മലയാളത്തിന്റെ കാവ്യസ്വരം അയ്യപ്പപ്പണിക്കരുടെ നവതിയാണ് സെപ്തംബർ 12. പ്രിയകവിയോട് പറയാനുള്ള വിശേഷങ്ങളും. കവിയുടെ കാവ്യജീവിത പരിസരത്തുണ്ടായിരുന്ന രണ്ടു സാധാരണക്കാരുടെ അപൂർവ അനുഭവങ്ങളും..
സാർ,
അവിടെ സാറിനും സഹജീവികൾക്കും സുഖമാണെന്ന് വിശ്വസിക്കുന്നു. ഇവിടെ കൊവിഡ് കാലമാണ്. കൊവിഡ് തീവ്രമുതലാളിത്തത്തിന്റെ ഉത്പന്നമാണോ അതോ ചൈനീസ് കമ്മ്യൂണിസത്തിന്റെ സന്തതിയാണോ എന്ന് തീരുമാനിക്കപ്പെട്ടിട്ടില്ല. മെല്ലെ മെല്ലെ വന്ന് എല്ലാ രാജ്യങ്ങളിലുമായി. ആളുകൾ മരിച്ചുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരിയുടെ വരവ് സാർ നേരത്തേ കണ്ടിരുന്നു അല്ലേ? അല്ലെങ്കിൽ ഞങ്ങളുടെ ഇന്നത്തെ അവസ്ഥ ഇത്ര കൃത്യമായി 1991 ൽ എഴുതിയ 'വരവ്" എന്ന കവിതയിലൂടെ എങ്ങനെ പ്രവചിക്കാനായി?
വരവ്
അകലെയുള്ള ഗ്രാമത്തിൽ നിന്ന് വന്ന വൃദ്ധൻ പറഞ്ഞു:
ഞങ്ങളുടെ വീടിനടുത്തു ഒരു കുഞ്ഞ് ഇന്നലെ മരിച്ചു
ഞാൻ പറഞ്ഞു: ജനസംഖ്യ എടുക്കാൻ വരുന്നവരുടെ ജോലി കുറഞ്ഞു .
പച്ചക്കറി വല്യമ്മ തലേന്ന് വരാത്തതിന്റെ കാരണം
'എന്റെ കെട്ടിയോന്റെ അനന്തിരവൻ ചത്തുപോയി"
ഞാൻ പറഞ്ഞു: കെട്ടിയോൻ പോയില്ലല്ലോ
അയാൾക്കും പോകാമായിരുന്നു.
പത്രത്തിൽ പടത്തിനു കീഴിൽ: 35 കൊല്ലത്തെ സ്തുത്യർഹമായ രാജ്യസേവനത്തിനു ശേഷം കുഞ്ഞുകുഞ്ഞ് പരലോകം പൂകി.
ഞാൻ കൂട്ടിച്ചേർത്തു: ഇനി അവിടെ സേവനമാകാം.
ഒടുവിൽ എന്റെ വീട്ടിൽ തന്നെ അത് വന്നപ്പോൾ എനിക്ക് മിണ്ടാനായില്ല
അതിങ്ങോട്ടു തന്നെ പുറപ്പെട്ടതായിരുന്നു...
അല്ലെങ്കിലും മൃത്യു എന്നും സാറിന്റെ ഇഷ്ടവിഷയമായിരുന്നല്ലോ. മൃത്യപൂജ, മരണം, മരണക്കുറിപ്പ്, മരണത്തിനപ്പുറം, ശത്രുഭയം, കാവാലം തുടങ്ങിയ കവിതകളിൽ മൃത്യുവിനെ നേർക്കുനേർ അഭിവാദനം ചെയ്യുകയോ അനുഗ്രഹിക്കുകയോ അനുഗമിക്കുകയോ അഭിമുഖീകരിക്കുകയോ ചെയ്യുകയാണ്. 'ആരുണ്ടിവിടെ ചരിത്രത്തോട് സംവദിക്കാൻ പോന്നവർ" എന്ന മൃത്യുകവിതയിൽ സൂചിപ്പിച്ച രണ്ടുവരികളോട് വിയോജിക്കാൻ എന്നെ അനുവദിക്കുമല്ലോ.
'ഞാൻ മൃതൻ, ഈ ലോകത്തെ സ്നേഹിച്ചിരുന്നു
ലോകം എന്നെ സ്നേഹിച്ചതിലുപരി..."
ലോകം സാറിനെ വളരെ അധികം സ്നേഹിച്ചിരുന്നു. പക്ഷേ, അത് പ്രകടിപ്പിക്കാൻ സാർ ലോകത്തെ അനുവദിച്ചിരുന്നില്ല. ഒരു പരിധിയിൽ കൂടുതൽ അടുക്കുവാൻ ആർക്കും സമ്മതം കൊടുത്തില്ല. സാറിന്റെ കവിതകളോടും കാവ്യരീതികളോടും കടുത്ത എതിർപ്പ് പ്രകടിപ്പിച്ച ആത്മാരാമനെ എപ്പോഴും പ്രോത്സാഹിപ്പിക്കുക മാത്രമേ സാർ ചെയ്തിട്ടുള്ളൂവെന്ന് അദ്ദേഹം ഇന്നലെയും എന്നോട് പറഞ്ഞു. ഇന്ന് നല്ല കവികൾ പോലും നിർദോഷമായ ചോദ്യങ്ങളോട് അമർഷവും അസഹിഷ്ണുതയും പ്രകടിപ്പിക്കുന്നത് നവമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സാഹിത്യപരിപാടികളിൽ നിന്ന് ഒഴിഞ്ഞുനിൽക്കുമെന്നും അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ മരിച്ചൊഴിവായിക്കൊള്ളാമെന്നും ഒരു കവി പറയുന്നോളമെത്തി ചോദ്യോത്തര സംവാദങ്ങൾ.
മലയാളകവിതാ ചരിത്രത്തിൽ സാറിന്റെ അത്രയും കടുത്ത വിമർശനങ്ങൾ നേരിട്ടുള്ള മറ്റൊരു കവി ഉണ്ടായിട്ടില്ല. ആധുനികതയുടെ ജീർണമുഖമെന്നും ഒരു തലമുറയെ തന്നെ വഴി തെറ്റിച്ചുവെന്നും ആരോപിച്ചപ്പോഴൊക്കെ ചിരിയോ പുഞ്ചിരിയോ ആണ് സാറിന്റെ മുഖത്ത് വിരിഞ്ഞത്. ത്യാഗവും സ്നേഹവും സഹിഷ്ണുതയും സ്വകാര്യജീവിതത്തിലും പൊതുജീവിതത്തിലും കാത്തുസൂക്ഷിച്ചിരുന്ന സാർ മാതൃകയാവുന്ന സന്ദർഭങ്ങൾ നിരവധിയാണ്. ശത്രുക്കളും മിത്രങ്ങളും ഒന്നാണെന്നും അവരെ ചേർത്ത് നിർത്തണമെന്നുമാണല്ലോ 'ശത്രുമിത്രം" എന്ന കവിതയിൽ പറയുന്നത്. 'നമ്മുടെ കവികൾ ഈ മട്ടിലാകാതിരിക്കട്ടെ..." എന്ന് സാറിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് എഴുതിയ ലേഖനത്തിന് കെ.സി. നാരായണനെ അഭിനന്ദിച്ചുകൊണ്ടു സാർ എഴുതിയ കത്ത് വിമർശനങ്ങളെ ഉപാധികളില്ലാതെ സ്വീകരിക്കുന്ന സാറിന്റെ ഉദാരതയാണെന്ന് ഒരിക്കൽ അദ്ദേഹം പറയുകയുണ്ടായി. അഭിപ്രായവ്യതാസങ്ങൾ ഉള്ളവർപോലും അല്ലെങ്കിൽ ശത്രുക്കൾ പോലും സാറിനെ വിലമതിച്ചിരുന്നു.
സ്നേഹം സാറിന്റെ കവിതകളുടെ കാതൽ ആയിരുന്നല്ലോ. സ്നേഹത്തിന്റെ എല്ലാ ഷേഡുകളെക്കുറിച്ചും സാർ കവിത എഴുതിയിട്ടുണ്ട്. സ്നേഹം, പ്രേമം, പ്രണയം, വാത്സല്യം, ഭക്തി, ഇഷ്ടം, ബഹുമാനം, അടുപ്പം, അഭിനിവേശം, അങ്ങനെ എല്ലാം. സ്നേഹത്തെ അളന്നുമുറിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന കവിതയാണ് 'പകലുകൾ രാത്രകൾ".
എഴുപതുകളിലും എൺപതുകളിലും കേരളത്തിന്റെ കാമ്പസുകളിൽ പഠിച്ചിട്ടുള്ളവരുടെ പകലുകളും രാത്രികളും സാറിന്റെ 'പകലുകൾ രാത്രികൾ"എന്ന കവിതയിലെ 'സന്ധ്യ" കൊണ്ട് മുഖരിതമായിരുന്നു. പ്രണയം ഇത്ര തീവ്രതയോടെ സിരകളിലൊഴുക്കിയ കവിതകൾ വായിച്ചിട്ടില്ലെന്നാണ് അന്ന് പല ചെറുപ്പക്കാരും പറഞ്ഞിരുന്നത്. മലയാളത്തിൽ ഏറ്റവും വായിക്കപ്പെട്ടിട്ടുള്ള പ്രണയകവിത 'രമണൻ" ആയിരിക്കാം. രമണനിലെ നായകൻ പക്ഷേ അവസാനം പ്രണയിനിയെ നഷ്ടപ്പെട്ടപ്പോൾ ജീവനൊടുക്കി. പകലുകൾ രാത്രികളിലെ നായകൻ ജീവൻ ഒടുക്കുന്നില്ല മറിച്ച് എല്ലാ നഷ്ടപ്പെടുമ്പോഴും നട്ടെല്ല് നിവർത്തി നേരെ നിൽക്കാനാണ് ശ്രമിക്കുന്നത്, പഠിപ്പിക്കുന്നത്.
'അവിടെൻ പരാജയം / പണി ചെയ്ത സ്മാരകം/ നിവരട്ടെ,നിൽക്കട്ടെ സന്ധ്യേ..."
എല്ലാകാലത്തും ധാരാളം പ്രണയങ്ങൾ നാമ്പെടുക്കുന്നുവെന്നും അതിൽ വളരെ കുറച്ചു മാത്രമേ പച്ചപിടിക്കുള്ളുവെന്നും ഞങ്ങൾ അറിയുന്നു.
ലെനിൻ രാജേന്ദ്രന്റെ 'വേനൽ" എന്ന സിനിമയിൽ നെടുമുടി വേണു ചൊല്ലിയ
'നീ തന്നെ ജീവിതം സന്ധ്യേ
നീ തന്നെ മരണവും സന്ധ്യേ
നീ തന്നെ ഇരുളുന്നു
നീ തന്നെ മറയുന്നു
നീ തന്നെ, നീ തന്നെ സന്ധ്യേ"...
എന്ന് തുടങ്ങുന്ന വരികൾ ഹിറ്റാവുന്നതിനു മുമ്പ് കാമ്പസുകളിൽ സന്ധ്യ ഹരമായി കഴിഞ്ഞിരുന്നു. സാറിനെക്കുറിച്ച് രണ്ടുപുസ്തകങ്ങൾ തന്നെ എഴുതിയിട്ടുള്ള സാനുമാഷും ഇന്ത്യക്കകത്തും പുറത്തും സാറിന്റെ സാഹിത്യ വ്യക്തിത്വത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് വളരെ വിശദമായി എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുള്ള സച്ചി മാഷും സാറിന്റെ കവിത ഏറ്റവും നന്നായി ചൊല്ലുന്ന ഡൊമിനിക് കാട്ടൂരും ആയിരിക്കുമെങ്കിലും, സാധാരണക്കാരായ അനേകം സാഹിത്യാസ്വാദകരും 'കുരുക്ഷേത്രം" മുതൽ 'പൂക്കാതിരിക്കാനെനിക്കാവതില്ലേ" വരെ വായിച്ചും ചൊല്ലിയും വ്യാപകമായി ആസ്വദിക്കുന്നുണ്ട് .
അദ്ധ്യാപകരാവുകയോ ഉദ്യോഗസ്ഥരാവുകയോ ചെയ്ത അഭ്യസ്തവിദ്യർ മാത്രമല്ല, താരതമ്യേന വിദ്യാഭ്യാസം കുറഞ്ഞ സാധാരണക്കാരും സാറിന്റെ കവിതകളിൽ ആകൃഷ്ടരാണെന്ന് അറിയുന്നത് ആഹ്ളാദകരമായിരിക്കുമല്ലോ. തിരുവനന്തപുരം നഗരത്തിലെ ഒരു സ്വകാര്യ ആശുപതിയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്ന രാജേന്ദ്രനും ഓട്ടോറിക്ഷ ഓടിച്ചു ജീവിതം പുലർത്തുന്ന ബാബുമോനും സാറിന്റെ വ്യക്തിത്വത്തോടും കവിതകളോടും പുലർത്തുന്ന സ്നേഹവും ബഹുമാനവും അടുപ്പവും എന്നെ അമ്പരപ്പിക്കുന്നു. ലോകം സാറിനെ വളരെയധികം സ്നേഹിക്കുന്നു എന്ന് ഞാനെഴുതിയതിന് ഇവർ അടിവരയിടുന്നു.
'പകലുകൾ രാത്രികളി" ലെ തന്നെ വരികൾ ഉദ്ധരിച്ചുകൊണ്ട് ഞാൻ അവസാനിപ്പിക്കട്ടെ
'നീ എവിടെ ആയിരുന്നാലും
നീ സ്നേഹിക്കുന്നവർ
നിന്നെയും സ്നേഹിക്കട്ടെ"
ഞങ്ങളുടെ നിരുപാധികമായ സ്നേഹം സ്വീകരിക്കുമെന്ന പ്രത്യാശയോടെ.
(ലേഖകന്റെ ഇ- മെയിൽ: priyadasg@gmail.com)
ഓർമ്മയിലെ പണിക്കർ സാർ
കേരള സർവകലാശാല വിദൂരവിദ്യാഭാസ കേന്ദ്രം മലയാളവിഭാഗം സംഘടിപ്പിച്ച സാഹിത്യ സെമിനാറിൽ രാജേന്ദ്രൻ എന്ന ബി.എ വിദ്യാർത്ഥി ഒരു പ്രബന്ധം അവതരിപ്പിച്ചു. 'ഓർമയിലെ പണിക്കർസാർ" എന്നായിരുന്നു അതിന്റെ പേര്. പിന്നീട് രാജേന്ദ്രനെ പരിചയപ്പെട്ടു. അമ്പതു കഴിഞ്ഞ ഒരു യുവാവ്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യുന്നു. പത്താം ക്ളാസ് കഴിഞ്ഞ് പത്ര ഏജന്റാവുകയായിരുന്നു. ആ സമയത്താണ് വായന ഒരു ഹോബി ആയത്. തിരുവനന്തപുരത്തെ മിക്കവാറും എല്ലാ സാഹിത്യസമ്മേളനങ്ങളിലും സദസിലുണ്ടാവും. അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നപ്പോൾ വളരെ പരിമിതമായ സൗകര്യങ്ങൾ മാത്രമാണ് ഉള്ളതെങ്കിലും ഒരു ചെറിയ മുറിയിൽ വർഷങ്ങളായിട്ടുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായനക്ക് ശേഷം തരം തിരിച്ചു കെട്ടുകെട്ടുകളായി അടുക്കിവച്ചിരിക്കുന്നു.
അലമാരപോലുള്ള വേറെ കുറെ തട്ടുകളിൽ പുസ്തകങ്ങൾ. മേശപ്പുറത്തു കിടന്ന പുസ്തകങ്ങളുടെ പേരുകൾ എന്റെ ശ്രദ്ധയാകർഷിച്ചു. എം. എൻ റോയ്, കെ ജനാർദ്ദനൻപിള്ള, എം ഗോവിന്ദൻ, വിശ്വസാഹിത്യദർശനങ്ങൾ...രാജേന്ദ്രന്റെ വായനലോകം എന്നെ വിനയാന്വിതനാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു. എം. ഗോവിന്ദനെ ഏറെ ബഹുമാനിക്കുന്ന രാജേന്ദ്രന്റെ ഇഷ്ടകവി അയ്യപ്പപ്പണിക്കരാണ്. അദ്ദേഹത്തിന്റെ ഇതിഹാസകവിതയായ 'ഗോത്രയാന" ത്തെകുറിച്ചും കാർട്ടൂൺ കവിതകളെക്കുറിച്ചും ഞങ്ങൾ വളരെ നേരം സംസാരിച്ചു. രാജേന്ദ്രന്റെ പരിചിതരായ പല തട്ടുകടക്കാരും പണിക്കർ സാറിന്റെ കവിതകളെക്കുറിച്ചും മറ്റും സംസാരിക്കാറുണ്ടെന്നു പറഞ്ഞത് എനിക്ക് പുതിയ അറിവായിരുന്നു.
കവി സച്ചിദാനന്ദൻ പ്രസിഡന്റും മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ വൈസ് പ്രസിഡന്റും ഞാൻ സെക്രട്ടറിയുമായ അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, അയ്യപ്പപ്പണിക്കർ കവിതകൾക്ക് വീഡിയോ വ്യാഖ്യാനം നൽകുന്ന ഒരു മത്സരം സംഘടിപ്പിച്ചു. പണിക്കർ കവിതകൾ നന്നായി ചൊല്ലുകയും ആസ്വദിക്കുകയും ചെയ്യുന്ന തിരക്കഥാകൃത്തും നടനും സംവിധായകനുമായ രൺജിപണിക്കർ നേതൃത്വം കൊടുത്ത മത്സരാർത്ഥികൾ പങ്കെടുത്ത ഒരു ഏകദിനക്യാമ്പ് നടന്നു. സദസിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർ യൂണിഫോമിൽ ഇരിക്കുന്നത് കണ്ടപ്പോൾ ഏതോ മത്സരാർത്ഥിയെ എത്തിച്ചശേഷം സിനിമാനടനെക്കൂടി കണ്ടിട്ട് പോകാൻ ഇരിക്കുന്നതാണെന്നേ തോന്നിയുള്ളൂ. ഒരു മാസം കഴിഞ്ഞു സമ്മാനാർഹരെ പ്രഖ്യാപിച്ചപ്പോഴാണ് അതിലൊരാൾ ഈ ഓട്ടോഡ്രൈവർ ആയ ബാബുമോൻ ആനക്കോട്ടൂർ ആണന്ന് തിരിച്ചറിഞ്ഞത്. വീഡിയോ ചിത്രനിർമാണവുമായി പണിക്കർസാറിന്റെ കവിതകളും പഠനങ്ങളും ലഭിക്കുന്നതിനായി സാറിന്റെ വീടുമായി ബാബുമോൻ ബന്ധപ്പെട്ടിട്ടുണ്ട് . അദ്ദേഹത്തെ സമ്മാനാർഹമാക്കിയ വീഡിയോ 'കടുക്ക" എന്ന കവിതയെ അടിസ്ഥാനമാക്കി എടുത്ത 'വ്യവസ്ഥ" എന്ന ഹ്രസ്വചിത്രമാണ്. സാറിന്റെ കവിതകളോടുള്ള ബന്ധം ഇപ്പോൾ സാറിന്റെ കുടുംബാംങ്ങളോടുംകൂടെയായി. ആ വീട്ടിലെ എല്ലാ സവാരികളും ബാബുമോനാണ് നടത്തുന്നത് എന്നതിനേക്കാൾ സാറിന്റെ മകളും മരുമകനും അത്യാവശ്യമായി എവിടെങ്കിലും പോകേണ്ടി വരുമ്പോൾ സുഖമില്ലാത്ത അമ്മയ്ക്ക് കാവലാളായി ബാബുമോനാണ് 'സരോവര'ത്തിൽ ഉണ്ടാവുക. 'ശരിക്കും ഞാൻ ഇപ്പോൾ അയ്യപ്പപ്പണിക്കർ കുടുംബത്തിലെ ഒരംഗത്തെപോലെയാണ്" എന്ന് ബാബുമോൻ പറയുന്നു. ഓട്ടോയാത്രക്കിടയിൽ കിട്ടുന്ന ഒഴിവുസമയങ്ങളിൽ കവിതകൾ വായിക്കാറുണ്ടന്നും മനസിലാകാതെ വരുന്ന കവിതകളുടെ അർത്ഥതലങ്ങൾ അദ്ധ്യാപക സുഹൃത്തുക്കളോട് ചോദിച്ചു മനസിലാക്കുമെന്നും പറഞ്ഞു. ഹ്രസ്വചിത്രനിർമ്മാണം ഈ ഓട്ടോഡ്രൈവറുടെ ഒരു കമ്പമാണ്. അദ്ദേഹത്തിന്റെ തീവ്ര അഭിലാഷമാണ് പണിക്കർ സാറിനെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററി. അതിന് അദ്ദേഹത്തെ സഹായിക്കുന്നത് സുഹൃത്ത് സുനിൽ പരമേശ്വരനും സതീഷ് കള്ളിക്കാട് എന്ന കാമറാമാനുമാണ്. അവർ മൂവരും സാറിന്റെ ജന്മസ്ഥലമായ കാവാലത്തും മറ്റും ഷൂട്ടിംഗ് നടത്തിയെന്നും സാറിന്റെ നവതിയോടെ ഈ ചിത്രം റിലീസ് ചെയ്യുമെന്നും ബാബുമോൻ പറഞ്ഞു. പണിക്കർ ഡോക്യുമെന്ററിയുടെ സാക്ഷാത്കാരം ഒരു സൗഭാഗ്യമായി അദ്ദേഹം കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |