SignIn
Kerala Kaumudi Online
Tuesday, 09 March 2021 6.48 AM IST

പെല്ലറ്റ് തകർത്ത ജീവിതങ്ങൾ

pellet

'' കണ്ണിൽ പെല്ലറ്റിനാൽ മുറിവേറ്റോ? ഉടൻ സമീപിക്കൂ''

ലോകത്തെ സുന്ദരപർവങ്ങളിലൊന്നായ കാശ്മീരിന്റെ മടിത്തട്ടിലെ ശ്രീനഗറിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ബോർഡാണിത്. വെടിയേറ്റാൽ ചികിത്സയ്‌ക്കായി ഓടിയെത്തൂ എന്ന് ആഹ്വാനം ചെയ്തുള്ള ഈ ബോർഡ് കാശ്മീരിന് പുറത്തു നിന്നുള്ള ജനതയ്‌ക്ക് ആശ്ചര്യവും അതിശയോക്തിയുമായൊക്കെ തോന്നാം. പക്ഷേ കാശ്മീരിനെ സംബന്ധിച്ചിടത്തോളം കളിയല്ലെന്ന് മാത്രമല്ല പെല്ലറ്റ് തോക്കിന്റെ നീറുന്ന അനുഭവം നേരിട്ടറിഞ്ഞ ഒരാളെങ്കിലും ഒരു കുടുംബത്തിൽ കാണും. സാധാരണ ജനങ്ങളെ പെല്ലറ്റ് തോക്കിന് അടിച്ച് നിലയ്ക്ക് നിർത്താൻ ശ്രമിക്കുന്നത് ചാവേറുകളോ ഭീകരന്മാരോ അല്ല. കാശ്മീരികളോട് ചോദിക്കൂ അവർ പറയും ''അത് ഞങ്ങളുടെ സ്വന്തം പൊലീസും സേനയുമാണെന്ന് ''.


രണ്ട് ദിവസം മുൻപ് മുഹ്‌റം ആഘോഷത്തിനിടയിലുമുണ്ടായി ഈ ' മര്യാദ പഠിപ്പിക്കൽ'. എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ഷിയ മുസ്‌ലിംകൾ നടത്തിയ ഘോഷയാത്രയ്‌ക്ക് നേരെയാണ് പൊലീസ് പെല്ലറ്റ് ആക്രമണം നടത്തിയതെന്ന് പരിക്കേറ്റവർ പറയുന്നു. ഗുരുതരമായി പരിക്കേറ്റ പത്താംക്ലാസുകാരൻ അജാസ് അഹ്‌മദിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായി. കൂട്ടുകാരായ തൻവീർ അഹ്‌മദ്, സുഹൈൽ അഹ്‌മദ് എന്നിവരുടെ മുഖം, കാണാനാവാത്ത വിധം വികൃതമായി. ഭരണാധികാരികൾക്ക് ഇത് ഒറ്റപ്പെട്ട സംഭവമായിരിക്കാം. പക്ഷേ, രണ്ടായി വിഭജിക്കപ്പെട്ട ഈ നാട്ടിൽ വിഭജനത്തിന് മുൻപും ഇപ്പോഴും ഇത് സാധാരണമാണ്. സദാസമയം ഭീകരവേട്ട നടക്കുന്നിടത്ത് സാധാരണ ജനങ്ങൾ നേരിടുന്ന കണ്ണില്ലാ ക്രൂരതയ്ക്ക് രാജ്യം ചെവികൊടുക്കുന്നില്ലെന്നതാണ് സത്യം.


പെല്ലറ്റിന്റെ ആദ്യ പ്രഹരം

2010 ലാണ് ജനങ്ങൾക്ക് നേരെ കാശ്മീരിൽ പൊലീസും സേനയും പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കാൻ ആരംഭിച്ചത്. 20,000 ത്തോളം പേർ പങ്കെടുത്ത പൊതുപരിപാടിയിൽ ജനങ്ങളെ പിരിച്ചുവിടുകയായിരുന്നു ലക്ഷ്യം. ആദ്യമായി കാശ്മീരികൾ പെല്ലറ്റിന്റെ വേദനയറിഞ്ഞു. ആയിരത്തോളം പേർക്ക് പരിക്കേറ്റു.

ചെറിയ ബോൾ ബെയറിംഗുകളാണ് ബുള്ളറ്റുകൾക്ക് പകരം ഉപയോഗിക്കുന്നത്. ഒരു കാട്രിഡ്‌ജിൽ 400 മുതൽ അഞ്ഞൂറ് വരെ പെല്ലറ്റുകളുണ്ടാകും. ഒരേ സമയം ഒരുപാട് പെല്ലറ്റുകളാണ് ഇതിൽ നിന്നും പുറത്തു വരിക. വിവിധ മോഡൽ പെല്ലറ്റ് ഗണ്ണുകളിൽ ഏറ്റവും അപകടകാരികളായവയാണ് കാശ്മീരിൽ സേന ഉപയോഗിക്കുന്നതത്രേ.

കൊല്ലുന്നില്ലല്ലോ !

പിന്നെന്താ ?
പ്രതിഷേധങ്ങളെ നിയന്ത്രിക്കാനാണ് ഈ കണ്ണില്ലാത്ത ക്രൂരയെന്നാണ് അധികാരികളുടെ വാദം. ആളുകൾക്ക് മുറിവേൽക്കുകയേ ഉള്ളൂ ! മരിക്കില്ലത്രേ! ആളുകളെ കൊല്ലില്ലെങ്കിലും ജീവിതം തകർക്കുന്നവയാണ് പെല്ലറ്റുകൾ. മരണപ്പെടുന്നതിലും വലിയ മുറിപ്പാടുകൾ ജീവിതത്തിൽ ഏൽപ്പിച്ചാവും ഈ കുഞ്ഞൻ വെടിയുണ്ടകൾ ശരീരത്തിൽ നിന്ന് പറിഞ്ഞു പോവുക. ആഴത്തിലുള്ള മുറിവുകളും ക്ഷതങ്ങളും രക്തസ്രാവവും മറ്റും പെല്ലറ്റ് തോക്കുകൾ ഉപയോഗിക്കുന്നതിന്റെ ഫലമായുണ്ടാകുന്നുണ്ട്.

എണ്ണിയാലൊടുങ്ങാത്ത

കണക്കുകൾ

2014 നും 2016 നും ഇടയിൽ 88 പേർക്കാണ് പെല്ലറ്റിന്റെ ക്ഷതമേറ്റ് കാഴ്ച നഷ്ടമായത്. അടുത്ത രണ്ട് വർഷത്തിലാകട്ടെ 1,234 പേർക്കും. ഗുരുതരമായി പരിക്കേറ്റവർ അയ്യായിരത്തിലേറെ. കഴിഞ്ഞ ദിവസം പരിക്കേറ്റ അജാസ് അഹ്‌മദിന്റെ മുഖത്ത് നിന്ന് മാത്രം ലഭിച്ചത് 30 ഉണ്ടകളാണ്. കണ്ണിനുള്ളിൽ നിന്നാകട്ടെ ഏഴെണ്ണവും. ഇവ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്‌ക്ക് ഒരു തവണ ഒന്നര ലക്ഷത്തിലധികം രൂപ ചെലവാകും. മരുന്നുകൾക്ക് വേറേ. എന്നിട്ടും ഇരുട്ട് മാത്രമാകും കൂട്ട്.

പരിക്കേറ്റ കുട്ടികളിൽ പലരും സേനയ്ക്ക് നേരെ കല്ലെറിയാൻ ശേഷിയുളളവരല്ല. അറിയാതെ സംഘർഷ സ്ഥലങ്ങളിൽ കുടുങ്ങിയതാണ് മിക്കവരും. പെല്ലറ്റുകൾ സൃഷ്ടിച്ച വൈകല്യങ്ങൾ ജീവിതത്തിലുടനീളം ഇവരെ വേട്ടയാടും. പലരും മൃതപ്രായരാണ്. പെല്ലറ്റുകൾ തറച്ച് കാഴ്ചശക്തി നഷ്ടപ്പെട്ടവരും കാഴ്ച മങ്ങിയവരുമായ നിരവധി കുട്ടികളെ ഇന്ന് കശ്മീരിൽ കാണാം.

അരുതെന്ന് വിലക്കി ആംനസ്റ്റി

ജനക്കൂട്ടത്തിന് നേരെ പെല്ലറ്റ് തോക്ക് പ്രയോഗിക്കുന്നത് അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് മനുഷ്യാവകാശങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയായ ആംനസ്റ്റി ഇന്റർനാഷണൽ അടക്കം വ്യക്തമാക്കിയിരുന്നു. ലക്ഷ്യം തെറ്റിയാണ് ഇതിന്റെ സഞ്ചാരമെന്നതിനാൽ കൃത്യമായ നിയന്ത്രണങ്ങളോടെ ഇത് ഉപയോഗിക്കാനാവില്ല. അതുകൊണ്ടുതന്നെ സംഘർഷത്തിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നവർക്കും ഗുരുതരമായി പരിക്കേൽക്കാൻ സാദ്ധ്യതയുണ്ട്. ജനങ്ങൾക്കെതിരെ പെല്ലറ്റ് തോക്ക് ഉപയോഗിക്കുന്നതിൽ പ്രതിഷേധിച്ച് 2014ൽ കാശ്മീർ നിയമസഭ സ്തംഭിപ്പിച്ച മെഹബൂബ മുഫ്തി പോലും അധികാരത്തിലെത്തിയപ്പോൾ അക്കഥ മറന്നു.


കോടതി വിലക്കിയിട്ടും

പെല്ലറ്റ് ഉപയോഗത്തിൽ പൊറുതിമുട്ടി കാശ്മീരിലെ ജില്ലാ കോടതി മുതൽ സുപ്രീംകോടതി വരെ കയറിയിറങ്ങിയ ഒട്ടേറേ പൊതുജനങ്ങളും മനുഷ്യാവകാശ സംഘടനകളും കാശ്മീരിലുണ്ട്.

2016ൽ പൊലീസിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് , അഞ്ച് വയസുകാരനെ പെല്ലറ്റിനടിച്ച് കാഴ്ച നഷ്ടമാക്കിയ കാശ്മീരി പൊലീസിനെ ജമ്മുകാശ്മീർ ഹൈക്കോടതി 2016 ജൂലൈ 23ന് രൂക്ഷമായി വിമർശിച്ചിരുന്നു. ഒരാൾക്ക് കാഴ്ച നഷ്ടപ്പെടുമ്പോൾ എല്ലാം നഷ്ടമാവുകയാണ്, ഈ പ്രപഞ്ചം തന്നെ അയാൾക്ക് അപ്രാപ്യമാകുന്നുവെന്നും കോടതി പറഞ്ഞു. മാരക പരിക്കേറ്റ അഞ്ചു വയസുകാരന്റെ, പത്രത്തിൽ വന്ന ഫോട്ടോ ഉയർത്തിക്കാട്ടി ഇതിലേക്ക് മനസാക്ഷിയുള്ളവർക്ക് നോക്കിനിൽക്കാനാവില്ലെന്ന് ജഡ്ജിമാർ അഭിപ്രായപ്പെട്ടിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പെല്ലറ്റ് ഗൺ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞ് ജമ്മു കാശ്മീർ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് എൻ. പോൾ വസന്തകുമാർ, ജസ്റ്റിസ് മുസഫർ ഹുസൈൻ അത്തർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് സംസ്ഥാന സർക്കാരിനെ ശാസിച്ചിരുന്നു.

തോന്നിയതുപോലെ പെല്ലറ്റുകൾ ഉപയോഗിക്കരുതെന്ന് 2016 ഡിസംബറിൽ കാശ്മീർ സർക്കാരിന് സുപ്രീംകോടതിയും നിർദേശം നൽകി. 2017 മാർച്ചിൽ പെല്ലറ്റ് ഗണ്ണുകൾക്ക് പകരം സംവിധാനം ഉണ്ടാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹർ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെടുകയും ചെയ്തു. ഇത് പഠിക്കാൻ കേന്ദ്രസർക്കാർ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുകയും ചെയ്തു. എന്നാൽ കാശ്മീരി ജനത ഇപ്പോഴും പെല്ലറ്റ് വർഷം ഇടതടവില്ലാതെ ഏറ്റുവാങ്ങുകയാണ് .

ഈ കുട്ടികളെന്ത് പിഴച്ചു!

കഴിഞ്ഞ ജൂണിൽ ശ്രീനഗർ മെഡിക്കൽ കോളേജിലെ മന:ശാസ്ത്ര വിഭാഗം നടത്തിയ പഠനത്തിൽ പെല്ലറ്റ് ഇരകളിൽ നൂറ് ശതമാനം പേരെയും ഉത്കണ്ഠാ രോഗങ്ങൾ, വിഷാദരോഗം എന്നിവ അലട്ടുന്നു എന്ന് കണ്ടെത്തി. കാശ്മീർ താഴ്വരയിലെ 45 ശതമാനം യുവാക്കൾക്കും ഇതേ പ്രശ്‌നങ്ങളുണ്ട്. രണ്ട് വർഷം മുൻപ് കമ്മ്യൂണൽ മെന്റെൽ ഹെൽത്ത് ജേർണൽ നടത്തിയ പഠനത്തിൽ ഇന്ത്യയിൽ ഏറ്റവും അധികം മാനസിക പ്രശ്‌നങ്ങളുള്ള കുട്ടികൾ കാശ്മീരിലാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഏറ്റവും അധികം ഭീകരാക്രമണങ്ങളും സംഘർഷങ്ങളും നടക്കുന്ന സോപ്പിയാൻ ജില്ലയിലെ എട്ടാം ക്ലാസ് മുതൽ 12 -ാം ക്ലാസ് വരെയുളള ക്ലാസുകളിലെ 1000 കുട്ടികൾക്കിടയിൽ നടത്തിയ പഠനം പ്രശ്‌നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു. നിയന്തണാധീതമായ ഉത്കണ്ഠ, സ്വഭാവ വൈകല്യം, വൈകാരിക ചിത്തഭ്രമം, പി. ടി.എസ്. ഡി. (പോസ്റ്റ് ട്രൂമാറ്റിക് സ്ട്രസ് ഡിസോഡർ ) അഥവാ 'പീന്നീടുള്ള ക്ലേശകരമായ മാനസിക പിരിമുറുക്കാവസ്ഥ' തുടങ്ങിയവയെല്ലാം കുട്ടികൾക്കിടയിൽ സർവവ്യാപിയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PELLET ATTACK KASHMIR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.