നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ... എന്ന പാട്ടും മൂളി തൃശൂരിലെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷത്തോളമായി. ഒടുവിൽ നാഥൻ എത്തി, പ്രാണനാഥനല്ല. പാർട്ടിയുടെ ജില്ലാ നാഥൻ. എം.പി വിൻസെന്റ്. തൃശൂരിന്റെ, പുതിയ ഡി.സി.സി പ്രസിഡന്റ്.
കോൺഗ്രസ് ജില്ലാ ആസ്ഥാനത്തെ നാഥനില്ലായ്മയെ ചൊല്ലിയുള്ള മുറവിളികൾക്ക് അങ്ങനെ വിരാമമായി. പ്രസിഡന്റ് സ്ഥാനത്തിനായി അണിയറ നീക്കം നടത്തിയ മുതിർന്ന നേതാക്കളടക്കമുള്ളവരെ തള്ളിയും ഉന്തിയും മാറ്റിയാണ് ഒല്ലൂർ മുൻ എം.എൽ.എ കൂടിയായ എം.പി വിൻസന്റ് പിടിച്ചുകയറിയതെന്നും പറയുന്നവരുണ്ട്.
പ്രസിഡന്റ് സ്ഥാനത്തിനായി എ,ഐ ഗ്രൂപ്പുകൾ ഏറെ ചരടുവലികൾ നടത്തിയെങ്കിലും രണ്ട് ഗ്രൂപ്പുകളിലും പെടാത്ത എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ വിശ്വസ്തനായ വിൻസെന്റിന് നറുക്ക് വീണു എന്നതാണ് മറ്റൊരു നിഗമനം. കുറച്ചു മാസങ്ങളായി കെ.പി.സിസി വൈസ് പ്രസിഡന്റ് പത്മജ വേണുഗോപാൽ, ജനറൽ സെക്രട്ടറി ഒ. അബ്ദു റഹിമാൻകുട്ടി എന്നിവർക്കായിരുന്നു ഡി. സി.സിയുടെ ചുമതല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡി.സി.സി പ്രസിഡന്റായിരുന്ന ടി.എൻ പ്രതാപൻ മത്സരിക്കുകയും വിജയിക്കുകയും ചെയ്തതോടെയാണ് നാഥനില്ലായ്മ തൃശൂരിനെ ബാധിച്ചത്. പുതിയ പ്രസിഡന്റിനെ നിയമിക്കാൻ തയ്യാറാകാതിരുന്ന നേതൃത്വം പുതിയ പ്രസിഡന്റ് വരുന്നത് വരെ പ്രതാപനോട് തുടരാൻ ആവശ്യപ്പെട്ടു.
എന്നാൽ മാസങ്ങൾക്ക് ശേഷം മുതിർന്ന നേതാക്കൾ വരെ ഡി.സി.സി പ്രസിഡന്റിനെ നിയമിക്കാത്തതിൽ പ്രതിഷേധിച്ച് രംഗത്തെത്തി. ഇതോടെ തനിക്ക് ഡി.സി.സി പ്രസിഡന്റിന്റെ അധികചുമതല വഹിക്കാൻ സാധിക്കില്ലെന്ന് പ്രതാപൻ നേതൃത്വത്തെ അറിയിച്ചു. ഇതിനിടെ കേരളത്തിൽ ഒഴിവുള്ള ഡി.സി.സി പ്രസിഡന്റുമാരെ ഹൈക്കമാൻഡ് നിയമിച്ചെങ്കിലും തൃശൂരും കോഴിക്കോടും പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടു. ഒടുവിൽ, പത്മജയ്ക്കും അബ്ദുറഹിമാൻ കുട്ടിക്കും ചുമതല കൈമാറി നേതൃത്വം തടിയൂരി. പക്ഷേ, അപ്പോഴും വിഴുപ്പലക്ക് തീർന്നില്ല. രണ്ടുപേരേയും നിയോഗിച്ച് ഗ്രൂപ്പ് പോര് ഒതുക്കാമെന്ന സൂത്രവിദ്യയും പൊളിഞ്ഞു. നേതാക്കൾ വെറുതേ ഇരുന്നില്ല. നേതാക്കളുടെ കുപ്പായമിട്ട മുതിർന്നവരും യുവനിരയും പെൺപടയും ഒളിഞ്ഞും തെളിഞ്ഞും പരിഹാസവും പുച്ഛവും പ്രതിഷേധവും സമാസമം കൃത്യമായ ഇടവേളകളിൽ വിളമ്പി.
ഒപ്പം ചരട് വലികളും നടത്തി. ആ വലികൾക്കൊടുവിൽ, സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി വേണുഗോപാലുമായുള്ള അടുപ്പം വിൻസെന്റിന് നേട്ടമായെന്നാണ് ചുരുക്കം. എതാനും മാസങ്ങൾക്ക് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ പ്രസിഡന്റിനെ ലഭിച്ചത് ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരും. ആശ പണ്ടേയുള്ളതു കൊണ്ട് ആവേശത്തിന് കടുപ്പം കൂടുമെന്ന് മാത്രം.
ഓൺലൈൻ മടകളിലെ
പുപ്പുലികൾ
അരമണി കെട്ടി താളത്തിൽ ചുവടുവച്ച് കൂട്ടം കൂട്ടമായെത്തി തേക്കിൻകാട്ടിലും സ്വരാജ് റൗണ്ടിലും ചാടി വീഴാൻ നാലോണനാളിൽ പുലികളെത്തിയില്ല. പകരം അവർ ഓൺലൈനിൽ മടകളിലായിരുന്നു. അതെ, ഓണക്കാലത്ത് തൃശൂരിന്റെ സ്വന്തം പുലികൾ കൊവിഡ് കാലത്ത് മാറി ചിന്തിച്ചു. ഓരോ പുലിയും സാങ്കേതിക വിദ്യയാൽ സംഘമാകുന്ന സൂത്രം. അയ്യന്തോൾ ദേശമാണ് ഇക്കുറി ഒന്നിച്ചല്ലാതെ ഒന്നാകുന്ന പുലിക്കളിയുമായെത്താൻ തീരുമാനിച്ചത്.
കൊവിഡ് ഭീതിയിൽ പുറത്തിറങ്ങാൻ സാധിക്കാത്ത ദേശത്തും വിദേശത്തുമുള്ള പുലിക്കളി പ്രേമികൾക്ക് അതുകൊണ്ട് സങ്കടമുണ്ടായില്ല. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫേസ്ബുക്ക് പേജിൽ നാലോണ നാളിൽ വൈകിട്ട് തത്സമയം കളിച്ചു. പുലികളും വാദ്യക്കാരുമടക്കം 20 പേരാണ് കൊവിഡിന്റെ പശ്ചാത്തലത്തിൽ സ്വന്തം മടകളിൽ (വീടുകളിൽ) ചുവടു വച്ചത്. നാലോണ ദിനത്തിൽ പുലിക്കളി ആസ്വദിക്കാൻ പതിനായിരങ്ങളാണെത്താറുളളത്. തൃശൂർ പൂരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെത്തുന്നത് പുലിക്കളിക്കാണ്. ഓരോ പുലിക്കളി സംഘത്തിലും 40 മുതൽ 60 വരെ പുലികളാണ് ഉള്ളത്. അടുത്തകാലത്തായി പുരുഷന്മാർക്ക് ഒപ്പം പെൺപുലികളും കുട്ടിപ്പുലികളും ഇറങ്ങിയിരുന്നു. തൃശൂരിന്റെ പരിസരഗ്രാമങ്ങളിലെ കുമ്മാട്ടികളും ചടങ്ങുകളിൽ അവതരണം ഒതുക്കി. അങ്ങനെ പൂരം മുതൽ പുലിക്കളിയും കുമ്മാട്ടിയും വരെ അരങ്ങേറാത്ത ഒരാണ്ടാണ് കടന്നുപോവുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |