പത്തനംതിട്ട: ചിറ്റാറിൽ വനപാലകരുടെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സി.ബി.ഐ അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് വീണ്ടും പോസ്റ്റുമോർട്ടം നടത്തുന്നത് പ്രത്യേക സംഘം ഡോക്ടർമാർ.
നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം റീപോസ്റ്റുമോർട്ടം ചെയ്ത പൊലീസ് സർജൻമാരായ ഡോ. പി.ബി. ഗുജറാൾ (പാലക്കാട്), ഡോ. ഉൻമേഷ് (എറണാകുളം), ഡോ. പ്രസന്നൻ (കോഴിക്കോട്) എന്നിവരുടെ നേതൃത്വത്തിലാണ് രാവിലെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ റീപോസ്റ്റുമോർട്ടം. റാന്നി മാർത്തോമ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ സി.ബി.ഐ ഏറ്റുവാങ്ങും. മത്തായി കിണറ്റിൽ മുങ്ങിമരിച്ചെന്നാണ് ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട്.
ജൂലായ് 28ന് വനത്തിലെ കാമറ മോഷണവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. മൃതദേഹം പിന്നീട് കുടുംബവീട്ടിലെ കിണറ്റിൽ കാണപ്പെടുകയായിരുന്നു. മർദ്ദിച്ച ശേഷം കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതായാണ് കുടുംബത്തിന്റെ ആരോപണം. മത്തായിയെ മോചിപ്പിക്കാൻ ഇടനിലക്കാരൻ വഴി വനപാലകർ ഭാര്യയോട് പണമാവശ്യപ്പെട്ടതും വിവാദമായിരുന്നു. വനംവകുപ്പിന്റെ ജി.ഡി രജിസ്റ്ററിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നു. ബന്ധപ്പെട്ട വനംവകുപ്പ് ജീവനക്കാരെ സ്ഥലം മാറ്റുകയും രണ്ട് പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് മത്തായിയുടെ മൃതദേഹം 38 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നെടുങ്കണ്ടത്ത്
വഴിത്തിരിവായി
സാമ്പത്തികത്തട്ടിപ്പ് കേസിൽ റിമാൻഡിലായ വാഗമൺ കോലാഹലമേട് സ്വദേശി രാജ്കുമാർ കസ്റ്റഡിയിലിരിക്കെ മരിച്ച കേസിൽ റീ പോസ്റ്റ്മോർട്ടത്തിലൂടെയാണ് സുപ്രധാന തെളിവ് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ കാണാതെപോയ പരിക്കുകളാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ റീപോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്. ന്യുമോണിയ കാരണമാണ് മരണമെന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |