കഴിഞ്ഞ ലക്കം വടക്കുകിഴക്കിന്റെ കാര്യങ്ങളാണ് പ്രതിപാദിച്ചത്. അതിന്റെ തുടർച്ചയാണ് ഇത്തവണ. വടക്ക് കിഴക്കിൽ ഭാരമുണ്ടാകരുത്. കിഴക്കും വടക്കും വടക്കു കിഴക്കും ഭാരം ഉണ്ടാകുന്നത് ശരിയല്ല. ഈ ഭാഗങ്ങളിൽ ഭാരം കുറയ്ക്കാനാണ് നാം ഇവിടെ കിണർ കുഴിക്കുന്നത്. കിണർ കുഴിക്കുന്നത് വെള്ളത്തിനുമാത്രമല്ല, ആ ഒരു വാസ്തുവിലെ ഭാരത്തിന്റെ സന്തുലിതയ്ക്കു കൂടിയാണ്. തെക്ക് ഭാരം കൂടുകയും വടക്ക് ഭാരം കുറയുകയുമാണ് വേണ്ടത്. വടക്ക് കിഴക്ക് സ്റ്റെയർ കെയ്സ് പണിയുന്ന ഒരു ന്യൂനത ഒട്ടേറെ സ്ഥലത്ത് കണ്ടിട്ടുണ്ട്. ഇവിടെ സ്റ്റെയർകേയ്സ് പണിയുന്നത് ഒട്ടേറെ ദോഷത്തിനും ദുരിതത്തിനുമിടയാക്കുമെന്നാണ് വിശ്വാസം. വടക്ക് കിഴക്ക് ഭാരം കൂടിയാൽ സാമ്പത്തിക പ്രതിസന്ധിയും രോഗദുരിതങ്ങളുമുണ്ടാകും. നേർവടക്ക് സ്റ്റെയർ കെയ്സ് വന്നാലും ഇതു തന്നെയാണ് സ്ഥിതി. സ്റ്റെയർ കെയിസിന് സ്ഥാനം നിർണയിക്കുമ്പോൾ കഴിവതും പടിഞ്ഞാറു ഭാഗത്തേയ്ക്ക് കയറി വടക്ക് തിരിഞ്ഞ് ക്ലോക്ക് തലത്തിൽ കയറുന്നതാണ് ഏറ്റവും നല്ലത്.
മുകൾ നിലയിൽ മുറി പണിയുമ്പോഴും ഏറെ ശ്രദ്ധിക്കേണ്ട ഭാഗമാണ് വടക്കു കിഴക്ക്. പരമാവധി വടക്കു കിഴക്ക് ഒഴിച്ചിടേണ്ടതാണ്. മുറിയെടുക്കുന്നുവെങ്കിൽ അത് തെക്ക് പടിഞ്ഞാറായി വേണം. വടക്കു കിഴക്കിൽ മാത്രമായി സൗന്ദര്യത്തിനായോ ഫാഷൻ പ്രക്രിയകൾക്കായോ രണ്ടാം നിലയിൽ മുറി കെട്ടരുത്. രണ്ടാം നിലയിൽ മൊത്തമായി മുറികൾ കെട്ടുകയാണെങ്കിൽ ദോഷമില്ല താനും.
വടക്കു കിഴക്ക് ഭാഗം ഒഴിച്ചിടുന്നത് കൂടുതൽ വാസ്തു ബലം തരും. വടക്കു കിഴക്ക് കിണറാണ് ,ജലമൂലയാണ് എന്നു കരുതി ഓവർ ഹെഡ് വാട്ടർ ടാങ്ക് ഇവിടെ സ്ഥാപിക്കരുത്. ഈ ടാങ്ക് തെക്കിലോ, തെക്ക് പടിഞ്ഞാറോ കേന്ദ്രീകരിക്കണം. ചിലർ എല്ലാ മുറികളിലേയ്ക്കും കൃത്യമായി വെള്ളം കിട്ടാൻ ലക്ഷ്യമിട്ട് വീടിന്റെ മേൽ മദ്ധ്യഭാഗത്തായി ടാങ്ക് സ്ഥാപിക്കാറുണ്ട്. വീട്ടിൽ വഴക്കൊഴിയാത്ത സ്ഥിതിയുണ്ടാക്കും. അതിനാൽ മധ്യത്തിൽ ടാങ്ക് പാടില്ല. വടക്ക് കിഴക്ക് ഭാഗത്ത് ഭൂമിയ്ക്കടിയിൽ നിർമ്മാണങ്ങൾ പാടില്ല. അവിടെ കുഴിയേണ്ടതല്ലേ , അപ്പോൾ നിർമ്മാണം നടത്തിക്കൂടെയെന്ന് ചോദിക്കുന്നവരുണ്ട്.പക്ഷേ അത് വലിയ വാസ്തു ദോഷമാണ്.സ്റ്റെയർ കേയിസിന്റെ കാര്യം പറഞ്ഞതു പോലെ തന്നെയാണ് വടക്ക് കിഴക്ക് ഇത്തരം നിർമ്മാണം കുഴിയിലും ചെയ്യരുത്.
വസ്തുവിൽ വടക്കു കിഴക്ക് ഭാഗത്ത് സാധനങ്ങളും വേസ്റ്റുകളുമൊന്നും കൂട്ടിയിടരുത്. ഏറ്റവും വൃത്തിയുളളതും ഭാരങ്ങളെല്ലാം ഒഴിവാക്കിവിടുകയും ചെയ്യേണ്ട ഭാഗമാണിത്. നല്ല ജലമല്ലാതെ മലിനമായ ജലം വടക്കു കിഴക്കായി ഒഴുകുന്നത് ദോഷമുണ്ടാക്കും. വടക്കു കിഴക്ക് ഗേറ്റു വയ്ക്കാം. ഗേറ്റിൽ തുടർച്ചയായി ഗ്രില്ലുകളും സ്ഥാപിക്കാം.ഇങ്ങനെ ഗ്രില്ലുകൾ സ്ഥാപിക്കുമ്പോൾ ഭാരം കുറഞ്ഞ ഗ്രില്ലുകളാണകണം ഉപയോഗിക്കേണ്ടത്. വടക്കുകിഴക്ക് സ്ഥാപിക്കുന്ന ഗേറ്റിനും വലിയ ഭാരം കൊടുക്കാതിരിക്കുന്നതാണ് നല്ലത്. പില്ലറും വലിയ കനത്തിൽ വേണ്ട.
വടക്ക് കിഴക്കിൽ റോഡ് തിരിഞ്ഞ് വടക്ക് കിഴക്കിലേക്കോ, കിഴക്കോട്ടോ പോകുന്നത് നല്ലതാണ്. വടക്കുകിഴക്കായി തുടർച്ചയായി ആളുകളുടെ ദൃഷ്ടി പതിയുന്നതും നല്ല ഫലത്തെ പ്രധാനം ചെയ്യും. മതിലിലെ 90 ഡിഗ്രി ഉറപ്പാക്കുമ്പോൾ വടക്ക് കിഴക്കിൽ അത് അൽപം കുറഞ്ഞാലും പ്രശ്നമില്ല. കൂടുതൽ വസ്തുക്കൾ ഉള്ള പക്ഷം വടക്ക് കിഴക്ക് കുളം കുഴിക്കുന്നത് നല്ലതാണ്. കിഴക്കിലും കുളം കുഴിക്കാം.എന്നാൽ മറ്റ് ദിശകളിൽ കുളമോ കിണറോ കുഴിക്കാൻ പാടില്ല. ഉണ്ടെങ്കിൽ അത് മൂടിക്കളയേണ്ടതാണ്. അസ്ഥിരതയും തുടർച്ചയായ ദുരിതങ്ങളും വിവാഹ ബന്ധം വേർപെടലുമൊക്കെ ഇത് കാരണമായേക്കാം. (അടുത്ത ആഴ്ച കിഴക്ക് ദിക്ക്)
സംശയങ്ങളും മറുപടിയും
തെക്കുകിഴക്ക് അടുക്കള വയ്ക്കുമ്പോൾ അവിടെ മത്സ്യമാംസ്യാദികൾ പാകം ചെയ്യാമോ?
ശ്രീരഞ്ജിനി,
പേട്ട, തിരുവനന്തപുരം
തീർച്ചയായും പാകം ചെയ്യാം. തെക്ക് കിഴക്ക് അഗ്നിമൂലയായതുകൊണ്ടും ഏറ്റവും അധികമായി അഗ്നി സംബന്ധമായി ചൂട് ഇവിടെ കൂടുതലായതിനാലുമാണ് ഇവിടെ അടുക്കള വയ്ക്കാൻ പറയുന്നത്. വസ്തുവിന്റെ തെക്കുകിഴക്ക് ഭാഗത്ത് മാത്രമേ ശവദാഹം പോലും പണ്ടുള്ളവർ നടത്തിയിരുന്നുള്ളൂ. അതിൽ അഗ്നിയുടെ പ്രാധാന്യം കാണാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |