എ.കെ. സാജൻ സംവിധാനം ചെയ്ത സ്റ്റോപ്പ് വയലൻസ് എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച
ചന്ദ്രാലക്ഷ്മൺ തിരിച്ചുവരവിനൊരുങ്ങുന്നു....
പത്തുവർഷത്തെ ഇടവേള കഴിഞ്ഞ് ഗോസ്റ്റ് െെററ്റർ എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരുവരാൻ ഒരുങ്ങുകയാണ് ചന്ദ്രാലക്ഷ്മൺ. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാവുന്നതിന് മുൻപ് ലോക്ക്ഡൗൺ വന്നു.പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചന്ദ്ര.
ഞാൻ നിമിത്തത്തിൽ വിശ്വസിക്കുന്ന ഒരാളാണ്. ഒന്നും ഞാൻ മുൻകൂട്ടി തീരുമാനിക്കാറില്ല . എന്താണോ സംഭവിക്കുന്നത് അതനുസരിച്ച് ഞാൻ മുന്നോട്ടുപോവുകയാണ് പതിവ്. എന്റെ ആദ്യ സിനിമ എ കെ സാജന്റെ സ്റ്റോപ്പ് വയലൻസാണ്. ഇപ്പോൾ ഞാൻ തിരിച്ചുവരുന്ന സിനിമയുടെ പേര് 'ഗോസ്റ്റ് റൈറ്റർ'. രണ്ടിന്റെയും ടൈറ്റിൽ ഇംഗ്ലീഷിലാണ് .ഞാൻ ഈ ചിത്രം തിരഞ്ഞെടുത്തതിന് ഇതിന്റെ ടൈറ്റിലും ഒരു കാരണമാണ്.സിനിമയിൽ ഞാൻ അവതരിപ്പിക്കുന്ന ശോശാമ്മ എന്ന കഥാപാത്രത്തിന്റെ ഭർത്താവാണ് ഗോസ്റ്റ് റൈറ്റർ. പോൾ എന്ന പുതുമുഖമാണ് ആ കഥാപാത്രം അവതരിപ്പിക്കുന്നത്. നാട്ടിലെ അത്യവശ്യം നല്ലപേരുള്ള ഒരു പാതിരിയുടെ കഥ എഴുതുകയാണ് അയാൾ. ഇതിനിടയിൽ പാതിരിയുടെ ജീവിതത്തിലെ ഒരു രഹസ്യം അദ്ദേഹം അറിയുന്നു. അതിനെ ചുറ്റുപറ്റിയാണ് കഥ പുരോഗമിക്കുന്നത്. ആദ്യമായി മേക്കപ്പിടാതെ ഞാൻ ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന സിനിമയാണിത്. ഗോസ്റ്റ് റൈറ്ററിന്റെ നിർമാതാവ് രവി മേനോൻ സാറാണ് എന്നെ ഈ ചിത്രത്തിലേക്ക് ക്ഷണിച്ചത്.നവാഗതനായ എം.ആർ.അജയനാണ് ചിത്രത്തിന്റെ സംവിധായകൻ.
സ്വന്തം എന്ന സീരിയലിലെ സാന്ദ്ര നെല്ലിക്കാടൻ എനിക്ക് അന്ന് അടി കുറെ വാങ്ങിത്തന്നിട്ടുണ്ടെങ്കിലും ഇന്ന് മലയാളികൾ എന്നെ ഓർക്കുന്നത് ആ കഥാപാത്രത്തിലൂടെയാണ്. സ്വന്തം സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ പുറത്തിറങ്ങുമ്പോൾ അടി ഇഷ്ടം പോലെ കിട്ടിയിട്ടുണ്ട് , അമ്പലങ്ങളിലെല്ലാം പോവുമ്പോൾ പുറകിൽകൂടി വന്ന് കുട വച്ച് കുത്തിയിട്ടുണ്ട്. പിന്നെ തെറിയഭിഷേകം നടത്തിയവരുമുണ്ട്. അവരോടൊന്നും പറഞ്ഞിട്ട് കാര്യമില്ല അതുകൊണ്ട് തരുന്നതെല്ലാം സന്തോഷത്തോടെ ഏറ്റുവാങ്ങും .
എന്നാണ് കല്യാണം എന്ന ചോദ്യം കേട്ട് ഞാൻ മടുത്തു. കല്യാണം കഴിക്കാത്ത ഞാൻ കല്യാണം കഴിച്ച് അമേരിക്കയിൽ സെറ്റിലായി എന്ന വാർത്ത വന്നത് അടുത്തിടെയാണ്. അതുകണ്ട് ഞാനും അപ്പയും അമ്മയുമൊക്കെ ഒരുപാട് ചിരിച്ചു. കല്യാണം എന്ന് പറയുന്നത് എടുത്തുചാടി ചെയ്യേണ്ട ഒരു കാര്യമല്ല.ഇത്രയും കാലമായി കല്യാണം കഴിക്കാത്തത് പ്രേമ െെനരാശ്യം കാരണമാണോ എന്നുചോദിച്ചാൽ അല്ല എന്നാണ് ഉത്തരം. ഞാൻ ഒരു അവശ കാമുകിയൊന്നുമല്ല....പ്രേമമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ നൈരാശ്യമൊന്നുമുണ്ടായിട്ടില്ല . എന്റെ നല്ല സുഹൃത്തുക്കൾ തന്നെ പിന്നിട് കാമുകന്മാരായിട്ടുണ്ട്. പ്രണയം മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ലെന്ന അവസ്ഥയിൽ ഞങ്ങൾ കൈകൊടുത്ത് പിരിഞ്ഞവരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |