കാസർകോട്: ജുവലറി നടത്തിപ്പിനായി വാങ്ങിയ നിക്ഷേപം തിരികെ നൽകിയില്ലെന്ന് ആരോപിച്ച് മ
ഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീൻ അടക്കമുള്ളവർക്കെതിരെ കാസർകോട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലും കോടതിയിലുമായി 14 വഞ്ചന കേസുകൾ രജിസ്റ്റർ ചെയ്തു. ചന്തേര പൊലീസ് സ്റ്റേഷനിൽ 12 കേസുകളും കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ ഒരു കേസും ഹൊസ്ദുർഗ് കോടതിയിൽ ചെക്ക് കേസുമാണ് എടുത്തത്. പണം നൽകിയ അഞ്ചു പേരുടെ പരാതിയിൽ ടൗൺ പൊലീസ് ഇന്നലെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ചന്തേര ഇൻസ്‌പെക്ടർ പി. നാരായണനാണ് നിലവിൽ കേസുകൾ അന്വേഷിക്കുന്നത്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമേ കേസിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയുള്ളൂ. അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരുടെ മൊഴി എടുത്തിരുന്നു. ജുവലറി മാനേജരെയും ചന്തേര ഇൻസ്‌പെക്ടർ ചോദ്യം ചെയ്തിരുന്നു. എം. എൽ. എ യുടെ നേതൃത്വത്തിൽ നാല് കമ്പനികൾ രജിസ്റ്റർ ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കമ്പനിക്ക് രജിസ്‌ട്രേഷൻ ഉണ്ടെങ്കിലും സ്വർണം വാങ്ങിക്കാൻ നിക്ഷേപം സ്വീകരിക്കാൻ അനുമതി ഇല്ലെന്ന് ഇൻസ്‌പെക്ടർ പി. നാരായണൻ പറഞ്ഞു. നിക്ഷേപം സ്വീകരിച്ചു പകരം മുദ്രപത്രത്തിൽ എഴുതിക്കൊടുക്കുക മാത്രമാണ് ചെയ്തത്. അതിനിടെ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത ഏഴ് വഞ്ചന കേസുകളാണ് അന്വേഷണത്തിനായി കാസർകോട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി. ശില്പയാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. ഡിവൈ.എസ്.പി എ. സതീഷ് കുമാറിനാണ് അന്വേഷണച്ചുമതല. കള്ളാർ സ്വദേശികളായ പി. സുബൈറും സഹോദരനും നൽകിയ പരാതിയിലാണ് ഹൊസ്ദുർഗ് കോടതി എം.എൽ.എ ക്കും ലീഗ് നേതാവ് ടി.കെ. പൂക്കോയ തങ്ങൾക്കും എതിരെ വണ്ടിച്ചെക്ക് കേസും രജിസ്റ്റർ ചെയ്തത്. 70 ലക്ഷം രൂപയാണ് ഇരുവരും നിക്ഷേപിച്ചത്.
''ജുവലറി നടത്തിപ്പിനായി പണം നൽകിയ ഓഹരി നിക്ഷേപകർക്ക് നാല് മാസം കൊണ്ട് പണം തിരികെ നൽകും. പ്രശ്നം തീർക്കാൻ ആർക്കും മദ്ധ്യസ്ഥത വഹിക്കാവുന്നതാണ്.
-എം.സി. ഖമറുദ്ദീൻ എം.എൽ.എ
''എം എൽ എ പറയുന്നത് കള്ളമാണ്. ലീഗിലെ സ്വാധീനം ഉപയോഗിച്ചാണ് പണമുള്ള പ്രവർത്തകരെ കബളിപ്പിച്ചത്. നിക്ഷേപത്തുക തിരിച്ചുകിട്ടില്ലെന്ന് ഭീഷണിപ്പെടുത്തുന്നതിനാലാണ് കൂടുതൽ പേർ പരാതി നൽകാൻ ഭയക്കുന്നത്.
-അഡ്വ. സി. ഷുക്കൂർ (പരാതിക്കാരുടെ അഭിഭാഷകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |