തിരുവനന്തപുരം: പബ്‌ജി അടക്കമുള്ള ചൈനീസ് ആപ്പുകൾ നിരോധിക്കുകയും ആത്‌മനിർഭർ ഭാരതിനെപ്പറ്റി പ്രധാനമന്ത്രി നിരന്തരം ഓർമ്മപ്പെടുത്തുകയും ചെയ്യുന്ന ഈ ദിവസങ്ങളിൽ സുഹൃത്തുക്കളേയും വീട്ടുകാരേയും ഞെട്ടിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ പന്ത്രണ്ടു വയസുകാരൻ. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ധീരജാണ് സ്വന്തമായൊരു ആപ്പ് വികസിപ്പിച്ച് അത്‌ഭുതമായിരിക്കുന്നത്. വാട്‌സാപ്പ് മോഡലിലുള്ള ചാറ്റിംഗ് ആപ്പാണ് ധീരജ് രൂപപ്പെടുത്തിയ കോൾ ചാറ്റ് മെസഞ്ചർ. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പിന് ഇതിനോടകം ആമസോൺ ആപ്പ് സ്റ്റോറിന്റെ പേറ്റന്റും ലഭിച്ചു.
ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന് ശേഷമാണ് ധീരജിന്റെ വീട്ടിലൊരു കമ്പ്യൂട്ടർ വാങ്ങുന്നത്. കമ്പ്യൂട്ടർ വാങ്ങിയെങ്കിലും ഇന്റർനെറ്റ് കണക്ഷൻ ഉണ്ടായിരുന്നില്ല. മാർജിൻ ഫ്രീ ഷോപ്പ് നടത്തുന്ന അച്ഛൻ ശിവകുമാർ രാത്രി വീട്ടിലെത്തിയ ശേഷം അദ്ദേഹത്തിന്റെ മൊബൈൽ ഫോണിലെ ഹോട്ട് സ്‌പോട്ട് ഷെയർ ചെയ്‌താണ് ധീരജ് കമ്പ്യൂട്ടർ ഉപയോഗിച്ചിരുന്നത്. വെബ്‌സൈറ്റുകളും യൂട്യൂബും തിരഞ്ഞാണ് ആപ്പ് രൂപപ്പെടുത്തുന്നത് എങ്ങനെയെന്ന് ധീരജ് പഠിച്ചത്. രാത്രി മുഴുവൻ കമ്പ്യൂട്ടറിന് മുന്നിൽ കുത്തിയിരുന്ന ധീരജിനെ അച്ഛനും അമ്മയും നിരന്തരം വഴക്ക് പറയുമായിരുന്നെങ്കിലും അതൊന്നും ഈ എട്ടാം ക്ലാസുകാരൻ കാര്യമാക്കിയിരുന്നില്ല.
ഇതിനുമുമ്പ് ഫോട്ടോ എഡിറ്റിംഗ് ആപ്പ് ഉൾപ്പടെ പലതും അച്ഛന്റെ ഫോൺ ഉപയോഗിച്ച് നിർമ്മിക്കാൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചത് കോൾ ചാറ്റ് മെസഞ്ചറിന്റെ പരീക്ഷണമാണ്. ധീരജിന്റെ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും തുടങ്ങി പ്രിൻസിപ്പൾ വരെ തങ്ങളുടെ വിദ്യാർത്ഥി നിർമ്മിച്ച ആപ്പാണ് ഇപ്പോൾ ദൈനംദിന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നത്. വീഡിയോ കോളിനും വോയിസ് കോളിനും എല്ലാം കോൾ ചാറ്റ് മെസഞ്ചറിന്റെ സേവനം ഉപയോഗിക്കാം. ഇമോജികളും ലൈവ് സ്റ്റിക്കറുകളും അനിമേറ്റഡ് സ്റ്റിക്കറുകളും അടക്കം സമ്പന്നമാണ് കോൾ ചാറ്റ് മെസഞ്ചറിന്റെ ലോകം.
കോൾ ചാറ്റിന്റെ സവിശേഷതകൾ
എത്ര കുറഞ്ഞ നെറ്റിലും കോൾ ചാറ്റ് മെസഞ്ചർ സുഖമായി ഉപയോഗിക്കാം. 2 ജി നെറ്റിൽ വീഡിയോ കോൾ ചെയ്യാം
വാട്സാപ്പിൽ നിന്ന് വ്യത്യസ്‌തമായി 1 ജി.ബി വീഡിയോ വരെ ആപ്പിലൂടെ അയക്കാം.
വൈറസ് മെസേജുകൾ അയച്ചാലും അത് ലഭ്യമാകില്ല.
ചിത്രങ്ങൾ സ്റ്റോറാവുന്നത് ഫോണിലല്ല, ക്ലൗഡ് ബേയ്‌സ് സർവറിൽ
ഗ്രൂപ്പിൽ ചേർക്കുന്ന അംഗങ്ങളുടെ എണ്ണത്തിന് നിയന്ത്രണമില്ല ( വാട്‌സാപ്പിൽ 240 പേരെ മാത്രമേ ചേർക്കാൻ പറ്റൂ)
സ്വന്തമായി വികസിപ്പിച്ച ആപ്പിനെപ്പറ്റി പുറം ലോകത്ത് പറഞ്ഞെങ്കിലും സംഭവം വിശ്വസിക്കാൻ പലരും ഇതുവരെ തയ്യാറായിട്ടില്ല. മാർജിൻ ഫ്രീ ഷോപ്പിൽ സാധനങ്ങൾ വാങ്ങാൻ വന്നവരെ കൊണ്ട് ഡൗൺലോഡ് ചെയ്യിപ്പിച്ചാണ് മകന്റെ കഴിവ് ശിവകുമാർ പുറംലോകത്തെ അറിയിക്കാൻ ശ്രമിക്കുന്നത്. അതേസമയം ചൈന, അമേരിക്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിലുള്ളവർ കോൾ ചാറ്റ് മെസഞ്ചർ ഡൗൺലോഡ് ചെയ്‌തിട്ടുണ്ട്. ആകെ ആയിരത്തിനടുത്ത് ആളുകൾ മാത്രമാണ് ഇതുവരെ ആപ്പിന്റെ സേവനം ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇറാൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് ധീരജിനെ തേടി അഭിനന്ദന സന്ദേശങ്ങളും എത്തുന്നുണ്ട്. വീട്ടമ്മയായ സുനിതയാണ് ധീരജിന്റെ അമ്മ. സഹോദരി നീരജ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |