തിരുവനന്തപുരം : ആറൻമുളയിലെ പീഡനത്തെത്തുടർന്ന് കൊവിഡ് രോഗികളെ രാത്രി ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് ആരോഗ്യവകുപ്പ് അവസാനിപ്പിക്കുന്നു.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് മാത്രമേ ഇനി രാത്രിയിൽ ആംബുലൻസ് സേവനം ലഭ്യമാക്കൂ. ആരോഗ്യവകുപ്പ് ഇത് സംബന്ധിച്ച മാർഗനിർദേശം ഉടൻ പുറത്തിറക്കും. പത്തനംതിട്ടയിൽ ഇത് ഇന്നലെ മുതൽ നടപ്പാക്കി തുടങ്ങി.
രോഗികളുടെ വർദ്ധനവിന് അനുസരിച്ച് ആംബുലൻസുകൾ ഇല്ലാത്തിനാൽ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിക്കേണ്ട രോഗികളെ രാത്രിയും പകലും നോക്കാതെയാണ് ഇതുവരെ
ആംബുലൻസിൽ എത്തിച്ചിരുന്നത്.
എന്നാൽ ഇനി മുതൽ പകൽ സമയത്ത് സ്ത്രീകളെ മാറ്റുന്നതിന് മുൻഗണന നൽകും. തുടർന്ന് പുരുഷന്മാരെ മാറ്റും. ലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ തന്നെ പാർപ്പിക്കും.
സാധാരണ 108ആംബുലൻസിൽ ഡ്രൈവറെ കൂടാതെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ (നഴ്സിംഗ് സ്റ്റാഫ്) വേണമെന്നാണ് നിർദേശം. എന്നാൽ പ്രാഥമിക ചികിത്സാകേന്ദ്രത്തിലേക്ക് മാറ്റേണ്ട കൊവിഡ് രോഗികൾക്ക് വെന്റിലേറ്റർ ഉൾപ്പെടെയുള്ള സഹായം ആവശ്യമില്ലാത്തിനാൽ ഡ്രൈവർമാർ മാത്രമാണ് പോകുന്നത്. കൊവിഡ് രോഗിയെന്ന് ഉറപ്പിച്ച വ്യക്തിയെ ആശുപത്രിയിലേക്ക് മാറ്റുന്ന ഘട്ടത്തിൽ രോഗപ്പകർച്ച ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളതിനാലാണ് ജീവനക്കാരെ ഓരാളായി ചുരുക്കിയത്.
വനിതാ ജീവനക്കാർ കുറവ്
രോഗികൾ വനിതകളാണെങ്കിൽ ഡ്രൈവർക്കൊപ്പം 108 ൽ വനിതാ എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ ഉണ്ടായിരിക്കണമെന്ന് നിബന്ധന എല്ലാ ജില്ലകളിലും പാലിക്കാനാവില്ല. വിവിധ ജില്ലകളിലായി ആകെ 600 എമർജസി മെഡിക്കൽ ടെക്നീഷ്യന്മാരാണുള്ളത്. ഇത് 250 പേർ മാത്രമാണ് സ്ത്രീകൾ.
'ആറൻമുള സംഭവം ആവർത്തിക്കാതിരിക്കാൻ ആരോഗ്യവകുപ്പും കർശന നടപടി സ്വീകരിക്കും.'
-രാജൻ എൻ. ഖോബ്രഗഡേ
ആരോഗ്യ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |