തിരുവനന്തപുരം: ശ്വാസകോശത്തിലെ സ്രവങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുന്നതിന് 'അക്രിലാേസോർബ്' എന്ന ബാഗ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് വികസിപ്പിച്ചെടുത്തു. അണുനാശിനി അടങ്ങിയിട്ടുള്ള ദ്രവ ആഗിരണശേഷിയോടുകൂടിയ ബാഗാണിത്. ഇതിലേക്ക് വലിച്ചെടുക്കുന്ന സ്രവങ്ങൾ ഖരാവസ്ഥയിൽ എത്തുന്നതിനാൽ സുരക്ഷിതമായി സാധാരണ ജൈവമാലിന്യ നിർമ്മാർജനം വഴി നശിപ്പിക്കാനാകും.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങൾ കുപ്പികളിൽ ശേഖരിച്ച് അണുനശീകരണത്തിനുശേഷം പ്രത്യേക സംവിധാനത്തിലൂടെ ഒഴുക്കിക്കളയുന്നതാണ് നിലവിലുള്ള രീതി. ഈ പ്രക്രിയയിലൂടെ അണുബാധയേൽക്കാനുള്ള സാദ്ധ്യത കൂടുതലാണ്. എന്നാൽ പുതിയ രീതിയിൽ അണുബാധയേ ഉണ്ടാകില്ല. പരിമിതമായ സൗകര്യമുള്ള ആശുപത്രികളിലും താത്കാലിക ചികിത്സാ കേന്ദ്രത്തിലും വരെ ഇത് ഉപയോഗിക്കാനാകും. ഡോക്‌ടർമാരായ മഞ്ജു, മനോജ് കോമത്ത്, ആശാകിഷോർ, അജയ് പ്രസാദ് ഹൃഷി എന്നിവരടങ്ങിയ സംഘമാണ് വികസിപ്പിച്ചെടുത്തത്.
കൊവിഡ്, ഫ്ളൂ, ക്ഷയം തുടങ്ങിയ രോഗങ്ങൾ പകരാതിരിക്കാൻ ഇതിലൂടെ കഴിയുമെന്നതാണ് പ്രത്യേകത. 500 മില്ലി ലിറ്റർ സ്രവം ആഗിരണം ചെയ്യാൻ കഴിയുന്ന ബാഗ് 100 രൂപയിൽ താഴെ വിലയ്ക്ക് ആശുപത്രികളിൽ എത്തിക്കാൻ കഴിയുമെന്ന് ശ്രീചിത്ര അധികൃതർ അറിയിച്ചു.
വ്യാവസായികാടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് റോംസൺസ് സയന്റിഫിക് ആൻഡ് സർജിക്കൽ എന്ന കമ്പനിയുമായി കരാർ ഒപ്പുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |