SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.44 PM IST

പറക്കുന്ന സൗന്ദര്യങ്ങൾ

Increase Font Size Decrease Font Size Print Page

parrot

പക്ഷികൾ മനുഷ്യന്റെ ഭാവനയെ സ്വർഗത്തിലേക്കുയർത്തുന്നു. ‘To a skylark’ എന്ന കവിതയിൽ ഷെല്ലി ‘ blithe Spirit ’ എന്നാണു പക്ഷിയെ വിളിയ്ക്കുന്നത്. സ്വർഗത്തിൽ നിന്നോ അതിന് അടുത്ത് നിന്നോ വരുന്നവൾ.. പി.പി.രാമചന്ദ്രനാവട്ടെ

'ഇവിടെയുണ്ടു ഞാൻ
എന്നറിയിക്കുവാൻ
മധുരമാമൊരു

കൂവൽ മാത്രം മതി ' എന്നു പാടുന്നു.
'ഒട്ടുവാനിൽ പറന്നു' കളിയ്ക്കുന്ന പക്ഷികളെ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണു മനുഷ്യർ കാണുന്നത്. 'കാക്കേ കാക്കേ കൂടെവിടെ' എന്ന ഉള്ളൂർ കവിതയിലൂടെ, പക്ഷികളെ കുറിച്ചു പാടിത്തുടങ്ങുന്ന കുട്ടി മരിയ്ക്കുവോളവും തന്റെ ജീവിതത്തിലെ ഒരുപാടു സുന്ദരനിമിഷങ്ങളിൽ പക്ഷികളെക്കുറിച്ചു പാടുകയും പറയുകയും പക്ഷിയായിപ്പറക്കാൻ കൊതിയ്ക്കുകയുമൊക്കെ ചെയ്യുന്നു.
ഒരിക്കൽ കിണറിന്റെ ഭിത്തിയിൽ പൊൻമാൻ മുട്ടയിട്ടു വിരിയിച്ച ഒരു കുഞ്ഞ് കിണറ്റിൽ വീണു. അതിനെ ഞങ്ങൾ കുട്ടികൾ ഏറെ സാഹസികമായി രക്ഷിച്ച് അതിന്റെ അമ്മയ്ക്കു തിരികെ നൽകി. മറ്റൊരിയ്ക്കൽ കാക്ക, തന്റെ കുഞ്ഞല്ലെന്നു തിരിച്ചറിഞ്ഞ് ഒരു പുള്ളിക്കുയിൽ കുഞ്ഞിനെ കൊത്തിപ്പറിയ്ക്കുന്നതു കണ്ട് ഞങ്ങൾ കാക്കകളെ ഓടിച്ചുവിട്ട് കുയിൽക്കുഞ്ഞിനെ രക്ഷിച്ചു. അതിനെ പറക്കമുറ്റാറാകുന്നതു വരെ കൂട്ടിലിട്ടു വളർത്തി. എന്തൊരു വിശപ്പായിരുന്നു അതിന്. പ്രാണിയെയും ഈയലിനെയും ഒക്കെ പിടിച്ചു കൊടുത്ത് അതിനെ വളർത്തിയെടുത്തത് ഏറെ പാടുപെട്ടാണ്. മറ്റൊരിയ്ക്കൽ ഒരു കൃഷ്ണപ്പരുന്ത് ചിറകിനു പരിക്കേറ്റ് വീട്ടുമുറ്റത്തു വീണു. മുറിവ് കരിയുന്നതു വരെ അതിനെ പട്ടിയുടെ ഒഴിഞ്ഞ കൂട്ടിലിട്ട് പരിപാലിച്ചു. പറന്നുപോയ ആ പരുന്ത് പിന്നീട് നാലഞ്ചുവർഷം നന്ദി സൂചകമായി മുറ്റത്തെത്തിയിരുന്നു. കൃഷ്ണപ്പരുന്ത്, സുഖമാണോ എന്നു ചോദിയ്ക്കുമ്പോൾ അതിന്റെ കണ്ണുകളിൽ എന്തൊരു സ്‌നേഹഭാവം!
സന്ദേശ കാവ്യങ്ങളിൽ മയിലിനെയും ഹംസത്തെയുമൊക്കെ കവികൾ സന്ദേശ
വാഹകരാക്കുന്നു. രവിവർമ്മയുടെ ഹംസ ദമയന്തീ ചിത്രം മുതൽ ചിത്രകാരന്മാർ എത്രയോ പക്ഷികളെ വരകളിലൂടെ ശാശ്വതീകരിച്ചിരിയ്ക്കുന്നു. എഴുത്തച്ഛൻ എന്തിനാണാവോ തന്റെ കവിതകളൊക്കെ ശാരികപ്പൈതലിനെക്കൊണ്ടു ചൊല്ലിച്ചത്? വ്യാസനാകട്ടെ തത്തയോടുള്ള സ്‌നേഹത്തിലൂടെ ശുകൻ എന്ന പുത്രനു ജന്മം നൽകി. ജടായു, സമ്പാതി തുടങ്ങിയ പക്ഷികൾ രാമായണത്തിൽ നന്മ നിറഞ്ഞ മനുഷ്യരോളം പ്രാധാന്യമുള്ള കഥാപാത്രങ്ങളാണ്.

വില്ലൻമാരുടെ വൃത്തികെട്ട നോട്ടത്തെ കഴുകൻ കണ്ണുകൊണ്ടുള്ള നോട്ടം എന്നു മലയാളത്തിൽ നാം പറയാറുണ്ടെങ്കിലും ഈഗിൾ എന്ന പക്ഷി ഏറ്റവുമധികം അവധാനതയോടെ തന്റെ കുഞ്ഞുങ്ങളെ സംരക്ഷി യ്ക്കുന്ന മാതൃത്വ പ്രതീകമായിട്ടാണ് ആംഗലേയത്തിൽ കണക്കാക്കപ്പെടുന്നത്. കുയിൽ മലയാളത്തിൽ ഒട്ടേറെ കവികളെ പാടിച്ചിട്ടുള്ള പക്ഷിയാണ്. ഉറക്കുപാട്ടിൽ, പൂന്തേൻ കുഴമ്പാൽ കുഞ്ഞിന്റെ കർണ്ണയുഗ്മം നിറയ്ക്കുന്ന വള്ളത്തോളിനെ കാണാം. വള്ളിക്കുടിലിന്നുള്ളിലിരിയ്ക്കുന്ന പുള്ളിക്കുയിലാണ് ഒ.എൻ.വിയെ പാട്ടുകാരനാക്കിയത്. പച്ചപ്പനന്തത്തയാണ് പൊൻകുന്നം ദാമോദരനെ പാടിപ്പിച്ചത്. എത്ര പാടിയാലും തീരാത്ത പക്ഷിക്കവിതകളും പാട്ടുകളും കാണുമ്പോൾ ഒന്നു തീർച്ചപ്പെടുത്താം... മനുഷ്യനു പക്ഷികളോടു തങ്ങളെ സ്വർഗത്തോടടുപ്പിക്കുന്ന കൂട്ടുകാരെന്ന ഭാവമാണുള്ളത്.

ഓണവും വിഷുവുമൊക്കെ വന്നെന്ന് ആദ്യം നമ്മെ അറിയിച്ചിരുന്നത് ഓണപ്പക്ഷിയും വിഷുപ്പക്ഷിയുമാണ്. നത്ത്, പുള്ള് തുടങ്ങിയ ചില പക്ഷികളെ ദുർനിമിത്തമായി കാണാറുണ്ടെങ്കിലും പൊതുവെ പക്ഷികളുടെ പാട്ടും പറക്കലും എല്ലാം മനുഷ്യന് ഒരു സ്വപ്നലോകം തന്നെ. എന്നാൽ ഏതാണ്ട് 21 ശതമാനം പക്ഷികളും വംശനാശത്തിന്റെ വക്കിലാണെന്നു പറയുന്നു. ഇതുമൂലം പരാഗണം, പക്ഷികളിലൂടെയുള്ള വിത്തു വിതരണം തുടങ്ങി സാധാരണ ജൈവപ്രക്രിയകളൊക്കെ തകിടം മറിഞ്ഞേക്കും.
കുഞ്ഞാറ്റക്കുരുവികൾ മുതൽ ഇരപിടിയൻ പക്ഷികൾ വരെ നമ്മുടെ കൃഷിയിടങ്ങളിലെ പ്രാണികളേയും ജീവികളേയുമൊക്കെ പിടിച്ചു തിന്നുകൊണ്ട് ജൈവചക്രത്തെ തിരിയ്ക്കുന്നതിൽ വലിയ പങ്കുവഹിയ്ക്കുന്നു. രാസവസ്തു പ്രയോഗവും വേട്ടയും മൂലം ഇല്ലാതായിക്കൊണ്ടിരിയ്ക്കുന്ന പക്ഷികൾ എത്ര. ജീവവ്യവസ്ഥ തകിടം മറിഞ്ഞ് പക്ഷികൾ ഇല്ലാതാകുമ്പോൾ കൃഷി വളരെ ബുദ്ധിമുട്ടുള്ള കാര്യമാകുന്നു. വേണ്ടത്ര വിളവു കിട്ടാതെ കർഷകർ കഷ്ടത്തിലാകുന്നു.

കാലാവസ്ഥാ വ്യതിയാനം കുറച്ചു കൊണ്ടു വരാനായി ഗ്രീൻ ജി.ഡി.പിയെക്കുറിച്ച് ഇന്നു നാം സംസാരിച്ചു തുടങ്ങിയിരിയ്ക്കുന്നു. ജി.ഡി.പി കൂട്ടുന്നതിനായി പരിസ്ഥിതിയെ ബലികഴിച്ചു കൊണ്ടുള്ള വികസനത്തിന് എത്ര വില നാം കൊടുക്കേണ്ടിവരും എന്നുകൂടി കണക്കു കൂട്ടി വേണം മൊത്തം 'ജി.ഡി.പി' കണക്കാക്കേണ്ടത്. കാർബൺ പ്രസരണം കുറച്ചു കൊണ്ടുവരാൻ എന്തൊക്കെ മാർഗങ്ങൾ സ്വീകരിയ്ക്കണം എന്ന് ശാസ്ത്രീയമായി പ്ലാൻ ചെയ്യേണ്ടിയിരിയ്ക്കുന്നു. എങ്കിലും 'ഗ്രീൻ ജി.ഡി.പി' എന്ന വാക്ക് ആവശ്യത്തിനു കേട്ടു തുടങ്ങിയിട്ടുണ്ടോ എന്നു സംശയമാണ്. കൃഷിയിടങ്ങളിൽ മണ്ണിനെ നോവിക്കാതെ വിളകൾ കൃഷി ചെയ്‌തെടുക്കണം നമ്മുടെ സ്വപ്നങ്ങളെയും പ്രജ്ഞയെയുമൊക്കെ ഇത്രയേറെ പ്രചോദിപ്പിക്കുന്ന നാട്ടുപക്ഷികളും കാട്ടുകിളികളും എന്നെന്നേയ്ക്കുമായി പറന്നകലാതെ നോക്കിയാൽ മാത്രമേ യഥാർത്ഥ വികസനം അഥവാ ഗ്രീൻ ജി.ഡി.പിയിലേയ്ക്കു മുന്നേറാൻ നമുക്കാവുകയുള്ളൂ.
നാളെ വ്യാസനും എഴുത്തച്ഛനുമൊക്കെ പ്രചോദനമേകാൻ ശാരികപ്പൈതലും വള്ളത്തോളിനെയും ഓയെൻവിയെയും പ്രചോദിപ്പിക്കാൻ കുയിലും റൈറ്റ് സഹോദരന്മാരെ പറക്കാൻ പ്രചോദിപ്പിച്ച ബസാർഡ് പക്ഷികളുമൊന്നുമില്ലെങ്കിൽ

മനുഷ്യന്റെ ഭാവനയ്‌ക്കെവിടെ സ്ഥാനം? സ്വപ്നങ്ങളില്ലാതെ എന്തു ബുദ്ധിവികാസം?
എന്തു സൗഖ്യം? എവിടെ സ്വാസ്ഥ്യം? മനുഷ്യനെ സ്വർഗ്ഗത്തോടടുപ്പിക്കുന്ന പക്ഷികളും പരിസ്ഥിതിയുമൊക്കെ സൗന്ദര്യാരാധകരുടെ ചിന്തകളിലെ അധികപ്പറ്റുകളെന്നു ധരിച്ചാൽ തെറ്റി. അവ ജീവചോദനകൾ തന്നെ.

TAGS: MIZHIYORAM, PARAKKUM SOUNDHARYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY