മൂന്ന് പതിറ്റാണ്ടുകാലം മലയാളികളെ ത്രസിപ്പിച്ച സൂപ്പർ ഹീറോകളുടെ തമ്പുരാൻ രഞ്ജിത്തിന് ഇന്ന് പിറന്നാൾ.കഥ,തിരക്കഥ, നിർമ്മാണം, സംവിധാനം ഒടുവിൽ അഭിനയവും.കൈവെച്ചതെല്ലാം പൊന്നാക്കി ജൈത്രയാത്ര തുടരുകയാണ് മലയാളികളുടെ പ്രിയപ്പെട്ട രഞ്ജിത്ത്. മലയാള സിനിമയെ മാറ്റത്തിന്റെ വഴിയിലേക്ക് നയിച്ചവരിൽ ഒരാളാണ് രഞ്ജിത്തെന്ന് മോഹൻലാൽ ഒരിക്കൽ വിശേഷിപ്പിച്ചിട്ടുണ്ട്.ആകാശവാണിയിലെ ആർട്ടിസ്റ്റായിരുന്ന കരുമല ബാലകൃഷ്ണന്റെയും പത്മാവതി അമ്മയുടേയും മകനായി 1964 രഞ്ജിത്ത് ജനിച്ചു.1987ൽ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് പഠിച്ചിറങ്ങി വി.ആർ.ഗോപിനാഥ് സംവിധാനം ചെയ്ത ഒരു മെയ് മാസപുലരിയെന്ന ചിത്രത്തിന് തിരക്കഥയൊരുക്കി രഞ്ജിത്ത് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു.
മലയാള സിനിമയിൽ രഞ്ജിത്ത് അവതരിപ്പിച്ച നായകൻമാരും പ്രതിനായകരും വേറിട്ട പാതയിൽ സഞ്ചരിച്ചവരായിരുന്നു. വ്യത്യസ്ഥമായ മുഖങ്ങളുള്ളവർ.അന്നുവരെ കാണാത്ത രീതി സൃഷ്ടിച്ചവർ.ഐ.വി.ശശി ,കമൽ,ഷാജി കൈലാസ്,സിബി മലയിൽ,വിജി തമ്പി തുടങ്ങി പ്രമുഖ സംവിധായകർക്കു വേണ്ടി തിരക്കഥകൾ രചിച്ചുകൊണ്ട് രഞ്ജിത്ത് മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തി.
മലയാള സിനിമയിൽ നാഴികക്കല്ലായ ചിത്രമായിരുന്നു ദേവാസുരം. മികച്ച തിരക്കഥയായിരുന്നു ആ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത.മോഹൻലാൽ അവതരിപ്പിച്ച മംഗലശ്ശേരി നീലകണ്ഠൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കുന്നതിൽ രഞ്ജിത്തിന്റെ തിരക്കഥക്ക് വലിയ പങ്കുണ്ടായിരുന്നു.ദേവാസുരത്തിന്റെ വിജയത്തിനു ശേഷം രഞ്ജിത്ത് -ഷാജി കൈലാസ് -മോഹൻലാൽ സഖ്യത്തിനോടൊപ്പം ചേർന്നൊരുക്കിയ ആറാം തമ്പുരാൻ, നരസിംഹം ഈ ചിത്രങ്ങളെല്ലാം ബോക്സോഫീസിൽ പ്രകമ്പനം സൃഷ്ടിച്ചു. മോഹൻലാൽ എന്ന മഹാനടന്റെ മാസ്സ് വേഷങ്ങൾ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഈ സിനിമകളുടെ വൻ വിജയത്തിനു ശേഷം രഞ്ജിത്ത് ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭു സംവിധാനം ചെയ്തു സംവിധായകനായി വേഷപകർച്ച നടത്തി.ആ വർഷത്തെ ഏറ്റവും നല്ല ജനപ്രിയ സിനിമയായിരുന്നു രാവണപ്രഭു.അതിനു ശേഷം നന്ദനം ചെയ്തുകൊണ്ട് കലാമൂല്യവും ജനപ്രിയതയും നിലനിർത്തിയായിരുന്നു പിന്നിടുള്ള രഞ്ജിത്തിന്റെ സിനിമ യാത്ര.
ആക്ഷൻ മാസ്സ് ചിത്രങ്ങളുടെ വക്താവായി അറിയപ്പെട്ടിരുന്ന രഞ്ജിത്ത് സംവിധായകന്റെ കുപ്പായമണിഞ്ഞപ്പോൾ മികച്ച കലാസൃഷ്ടികൾ രൂപപ്പെടുത്തുന്നതിലും അദ്ദേഹം വിജയിച്ചു. പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്,തിരക്കഥ,ബ്ലാക്ക്,പാലേരി മാണിക്യം, ഇന്ത്യൻ റുപ്പി, സ്പിരിറ്റ്, കയ്യൊപ്പ്,നന്ദനം,ഞാൻ തുടങ്ങിയവയെല്ലാം രഞ്ജിത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ ക്ലാസ് സിനിമകളാണ്. ആദ്യ സിനിമയോടൊപ്പം ഇറങ്ങിയ എഴുതാപ്പുറങ്ങൾ എന്ന സിനിമയിൽ രഞ്ജിത്ത് ചെറിയവേഷത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് തിരക്കഥാകൃത്തായി സംവിധായകനായി തിളങ്ങി ഇപ്പോൾ അഭിനേതാവായും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ് രഞ്ജിത്ത്.നിരവധി സിനിമകളിൽ വലുതും ചെറുതുമായവേഷങ്ങൾ ചെയ്തു. അഞ്ജലിമേനോൻ സംവിധാനം ചെയ്ത കൂടെയിലെ അച്ഛൻവേഷംഏറെ ശ്രദ്ധിക്കപ്പെട്ടു. രഞ്ജിത്തിന്റ ഉറ്റ സുഹൃത്തും സംവിധായകനുമായ സച്ചിയുടെ അവസാന ചിത്രം അയ്യപ്പനും കോശിയിലെ കുര്യൻജോൺ എന്ന ശക്തമായ അച്ഛൻവേഷം തിയേറ്ററുകളിൽ നിറഞ്ഞ കൈയ്യടിനേടി.ഈ സിനിമയുടെ നിർമ്മാണ പങ്കാളിയുമായിരുന്നു .
സിനിമയുടെ വേറിട്ട വഴികളിലൂടെ സഞ്ചരിക്കുമ്പോഴും രഞ്ജിത്തിനെ തേടി ബഹുമതികളും വന്നുചേർന്നിരുന്നു.അദ്ദേഹത്തിന്റെ ചിത്രമായ തിരക്കഥയ്ക്കും ഇന്ത്യൻ റുപ്പിയ്ക്കും ദേശിയ അംഗീകാരം ലഭിച്ചു. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും അദ്ദേത്തിനെ തേടിയെത്തിയിരുന്നു.
കരുത്തുറ്റ പെണ്ണുങ്ങൾ
രഞ്ജിത്തിന്റെ സിനിമകളിലെ പൗരുഷമുള്ള ആൺ കഥാപാത്രങ്ങൾ മാത്രമാണ് ചർച്ചചെയ്യപ്പെട്ടിട്ടുള്ളു എന്നാൽ അദ്ദേഹത്തിന്റെ ചിത്രത്തിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് ആരും പറഞ്ഞുകേട്ടിട്ടില്ല.ദേവസൂരത്തിലെ നീലകണ്ഠന്റെ മുഖത്ത് ചിലങ്കയെറിയുന്ന ഭാനുമതി, നരസിംഹത്തിലെ അനുരാധ എന്നിവ ശ്രദ്ധേയം. അക്കാലത്ത് വീട്ടുകാരെ എതിർക്കാൻ ഭയക്കുന്ന പെൺകുട്ടികളെ മാത്രമാണ് മലയാള സിനിമ കാണിച്ചിരുന്നത്. അപ്പോഴാണ് തന്നെ വിവാഹം ചെയ്യാൻ വരുന്ന പയ്യനെ ഇഷ്ടമല്ല എന്ന് തുറന്നു പറയാൻ തന്റേടം കാണിക്കുന്ന അനുരാധ,ലോകംചുറ്റിക്കറങ്ങുന്ന നയൻതാര ജഗന്നാഥനെ തേടി വരുന്നതും വിവാഹം ചെയ്യാൻ സമ്മതമാണോയെന്ന് ചോദിക്കുന്നവൾ (ആറാം തമ്പുരാൻ ).ജീവിതം ആഘോഷമാക്കി മാറ്റുന്ന ആമി എന്ന അഭിരാമി മറ്റൊരു ശക്തമായ സ്ത്രീ കഥാപാത്രമാണ്.തനിക്ക് ഇഷ്ടപ്പെട്ട ഒരാളെ മരണത്തിന് തൊട്ടുമുൻപ് കണ്ട് "ഈ താലിയൊന്ന് കെട്ടൂ നിരഞ്ജൻ' എന്ന് ശബ്ദം ഇടറാതെ പറയുന്ന ആമി (സമ്മർ ഇൻ ബത് ലഹേം) കയ്യൊപ്പിലെ പത്മ, സ്പിരിറ്റിലെ മീര,നന്ദനത്തിലെ ബാലാമണി, തിരക്കഥയിലെ മാളവിക അങ്ങനെ തുടങ്ങുന്ന ഒരുപറ്റം ശക്തമായ സ്ത്രീകഥാപാത്രങ്ങളെ രഞ്ജിത്ത് മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.മിഴികൾ രണ്ടിലും എന്ന ചിത്രത്തിൽ രഞ്ജിത്ത് എഴുതിയ ഒരു ഡയലോഗ് ഇങ്ങനെയായിരുന്നു. 'പണമുണ്ടെങ്കിൽ എന്തെല്ലാം വാങ്ങാം .ഒരു പെൺകുട്ടിയുടെ ഹൃദയമൊഴികെ..."
രഞ്ജിത്തിന്റെ മികച്ച
10 തിരക്കഥകൾ
ദേവാസൂരം
പെരുവണ്ണാപുരത്തെ വിശേഷങ്ങൾ
സമ്മർ ഇൻ ബത്ലേഹം
ആറാം തമ്പുരാൻ
നന്ദനം
പാലേരി മാണിക്യം, ഒരു പാതിരാ
കൊലപാതകത്തിന്റെ കഥ
പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്
തിരക്കഥ
ഇന്ത്യൻ റുപ്പി
സ്പിരിറ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |