വാഷിംഗ്ടൺ: അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്ന സന്തോഷക്കൂട്ടിലെ മാലാഖക്കുട്ടിയാണ് യു.എസിലെ ഉട്ട സ്വദേശി ലുള ബേത്ത് ബൗഡനെന്ന നാല് വയസുകാരി. കളിചിരികൾക്കിടയിലാണ് അവൾക്കരികിലേക്ക് അർബുദം വിരുന്നുകാരനായി എത്തിയത്. ലുളയും അവളുടെ കുടുംബുവും തളർന്നില്ല. കാൻസറെന്ന വില്ലനെ അവർ പൊരുതി തോൽപ്പിച്ചു.
'അത് വന്നു, ഞങ്ങൾ പൊരുതി, ഞാൻ വിജയിച്ചു' (It came, we fought, I won ) എന്ന കാർഡുമായി നിൽക്കുന്ന ലുളയുടെ ഫോട്ടോകൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ലുളയുടെ അമ്മയും ഫോട്ടോഗ്രാഫറുമായ ക്രിസ്റ്റീൻ ബൗഡനാണ് മകൾക്കായി ഫോട്ടോഷൂട്ട് ഒരുക്കിയത്. പീച്ച് നിറത്തിലെ മനോഹരമായ ഗൗണും തലയിൽ അതേ നിറത്തിലുള്ള ബാൻഡും അണിഞ്ഞ് ചെറുപുഞ്ചിരിയോടെയാണ് കുഞ്ഞ് ലുള ഫോട്ടോയ്ക്ക് പോസുചെയ്യുന്നത്.
കുട്ടികളിൽ കാണപ്പെടുന്ന ഒരു തരം കാൻസറായിരുന്നു ലുളയുടേത്. കിഡ്‌നിക്കുള്ളിൽ ട്യൂമറായിരുന്നു ഇതിന്റെ തുടക്കം. ശസ്ത്രക്രിയയിലൂടെ ഈ മുഴ നീക്കം ചെയ്തു. ഒപ്പം 13 കീമോ തെറാപ്പിയും.
'ഇങ്ങനെയൊന്ന് ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മറ്റുള്ളവരുടെ ഇത്തരം ദുഃഖകരമായ കഥകൾ കേൾക്കാറുണ്ടെങ്കിലും ഇങ്ങനെയൊന്ന് നമ്മുടെ പ്രിയപ്പെട്ട ഒരാൾക്ക് വരുമെന്ന് കരുതിയിരുന്നില്ല. എന്നാൽ, അവൾ ധൈര്യമായി അതിനെ നേരിട്ടു, ഞങ്ങളുടെ കുടുംബത്തിന്റെ പ്രകാശമാണവൾ' - ക്രിസ്റ്റീൻ പറഞ്ഞു. ലുള തന്റെ കാൻസർ ദിനങ്ങളെ പറ്റി വിവരിക്കുന്ന ഒരു ചെറിയ വീഡിയോയും ക്രിസ്റ്റീൻ പോസ്റ്റ് ചെയ്തിട്ടുണ്ട്. കരുത്തയായ കുഞ്ഞുപോരാളിക്ക് അഭിനന്ദനങ്ങളും ആശംസകളുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |