പോഴെല്ലാം ഇത്തരത്തിൽ ഇനിയൊന്ന് എവിടെയും ഉണ്ടാകരുതേ എന്നു പ്രാർത്ഥിക്കുന്ന അമ്മമാരും ഭാര്യമാരും സഹോദരങ്ങളുമാണ് സമൂഹത്തിലുള്ളത്. ഊരുംപേരും അറിയാത്തവരാണെങ്കിലും അന്ധമായ രാഷ്ട്രീയ വൈരത്തിനു മുന്നിൽ ജീവൻ നഷ്ടപ്പെട്ടവരെ ഓർത്തു വേദനിക്കാത്തവരായി ആരും കാണില്ല. മറ്റ് ആരുടെയൊക്കെയോ കത്തിമുനയിലും വാൾത്തലയിലും പ്രാണൻ വെടിയേണ്ടിവരുന്ന ഹതഭാഗ്യർക്കും വീട്ടിൽ മാതാപിതാക്കളും ഭാര്യയും കുഞ്ഞുങ്ങളും സഹോദരങ്ങളുമൊക്കെ ഉള്ളവരാകും. കാലം എത്ര കടന്നുപോയാലും അവരുടെ മനസുകളിൽ നിന്ന് ആ കൊടിയ വേദന പൂർണമായും മാഞ്ഞുപോകാനിടയില്ല. തേമ്പാംമൂട്ടിൽ കൊല്ലപ്പെട്ട ഇരു യുവാക്കൾക്കും അവരുടെ തണലിൽ കഴിയുന്ന സംതൃപ്തമായ കുടുംബങ്ങളുണ്ട്. ജീവിതത്തിന്റെ ഏറ്റവും നല്ല പ്രായത്തിൽ നഷ്ടമായ അവരെ ഓർത്ത് അവരുടെ കുടുംബങ്ങൾ എത്രകാലം കരയേണ്ടിവരും. ആയുധങ്ങളുമായി ഇരയെ കുടുക്കാൻ പതിയിരിക്കുന്നവരും അവരെ അതിനു പ്രേരിപ്പിക്കുന്നവരുമൊക്കെ ഇതൊന്നും ഓർക്കണമെന്നില്ല. നൈമിഷികമായ വികാരാവേശത്തിൽ എടുത്തുചാടി പ്രതികാരം ചെയ്യാനിറങ്ങുന്ന ഭോഷ്‌കന്മാരും ഓർക്കാറില്ല, നാളെ തങ്ങൾക്കും ഇതുപോലുള്ള ഗതി വരുമെന്ന്.

തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയിൽ വിവിധ പാർട്ടി പ്രവർത്തകർ തമ്മിൽ കശപിശയും സംഘർഷവുമൊക്കെ എല്ലാ നാടുകളിലും പതിവാണ്. അത് തിരഞ്ഞെടുപ്പു കഴിയുമ്പോഴേക്കും താനേ കെട്ടടങ്ങുകയും ചെയ്തു. അഥവാ വളർന്നു വികസിക്കാൻ തുടങ്ങിയാൽ തല്ലിക്കെടുത്തേണ്ടത് അതതു പാർട്ടി നേതൃത്വങ്ങളാണ്. അണികളെ കുരുതിക്കു കൊടുക്കാതെ പരിരക്ഷിക്കേണ്ട ചുമതല നേതാക്കൾക്കാണ്. തിരഞ്ഞെടുപ്പിൽ ജയിക്കുന്നവർക്കു മാത്രമല്ല തോൽക്കുന്നവർക്കും അതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല.

പണ്ടെന്നോ ഉണ്ടായ ഒരു കശപിശയുടെ പേരിൽ ആയുധമെടുക്കാൻ ഒരുങ്ങിയാൽ രാഷ്ട്രീയ പ്രവർത്തനം എവിടെ ചെന്നെത്തുമെന്ന് എല്ലാവരും ആലോചിക്കണം. എല്ലാറ്റിനും കേരള മാതൃകയെക്കുറിച്ച് ഏറെ അഹങ്കരിക്കുന്നവരാണല്ലോ നാം. നിസാര രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ എതിർ ചേരിയിൽപ്പെട്ടവരെ ഒരു ദയവുമില്ലാതെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തുന്ന കേരള മോഡലിൽ നിന്ന് സംസ്ഥാനത്തെ രക്ഷപ്പെടുത്തേണ്ടത് ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ തന്നെയാണ്. കള്ളക്കണ്ണീർ പൊഴിച്ചതുകൊണ്ടോ സ്മാരകങ്ങൾ കെട്ടിപ്പൊക്കിയതുകൊണ്ടോ യാതൊന്നും നേടാനില്ല. അക്രമത്തിൽ നഷ്ടപ്പെടുന്ന ഒരു ജീവനും തിരികെ നൽകാൻ ആർക്കും സാദ്ധ്യവുമല്ല. കണ്ടവന്റെ വാക്കുകേട്ട് ആയുധങ്ങളുമായി 'ശത്രു"വിനെ കുത്തിവീഴ്ത്താൻ ചാടിയിറങ്ങുന്നവരും ഒരു നിമിഷം ആലോചിക്കണം. രാഷ്ട്രീയ പ്രവർത്തനമെന്നാൽ ക്വട്ടേഷൻ പണിയല്ലെന്നു മനസിലാക്കണം.

കേരളം രണ്ടു തിരഞ്ഞെടുപ്പുകൾ നേരിടാൻ ഒരുങ്ങുന്ന അവസരം കൂടിയാണിത്. സ്വാഭാവികമായും രാഷ്ട്രീയാന്തരീക്ഷം പതിവിലേറെ ചൂട് പിടിക്കുമെന്നു തീർച്ചയാണ്. രാഷ്ട്രീയ പിരിമുറുക്കം അണപൊട്ടുന്ന വികാരാവേശമായി പരിണമിക്കാതിരിക്കാൻ എല്ലാ പാർട്ടികളുടെയും നേതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. ചോര വീഴ്‌ത്തി അതിൽ നിന്നു രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള ഏതു ശ്രമവും വിപരീതഫലമാവും സൃഷ്ടിക്കുക എന്നു മനസിലാക്കാനുള്ള വിവേകബുദ്ധി ഇല്ലാതായിട്ടില്ല എന്നുതന്നെ കരുതാം. അന്യർക്കുവേണ്ടി വെട്ടാനും ചാകാനും ഒരുങ്ങുന്നവരെ കാത്തിരിക്കുന്നത് ഇരുമ്പഴികളാണെന്ന വലിയ സത്യവും ഓർമ്മയിലുണ്ടാകണം. കൊല്ലാനും ചാകാനും തങ്ങൾ ചാവേറുകളല്ലെന്നു അണികൾ മനസിലാക്കണം. ചാവേറുകളായി ജീവിതം ഹോമിച്ചവരുടെ എണ്ണമറ്റ ദുരന്തകഥകൾ മുന്നിലുള്ളപ്പോൾ പ്രത്യേകിച്ചൊരു പാഠപുസ്തകം ഈ വിഷയത്തിൽ തുറന്നുവയ്ക്കേണ്ടതില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FEATURE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.