ഒക്ടോബർ 2ന് നിലവിൽവരും 1.5 ലക്ഷം കുട്ടികൾക്ക് പഠനസൗകര്യം
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഓപ്പൺ സർവകലാശാല ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിൽ കൊല്ലത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒക്ടോബർ 2ന് ഗാന്ധിജയന്തി ദിനത്തിൽ നിലവിൽവരും. സംസ്ഥാനമാകെ അധികാരപരിധിയുണ്ടാവും.
കരട് ഓർഡിനൻസ് നിയമവകുപ്പിന്റെ പരിഗണനയിലാണ്. ഓർഡിനൻസിറക്കിയ ശേഷം യു.ജി.സിയുടെ അനുമതി തേടും. ഒന്നര ലക്ഷത്തിലേറെ കുട്ടികൾക്ക് തുടക്കത്തിൽ പഠനസൗകര്യമുണ്ടാവും. ഇക്കൊല്ലം പ്ലസ്ടു, ബിരുദ കോഴ്സുകൾ വിജയിച്ചവർക്ക് ഉപരിപഠനം സാദ്ധ്യമാക്കും. കൊല്ലത്ത് എവിടെയെന്ന് നിശ്ചയിച്ചിട്ടില്ല.
ഓപ്പൺ യൂണിവേഴ്സിറ്റി കേരളത്തിൽ തൊഴിൽ വിപ്ലവമുണ്ടാക്കും. പരമ്പരാഗത കോഴ്സുകൾക്ക് പുറമെ മൂന്ന് മാസം മുതൽ ഒരുവർഷം വരെ ദൈർഘ്യമുള്ള തൊഴിലധിഷ്‌ഠിത, തൊഴിൽ നൈപുണ്യ കോഴ്സുകളാണ് പ്രത്യേകത. ഇംഗ്ലീഷ്, ഫ്രഞ്ച്, അറബിക്, ചൈനീസ് ഭാഷാ കോഴ്സുകളുമുണ്ടാവും.
മറ്റ് സർവകലാശാലകളിൽ പഠിക്കുന്നവർക്ക് ചേരാനാവുന്ന സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളും തുടങ്ങും. ഇടയ്ക്ക് പഠനം നിറുത്തുന്നവർക്ക് അതുവരെയുള്ള പഠനത്തിനനുസരിച്ച് ഡിപ്ലോമ സർട്ടിഫിക്കറ്റ് നൽകും.
കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ പ്രോഗ്രാമിലെ 93,155 പേർക്കും കേരള, എം.ജി സർവകലാശാലകളിലെ 25,488 പ്രൈവറ്റ് രജിസ്‌ട്രേഷൻകാർക്കും, പ്ലസ് ടു തുല്യതാ പരീക്ഷ പാസായ 30,000 പേർക്കും പ്രയോജനപ്പെടും.
വിദൂര, പ്രൈവറ്റ് പഠനം ഇനി ഇവിടെ
കേരള, കലിക്കറ്റ്, എം.ജി, കണ്ണൂർ സർവകലാശാലകളിലെ വിദൂര, പ്രൈവറ്റ് പഠനം പൂർണമായി ശ്രീനാരായണഗുരു സർവകലാശാലയിലേക്ക് മാറ്റും. നിലവിൽ വിദൂരപഠനം നടത്തുന്നവർക്ക് അവിടെ പഠനം പൂർത്തിയാക്കാം. ഈ അദ്ധ്യയനവർഷം മുതലുള്ള പ്രവേശനം ഓപ്പൺ സർവകലാശാലയിലായിരിക്കും. സയൻസ് വിഷയങ്ങളിലും വിദൂര കോഴ്‌സുകളും പ്രൈവറ്റ് രജിസ്ട്രേഷനും. ഇതിനായി സർക്കാർ, എയ്ഡഡ് കോളേജുകളിലെ ലാബുകളും മറ്റും പ്രയോജനപ്പെടുത്തും. മറ്റ് വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അദ്ധ്യാപകർക്കും ജീവനക്കാർക്കും ഓപ്ഷനിലൂടെ ഇവിടേക്ക് മാറാം. നാക് ഗ്രേഡിംഗ് 3.25 സ്‌കോറിന് മുകളിലുള്ള സർവകലാശാലകൾക്കേ നിലവിൽ വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്താനാവൂ. ഓപ്പൺ സർവകലാശാലയ്ക്ക് ഇത് തടസമാകില്ല.
ശ്രീനാരായണഗുരു പഠനകേന്ദ്രം
മാസീവ് ഓൺലൈൻ ഓപ്പൺ കോഴ്‌സുകളും ശ്രീനാരായണഗുരു പഠനകേന്ദ്രവും
പ്രവേശനം, പരീക്ഷാ നടത്തിപ്പ്, മൂല്യനിർണയം എന്നിവ ഓൺലൈനായി
വിദേശത്തെ പ്രഗല്ഭരെയടക്കം പങ്കെടുപ്പിച്ച് ക്ലാസ്, തൊഴിൽ നൈപുണ്യ കോഴ്സുകൾ
ഏത് ഘട്ടത്തിൽ പഠനം ഉപേക്ഷിച്ചവർക്കും പ്രായപരിധിയില്ലാതെ ചേരാം
കോളേജുകളിലെ സൗകര്യം ശനി, ഞായർ, അവധി ദിവസങ്ങളിൽ പ്രയോജനപ്പെടുത്തും
സർട്ടിഫിക്കറ്റുകൾ മറ്റ് സർവകലാശാലകൾ അംഗീകരിക്കണമെന്ന് നിഷ്‌കർഷിക്കും
പി.എസ്.സിയെക്കൊണ്ടും അംഗീകരിപ്പിക്കാൻ ശ്രമിക്കും
'കേരളീയ നവോത്ഥാനത്തിന്റെ കെടാവിളക്കായ ശ്രീനാരായണ ഗുരുവിന്റെ നാമധേയത്തിലുള്ള സർവകലാശാല
വിദ്യാഭ്യാസത്തിന്റെ ജനകീയ വത്കരണത്തിൽ വൻ മാറ്റമുണ്ടാക്കും'.
-മുഖ്യമന്ത്രി പിണറായി വിജയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |