കർണാടക സംഗീതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ വയലിൻ വാദകനായിരുന്നു പ്രൊഫ.എം. സുബ്രഹ്മണ്യശർമ്മ. ആ അർത്ഥത്തിൽ അദ്ദേഹം സംഗീത സാർവ്വഭൗമൻ തന്നെ.
കർണാടകസംഗീതത്തിലെ കുലപതിമാരിലൊരാളായ ടി.ആർ. സുബ്രഹ്മണ്യത്തോടൊപ്പം കച്ചേരികളിൽ പക്കം വായിക്കുക പലർക്കുമൊരു വെല്ലുവിളിയായിരുന്നു. ഭയഭക്തിപുരസ്സരം പലരും ഒഴിഞ്ഞുമാറിയ കാലത്ത് പലപ്പോഴും നറുക്കുവീഴുന്നത് സുബ്രഹ്മണ്യശർമ്മയ്ക്കായിരുന്നു. ടി.ആർ. സുബ്രഹ്മണ്യത്തിന് ആ പക്കവാദ്യകാരന്റെ സാന്നിദ്ധ്യവും അകമ്പടിയും പക്ഷേ ആനന്ദദായകമായി. ആ കലാമികവിനെ അങ്ങേയറ്റത്തെ ആദരവോടെ ടി.ആർ.എസ് വണങ്ങി. കച്ചേരിയരങ്ങുകളിൽ ആ ആദരം ടി.ആർ.എസ് പ്രകടിപ്പിച്ചത്, ശർമ്മയ്ക്കൊപ്പം ഞാൻ പാടുന്നു എന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു! പാട്ടുകാർ, തനിക്കൊപ്പം പക്കം വായിക്കുന്നവരെന്ന് പറഞ്ഞ് പക്കമേളക്കാരെ പരിചയപ്പെടുത്തുന്നതാണ് സാധാരണ നടപ്പെന്നറിയുക.
മഹാരാജപുരം സന്താനവും ഡി.കെ. പട്ടമ്മാളും ഡി.കെ. ജയരാമനും ചെമ്പൈയും എം.ഡി. രാമനാഥനും ശീർകാഴി ഗോവിന്ദരാജനും രാമനാട് കൃഷ്ണനും ആർ.കെ. ശ്രീകണ്ഠനും പാലക്കാട് കെ.വി. നാരായണസ്വാമിയും എന്നുവേണ്ട കർണാടകസംഗീതലോകത്തെ മഹാരഥന്മാർക്കൊപ്പം പക്കമേളം വായിച്ച് അവരുടെ മതിപ്പ് നേടിയെടുത്ത വിദ്വാനായിരുന്നു സുബ്രഹ്മണ്യശർമ്മ.
ഏഴ് പതിറ്റാണ്ടിലേറെയായി നീളുന്ന സംഗീതസപര്യയിൽ അവസാനനിമിഷം വരെയും പുതുതലമുറയ്ക്ക് സംഗീതപാഠങ്ങൾ പകർന്നു സജീവമായിരുന്നു പ്രൊഫ. സുബ്രഹ്മണ്യശർമ്മ. എൺപത്തിനാലാമത്തെ വയസ്സിൽ കഴിഞ്ഞ ദിവസം പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. വിട പറയുമ്പോൾ സംഗീതലോകത്ത് അദ്ദേഹം അവശേഷിപ്പിച്ച് പോകുന്ന ഏറ്റവും വലിയ സമ്പാദ്യമെന്ന് പറയുന്നത്, മക്കളും കേരളത്തിലുംപുറത്തും പ്രശസ്തരായ സംഗീതജ്ഞരുമായ എസ്.ആർ. മഹാദേവശർമ്മയും എസ്.ആർ. രാജശ്രിയുമാണ്.
വയലിനിൽ എം.എസ്. ഗോപാലകൃഷ്ണനെയും ലാൽഗുഡി ജയരാമനെയുമൊക്കെ പോലെ കേരളത്തിൽ സ്വന്തമായി വാദകശൈലി രൂപപ്പെടുത്തിയെടുത്ത വയലിൻ വിദ്വാനാണ് സുബ്രഹ്മണ്യശർമ്മ. കലർപ്പില്ലാത്ത ശ്രുതിശുദ്ധമായ സംഗീതം ആഴത്തിൽ അനുഭവിപ്പിക്കുന്നതാണ് ഈ ശൈലി. അതിലെ സുന്ദരമായ ഗമകപ്രയോഗങ്ങളൊക്കെ ആ സംഗീതത്തെ വേറിട്ടതാക്കുന്നു. കഴുത്തിന് കീഴെയും കാല്പാദത്തിലുമായി വയലിനെ ഒതുക്കിനിറുത്തിയുള്ള ഈ വാദനശൈലിക്ക് പ്രചുരപ്രചാരം നൽകിയ സംഗീതജ്ഞനാണ് ശർമ്മ.
കെ.ജെ. യേശുദാസിന് ഗുരുതുല്യനായിരുന്നു. വർഷങ്ങളോളം യേശുദാസിന്റെ സംഗീതക്കച്ചേരികൾക്ക് സുബ്രഹ്മണ്യശർമ്മ വയലിനിൽ അകമ്പടി സേവിച്ചു. ബി.ബി.സിയിൽ ആദ്യമായി കർണാട്ടിക് വയലിൻസോളോ അവതരിപ്പിച്ചതിന്റെ ഖ്യാതിയും ശർമ്മയ്ക്കുതന്നെ.
സുബ്രഹ്മണ്യശർമ്മയുടെ വയലിൻ വായനയെ ശെമ്മാങ്കുടി ശ്രീനിവാസയ്യർ ഒരിക്കൽ വിശേഷിപ്പിച്ചത് നാരദന്റെ തംബുരു എന്നാണ്. ശർമ്മയുടെ പിതാവ് മൃദംഗവിദ്വാനായിരുന്നു. മഹാദേവ അയ്യർ. കോടതിയിൽ ഉദ്യോഗസ്ഥൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ജോലി സൗകര്യാർത്ഥമാണ് ആറാം മാസത്തിൽ ആറ്റിങ്ങലിലെത്തിയത്. മൂന്ന് വയസ്സ് തൊട്ട് കർണാടകസംഗീതം ശർമ്മ അഭ്യസിച്ചു തുടങ്ങി. എട്ടാം വയസ്സിൽ അരങ്ങേറി. പത്ത് വയസ്സ് മുതൽ വയലിൻ പഠനം. 12ാം വയസ്സിൽ അരങ്ങേറ്റം.
1961ൽ സാക്ഷാൽ ചെമ്പൈ കന്യാകുമാരിയിലൊരു കച്ചേരിക്ക് പോകവേ തിരുവനന്തപുരത്ത് ശ്രീകണ്ഠേശ്വരം അമ്പലത്തിൽ തൊഴാനെത്തി. സുഹൃത്തിന്റെ വീട്ടിൽ പ്രാതലിനെത്തിയ ചെമ്പൈയെ വരവേറ്റത് മുകളിലെ മുറിയിൽ നിന്നുള്ള വയലിൻനാദമാണ്. അതിന്റെ ഉടമയെ തിരക്കിയ ചെമ്പൈക്ക് മുന്നിൽ ശർമ്മയെത്തി. കന്യാകുമാരിയിലെ കച്ചേരിക്ക് നീ വായിച്ചാൽ മതിയെന്ന് കല്പിച്ചു. തയാറെടുപ്പ് വേണ്ടേയെന്ന് ശർമ്മ ശങ്കിച്ചെങ്കിലും ചെമ്പൈക്ക് ആ വിരലുകളെ ആദ്യകേൾവിയിലേ ബോധിച്ചതിനാൽ അതൊക്കെ അസ്ഥാനത്തായി.
ഓരോ രാഗത്തിനും സ്വരവിസ്താരം എത്രത്തോളമെന്നതിൽ കിറുകൃത്യതയുണ്ടായിരുന്നു ശർമ്മയ്ക്ക്. അതിര് വിട്ടുപോകാൻ ഒരിക്കലും അദ്ദേഹം സ്വന്തം വായനയെ അനുവദിച്ചില്ല. ആ സംഗീതത്തിന്റെ ഈ ഔന്നത്യത്തെ കലാലോകം എപ്പോഴും അംഗീകരിച്ചു. നാട് പക്ഷേ വേണ്ടത്ര കണ്ടറിഞ്ഞോ? രാഷ്ട്രം പത്മ പുരസ്കാരത്തിനോ, സംസ്ഥാനം അതിന്റെ പരമോന്നത സംഗീതബഹുമതിയായ സ്വാതി പുരസ്കാരത്തിനോ ശർമ്മയെ പരിഗണിച്ചില്ലായെന്നത് ഒരു ദു:ഖസത്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |