SignIn
Kerala Kaumudi Online
Wednesday, 09 July 2025 12.30 PM IST

ഒരു പ്രതിഭയുടെ രചന

Increase Font Size Decrease Font Size Print Page

hh

" ഈ പുസ്തകത്തിൽ എന്റേതായി യാതൊന്നുമില്ല. സ്വന്തം അജ്ഞതയെക്കുറിച്ച് എന്റെ മനസിനുള്ള ഈർപ്പമല്ലാതെ."- നാലു പതിറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച 'വേറാക്കൂറ് ' എന്ന തന്റെ രചനയുടെ ആമുഖത്തിൽ ഗ്രന്ഥകാരൻ എം.പി.ബാലഗോപാൽ ഇങ്ങനെ എഴുതി.

1980 മേയ് 14 ന് നടന്ന പ്രകാശന ചടങ്ങിനുള്ള ക്ഷണപത്രികയിൽ പ്രസാധകരായ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ പ്രസിഡന്റ് സി.പി. ശ്രീധരൻ സൂചിപ്പിച്ചത് -" ചിന്താ ദരിദ്രമെന്നു കരുതപ്പെടുന്ന നമ്മുടെ ഭാഷയിലേക്ക് ഒരുത്തമ ക‌ൃതി വരുന്നുവെന്നാ" യിരുന്നു. കൊച്ചിയിലെ സാഹിത്യ പരിഷത് ഹാളിൽ വൈക്കം ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ പുസ്തക പ്രകാശനം നിർവഹിച്ചത് എം.ടി.വാസുദേവൻ നായരായിരുന്നു. പി.ഗോവിന്ദപ്പിള്ളയും അഭിഭാഷകനായ പി.എം.പത്മനാഭനും ആശംസാ പ്രസംഗം നടത്തി. അപാരമായ ധിഷണയുടെ പ്രതിഫലനമായിരുന്നു ആ പുസ്തകം. അത് പ്രസിദ്ധീകൃതമായ വർഷം തന്നെ ബാലഗോപാൽ പോയി. നാല്പതു വർഷങ്ങൾ പിന്നിടുമ്പോൾ ഭാഷയ്ക്ക് വലിയ സംഭാവന നൽകിയ എഴുത്തുകാരനെയും രചനയെയും എത്രമാത്രം മലയാളം ഓർക്കുന്നു.?

എന്താണ് വേറാക്കൂറ് ? അന്യഥാബോധം (Alienation ) ഏകാകിതാ ബോധം തുടങ്ങിയ അർത്ഥങ്ങളിൽ അറിയപ്പെടുന്ന വാക്കിന് പുതിയൊരു പേര് എം.പി.ബാലഗോപാൽ പ്രയോഗിച്ചതാണ് വേറാക്കൂറ്. വടക്കേ മലബാറിലെ വ്യവഹാര ഭാഷയിൽ സാധാരണമായി ഗ്രാമീണർ ഉപയോഗിച്ചു വന്ന ശക്തമായ പദമാണ് വേറാക്കൂറ്. അന്യനെപ്പോലെ ,ആരാനെപ്പോലെ പെരുമാറുന്നു എന്നു സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്. അവതാരികയിൽ സി.പി.ശ്രീധരൻ പറയുന്നു-" ഒരു കുടുംബാംഗത്തോടോ, ബന്ധുവിനോടോ ,അയാൾക്ക് അർഹതപ്പെട്ട രീതിയിൽ പരിഗണന നൽകാതെ മാറ്റിനിറുത്തി പക്ഷപാതിത്വം കാണിക്കുമ്പോൾ ഈ വാക്ക് വടക്കേ മലബാറുകാരുടെ നാക്കിൽ നിന്നു താനെ ഉതിർന്നു വീഴും. ഇങ്ങനെ ഒരു ബന്ധുവെ ,തന്റെയോ തങ്ങളുടെയോ ബന്ധുവല്ലെന്നു കണക്കാക്കി വേറിട്ടു നിറുത്തി കുശുമ്പു കാട്ടുന്നതിനെയാണ് ഈ വാക്ക് സൂചിപ്പിക്കുന്നത്. അലിനേഷന്റെ അർത്ഥമായി അന്യഥാബോധമെന്ന മലയാളപദം ഉപയോഗിക്കുമ്പോൾ ആ മൂലപദത്തിന്റെ ശക്തിയും സാരവും ചോർന്നു പോകുന്നു. യഥാർത്ഥത്തിൽ ഒരാളിലുണ്ടാകുന്ന അകാരണമായ ഏകാകിതാബോധമോ, അന്യഥാബോധമോ അല്ല അലിനേഷൻ. മറിച്ച്, അവനെ അകറ്റി നിറുത്തുന്ന സാമൂഹ്യസത്വത്തിന്റെ വേറാക്കൂറ് ( അന്യന്മാരോട് കാണിക്കുന്ന ഭാവം ) ആണ് പ്രശ്നം. വേറാക്കൂറ് എന്ന മലയാളപദം കണ്ടെത്തിയ ബാലഗോപാൽ ശക്തമായ ഒരു വാക്കുകൊണ്ട് സ്വന്തം ചിന്തയ്ക്കു പുതിയ ബിംബം വിളക്കിയിരിക്കുന്നു." ശ്രീധരൻ വിശദീകരിക്കുന്നു.

കാലം എത്ര കഴിഞ്ഞെങ്കിലും ശക്തമായ ആശയങ്ങളാൽ ഇന്നും പ്രസക്തമായി നിലകൊള്ളുകയാണ് ബാലഗോപാലിന്റെ വേറാക്കൂറ് എന്ന വേറിട്ട രചന. അന്യഥാബോധത്തെ വിശാലമായ ഒരു കാൻവാസിലാണ് ബാലഗോപാൽ അവലോകനം ചെയ്യുന്നത്. ഋഗ്വേദം മുതൽ ലോക ചിന്തകൻമാരുടെ ആശയങ്ങളും ചരിത്രവും ആഴത്തിൽ അപഗ്രഥിക്കുന്നതാണ് ഈ ഗ്രന്ഥം.

വടകരയ്ക്കടുത്ത് ഇരിങ്ങണ്ണൂർ സ്വദേശിയായ അഭിഭാഷകനായിരുന്നു മാവിലാട്ട് പയറ്റാട്ടിൽ ബാലഗോപാൽ എന്ന എം.പി.ബാലഗോപാൽ. സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനായിരുന്നു. കോഴിക്കോട് ബാറിലും കൊച്ചിയിൽ ഹൈക്കോടതിയിലും പ്രാക്ടീസ് നടത്തി. എം.ഗോവിന്ദൻ എം.ടി തുടങ്ങി വിപുലമായ സൗഹൃദവലയമുണ്ടായിരുന്നു. പണ്ട് വിദ്യാർത്ഥികളായിരിക്കുമ്പോൾ കഥാമത്സരത്തിൽ താനും ബാലഗോപാലും ഒന്നാം സമ്മാനം പങ്കിട്ട കഥ വേറാക്കൂറിന്റെ പ്രകാശന ചടങ്ങിൽ എം.ടി വെളിപ്പെടുത്തിയിരുന്നു. എം.ഗോവിന്ദന്റെ സമീക്ഷയ്ക്കു മുമ്പ് പ്രസിദ്ധീകൃതമായ നവസാഹിതിയുടെ മാനേജരായിരുന്നു . പത്രാധിപർ എം.വി.ദേവനും. ബാലഗോപാലിന്റെ മരണശേഷമാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം വേറാക്കൂറിനെ തേടിയെത്തിയത്.

" അച്ഛൻ ലളിതമായ ജീവിതശൈലിയുടെ ഉടമയായിരുന്നു. നല്ല മനുഷ്യരായി വളരണമെന്നു മാത്രമെ ഞങ്ങൾ മക്കളോട് പറഞ്ഞിരുന്നുള്ളു." മൂത്ത മകൻ പ്രമുഖ പത്രപ്രവർത്തകനും കേരളകൗമുദി മുൻ ന്യൂസ് എഡിറ്ററുമായ വിവി.വേണുഗോപാൽ പറഞ്ഞു. ബാലഗോപാൽ -സുലോചന ദമ്പതികൾക്ക് നാലു മക്കൾ. വേണുവിനു പുറമെ വി.വി.രാംഗോപാൽ, അഡ്വ. വി.വി. നന്ദഗോപാൽ, ഹേമലത, അനിത എന്നിവരാണവർ. ഈ മാസം 11 ന് ബാലഗോപാലിന്റെ ( 1923-80 ) നാല്പതാം ചരമവാർഷികമാണ്.

" പഴമയിലേക്കുള്ള പലായനം ,പുതുമയിലേക്കുള്ള മുതലക്കൂപ്പുകുത്തൽ ഇതു രണ്ടും സമകാലിക വളർച്ചയുടെ രണ്ടറ്റത്തു നിന്നും അടർത്തിയെടുക്കപ്പെട്ടാൽ ,അവ ജൈവ വളർച്ചയെ അവസാനിപ്പിച്ച് സമൂഹത്തെ സ്തംഭിപ്പിച്ചു കളയുന്നു. പൗരാണികത്വം പാരായണം ചെയ്ത്, വർത്തമാന ഭാവികളെ പിന്നോട്ടു വലിച്ചിഴയ്ക്കുന്നവർ ചെയ്യുന്നത് , മനുഷ്യപുരോഗതിയെന്ന ചങ്ങല വലിച്ചുനിറുത്തുകയാണ്. ഫ്യൂച്ചറിസ്റ്റികളും ചെയ്യുന്നത് അതുതന്നെ. ഭൂതകാല പാരമ്പര്യങ്ങളിൽ നിന്നു വീറും പാരമ്പര്യവും വലിച്ചെടുത്ത് , വർത്തമാനകാലത്തു നിന്നുകൊണ്ട് , സമകാലിക പ്രശ്നങ്ങൾ കണക്കിലെടുത്തു കൊണ്ടുതന്നെ , ഭാവി സംവിധാനം ചെയ്യുന്നതിനു പകരം , ഇവർ എല്ലാം തള്ളിപ്പറഞ്ഞ് ,ഒരു ക്ളീൻ സ്ളേറ്റിൽ തങ്ങൾ കിനാവു കാണുന്ന ഭാവിയെ പ്രാപിപ്പാൻ വെമ്പുന്നു. " ( വേറാക്കൂറ് )

TAGS: KAALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.