ലോകത്തിലെ ഏറ്റവും നിശബ്ദമായ മുറി സ്ഥിതി ചെയ്യുന്നത് വാഷിംഗ്ടണിലെ മൈക്രോസോഫ്റ്റ് ആസ്ഥാനത്തെ 87-ാമത്തെ കെട്ടിടത്തിലാണ്. ആനെക്കോയ്ക് (anechoic) ചേംബർ എന്നാണ് ഇത്തരത്തിലുള്ള മുറി അറിയപ്പെടുന്നത്. അതായത് പ്രതിധ്വനി ഇല്ലാത്ത മുറി. ഒരു മണിക്കൂറിൽ കൂടുതൽ ഒരാൾക്ക് ഇവിടെ നിൽക്കാൻ സാധിക്കില്ല. അതിന് പല കാരണങ്ങൾ ഉണ്ട്. ഡെസിബെൽ യൂണിറ്റിലാണ് ശബ്ദം അളക്കുന്നത് എന്ന് അറിയാമല്ലോ? ഈ മുറിയിൽ മൈനസ് ഇരുപത് (-20) ഡെസിബൽ ആണ് ശബ്ദം. സാധാരണഗതിയിൽ ഒരു നിശബ്ദമായ മുറിയിൽ ഒരു ക്ലോക്ക് മാത്രമേ പ്രവർത്തിക്കുന്നുള്ളു എങ്കിൽ മനുഷ്യന്റെ ശ്വാസോച്ഛോസത്തിന്റെ ശബ്ദം അടക്കം 10 ഡെസിബൽ വരും. ചുറ്റുമുള്ള ശബ്ദങ്ങൾ ആഗിരണം ചെയ്യാൻ ഫോം കൊണ്ട് ഉണ്ടാക്കിയ ത്രികോണാകൃതിയിൽ ഉള്ള ചുമരുകളും തറയും ആണ് ഈ മുറിക്ക്.
ശബ്ദം നമുക്കുചുറ്റും പ്രതിഫലിക്കേണ്ടത് അനിവാര്യമാണ്. നമുക്ക് ചുറ്റും ആവശ്യത്തിന് സ്പേസ് ഉണ്ടെന്ന് നമ്മുടെ ശരീരത്തിന് മനസിലാകുന്നത് അങ്ങനെയാണ്. ഇതേ കാരണത്താലാണ് ഇടുങ്ങിയ ഇടനാഴികളിൽ നമുക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്. ഇനി മുറിയിൽ കയറിയാൽ ഉള്ള അനുഭവം പറയാം. ശരീരത്തിന് എന്തൊക്കെയോ മാറ്റങ്ങൾ വന്നപോലെ തോന്നും. അത് ഉറപ്പാണെന്നാണ് മുറി നിർമ്മാതാക്കളുടെ സാക്ഷ്യം. നമ്മുടെ തുണി ചർമത്തിൽ ഉരസുന്ന ശബ്ദം, ഉമിനീരിന്റെ ശബ്ദം, ശ്വസിക്കുന്ന ശബ്ദം ഇതെല്ലാം കേൾക്കാൻ സാധിക്കും. പതുക്കെ, പതുക്കെ സ്വന്തം ഹൃദയമിടിപ്പും കേട്ട് തുടങ്ങും. ചെറിയ ശബ്ദങ്ങൾ ഉച്ചത്തിൽ കേൾക്കുവാൻ തുടങ്ങും. ചെവിയിൽ മൂളൽ കേട്ട് തുടങ്ങും. ബോധം നഷ്ടമാകും. മാനസിക നില വരെ ശ്രദ്ധിക്കേണ്ടി വരുമെന്ന് ഇത് നിർമിച്ച ആളുകൾ പറയുന്നു. എന്നാൽ, ഈ മുറി ഉണ്ടാക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആറ് പാളി കോൺക്രീറ്റും സ്റ്റീലും ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഒന്നരവർഷം സമയമെടുത്താണ് ഇതിന്റെ പണി പൂർത്തിയാക്കിയത്. മുൻപ് ഏറ്റവും നിശബ്ദമായ മുറിക്കുള്ള ഗിന്നസ് റെക്കാർഡ് മിനസോട്ടയിലെ ഓർഫീൽഡ് ലബോറട്ടറിക്ക് ആയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |