കാസർകോട്: ജുവലറിയിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് നാട്ടുകാരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസിൽ മഞ്ചേശ്വരം എം.എൽ.എയും മുസ്ലിംലീഗ് നേതാവുമായ എം.സി.ഖമറുദ്ദീന്റെ പടന്ന എടച്ചാക്കൈയിലെ കുടുംബ വസതിയിലും ജുവലറിയുടെ മാനേജിംഗ് ഡയറക്ടറായ ടി. കെ പൂക്കോയതങ്ങളുടെ ചന്തേരയിലെ വസതിയിലും പൊലീസ് റെയ്ഡ് നടത്തി രേഖകൾ പിടിച്ചെടുത്തു.
മൊത്തം ഒന്നരക്കോടിയിലേറെ നഷ്ടപ്പെട്ടെന്ന ഏഴു പരാതികളിലാണ് നടപടി. നാനൂറിലേറെപ്പേരിൽ നിന്ന് മൊത്തം 150 കോടിയിലേറെ വാങ്ങിയിരുന്നുവെന്നാണ് അറിയുന്നത്.
ആറുമാസം മുമ്പ് എം.എൽ.എയായ ഖമറുദ്ദീൻ മഞ്ചേശ്വരം മണ്ഡലത്തിലെ ഉപ്പളയിലേക്ക് താമസം മാറ്റിയിരുന്നു. മകൻ മാത്രമാണ് ഇവിടുണ്ടായിരുന്നത്. പൂട്ടിപ്പോയ ജുവലറിയുടെ ചെയർമാനായിരുന്നു എം.എൽ.എ.
പണം ഇടപാടിന്റെ രേഖകൾ കിട്ടിയില്ലെങ്കിലും ജുവലറി നടത്തിപ്പുമായി ബന്ധപ്പെട്ട രേഖകൾ പിടിച്ചെടുത്തു. പൂക്കോയ തങ്ങളും വീട്ടിലുണ്ടായിരുന്നില്ല. ഒരു മണിക്കൂറോളം പരിശോധന നടത്തി.
നാല് കമ്പനികൾ രൂപീകരിച്ചാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. കമ്പനി ഡയക്ടർമാരെയും ചോദ്യം ചെയ്യും.
പതിന്നാല് പരാതികളിൽ ഏഴെണ്ണത്തിലാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ നടപടി തുടങ്ങിയത്.2006 മുതൽ ഫാഷൻ ജുവലറിയുടെ പേരിൽ പണം സ്വീകരിച്ചിരുന്നു. ഫാഷൻ ഗോൾഡ് എന്ന പേരിൽ നാല് ജുവലറികളും തുടങ്ങി. നോട്ടുനിരോധനത്തിന്റെ മറവിൽ നിക്ഷേപകർക്ക് പണം കൊടുക്കാതായതോടെ സ്ഥാപനങ്ങൾ പൂട്ടി. തുടർന്ന് പരാതിയുമായി ചില നിക്ഷേപകർ പൊലീസിനെ സമീപിക്കുകയായിരുന്നു.
പാണക്കാട്ട് എത്തി വിശദീകരിക്കണം
ഖമറുദ്ദിനോട് നാളെ പാണക്കാട്ട് എത്തി സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും കാണാൻ ലീഗ് നേതൃത്വം ആവശ്യപ്പെട്ടു. വിശദീകരണം കേട്ടശേഷം നടപടികൾ ആലോചിക്കും. പരാതികൾ പരിഹരിച്ചാൽ നടപടി ഒഴിവായേക്കും. കാസർകോട് യു.ഡി.എഫ് ചെയർമാൻ സ്ഥാനത്ത് നിന്ന് മാറി നില്ക്കാൻ നിർദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |