കോഴിക്കോട്: മകരവിളക്ക് ദിവസം പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയിക്കുന്നത് വർഷങ്ങളായി നിലനിന്ന് പോരുന്ന ആചാരമാണ്. മകരവിളക്ക് തൊഴാനായി ജനലക്ഷങ്ങളാണ് ശബരിമല സന്നിധാനത്ത് എത്തുന്നത്. എന്നാൽ ദേവസ്വം ബോർഡ് മകരവിളക്ക് തെളിയിക്കുന്നത് ആചാരലംഘനമാണെന്ന് ഐക്യ മലയരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ.സജീവ് പറഞ്ഞു.
മകരവിളക്ക് ദിവസമായ ഇന്ന് പതിനായിരം കുടുംബങ്ങൾ അവകാശ പുനസ്ഥാപന ദീപം തെളിയിക്കുമെന്ന് സജീവ് പറഞ്ഞു. മലയരയ വിഭാഗത്തിൽ നിന്ന് പൊന്നമ്പലമേട്ടിൽ അവസാനം ദീപം തെളിയിച്ചത് പുത്തൻവീട്ടിൽ കുഞ്ഞൻ എന്നയാളാണ്. ഉടുമ്പാറ മലയിൽ സ്ഥാപിച്ചിരിക്കുന്ന കെടാവിളക്കിൽ നിന്നും ഇദ്ദേഹത്തിന്റെ മരുമകളായ രാജമ്മ അയ്യപ്പന്റെ കുടുംബത്തിലേക്ക് പി കെ സജീവ് ആദ്യ ദീപം പകർന്ന് നൽകും.
1950 വരെ മലയരയരുടെ അവകാശമായിരുന്നു മകരവിളക്ക്. അത് ദേവസ്വം ബോർഡ് കൈവശം വച്ചിരിക്കുന്നത് ആചാരലംഘനമാണ്. 1950ന് ശേഷം ഞങ്ങൾക്ക് പൊന്നമ്പലമേട്ടിലേക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. മുൻപ് ദീപവുമായി ചെന്നപ്പോൾ പൊലീസ് ഞങ്ങളെ തടഞ്ഞു. അന്നത്തെ ദീപം കെടാവിളക്കായി ഇന്നും സൂക്ഷിച്ചിട്ടുണ്ട്. മലയരയരുടെ അവകാശങ്ങൾ തിരിച്ചു നൽകണമെന്നും പി.കെ സജീവ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
മലയരയ സഭയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |