സമൂഹ മാദ്ധ്യമങ്ങളിൽ ഒതുങ്ങുന്നതല്ല മഞ്ജു വാര്യരുടെ ജീവിതം.തന്റെ സാന്നിദ്ധ്യം ആവശ്യമാണെന്ന് തോന്നിയാൽ അവിടെ ഓടിയെത്തും...താരപരിവേഷമില്ലാതെ...സാധാരണക്കാരിയായി.മലയാളത്തിന്റെ ,മലയാളികളുടെ സ്വന്തം ആളെന്ന് വിശേഷിപ്പിക്കാവുന്ന നടിയാണ് മഞ്ജു വാര്യർ .മഞ്ജു ഫ്ളാഷ് മൂവീസിന് ഏറ്റവുമൊടുവിൽ നൽകിയ അഭിമുഖത്തിൽ നിന്ന് , മഞ്ജുവിന്റെ കാഴ്ചപ്പാടുകളിലൂടെ.
പുതിയ സംവിധായകർ, പുതിയ എഴുത്തുകാർ. രണ്ടാം വരവിൽ അധികവും പുതുതലമുറയോടൊപ്പമാണല്ലേ ?
രണ്ടും ഒരേ അളവിൽ ചെയ്യുന്നതുപോലെയാണ് എനിക്ക് തോന്നുന്നത്. സത്യൻ അങ്കിൾ, കമൽ സാർ, പ്രിയൻ സാർ, റോഷൻ അങ്ങനെയും ചെയ്തു. ആഷിക് അബു, രാജേഷ് പിള്ള( ഇന്നും ദുഖത്തോടെ മാത്രമെ രാജേഷിനെ ഓർമ്മിക്കാനാവു.നല്ല മനുഷ്യനായിരുന്നു.) എന്നിവരുടെ സിനിമയുടെയും ഭാഗമായി.പുതിയ കുട്ടികളുടെ സിനിമകളാണ് ജോ ആൻഡ് ദ ബോയ്, കെയർ ഒഫ് സൈറബാനു, ഉദാഹരണം സുജാത.ഇതിനിടയിൽ ഒരു സിനിമ വിട്ടു പോയി... ലൂസിഫർ. ലൂസിഫർ ചെയ്തത് പുതുമുഖ സംവിധായകനാണല്ലോ.. എണ്ണം നോക്കുമ്പോൾ രണ്ട് ശ്രേണിയിലെയും സംവിധായകരുടെ സിനിമകളിൽ ഒരേപോലെ ഭാഗമാവുന്നു.അത് ബോധപൂർവം ചെയ്യുന്നതല്ല. സംഭവിക്കുന്നതാണ്. ഇപ്പോൾ ചോദിച്ചപ്പോഴാണ് ഞാൻ പോലും അതേപ്പറ്റി ആലോചിക്കുന്നത്. പുതുമുഖ സംവിധായകൻ, അനുഭവസമ്പത്തുള്ള സംവിധായകൻ എന്നത് മാനദണ്ഡമായി നോക്കാറില്ല. തിരക്കഥ ഇഷ്ടപ്പെടുകയും വിശ്വാസമുള്ള സംവിധായകനാണെന്ന് തോന്നുകയും ചെയ്താൽ തീർച്ചയായും അതിന്റെ ഭാഗമാവും .അതേ ഞാൻ നോക്കാറുള്ളൂ.
സാധാരണക്കാരുടെ ഓരം ചേർന്ന് നിൽക്കുന്ന കഥാപാത്രമായി മഞ്ജു എത്തുമ്പോൾ ഹൃദ്യത അനുഭവപ്പെടുന്നു. ഉദാഹരണം നിരുപമ, സുജാത, മാധുരി?
ആണോ?...അത് ഞാനാണോ പറയേണ്ടത്.ഓരോ കഥാപാത്രവുമായി പ്രേക്ഷകർക്കുള്ള ബന്ധത്തെ അടിസ്ഥാനമാക്കിയാണത്. ചെയ്യുന്ന എല്ലാ കഥാപാത്രങ്ങളും പ്രേക്ഷർക്ക് ഇഷ്ടപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ലൂസിഫറി ലെ കഥാപാത്രത്തിന് ഒരു സാധാരണക്കാരിയുടെ ജീവിതമല്ല. എന്നാൽ വലിയ രീതിയിൽ അത് സ്വീകരിക്കപ്പെട്ടു. അസുരനിലെ കഥാപാത്രം ഏറ്റവും സാധാരണക്കാരിയായിരുന്നു. പ്രതി പൂവൻ കോഴിയിലെ മാധുരിയും ഏറ്റവും സാധാരണക്കാരി. വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. രണ്ടും ഒരേ രീതിയിൽ സ്വീകരിക്കപ്പെടുക എന്നതാണ് ഒരു നടി എന്ന നിലയിൽ എന്റെ മുന്നിലെ വെല്ലുവിളി.
വീട്ടിൽ നിന്ന് ഒരു സംവിധായകൻ വന്നു?
ചേട്ടൻ( മധു വാര്യർ) ഒരുപാട് വർഷമായി ഇതിനു പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ്. എന്നാൽ എങ്ങും എത്താതെ സ്ട്രഗിൾ ചെയ്യുന്ന ചേട്ടനെ ഞാൻ നേരിട്ട് കണ്ടു. ചേട്ടന്റെ പല പ്രോജക്ടും അവസാനഘട്ടത്തിൽ എത്തിയശേഷം നഷ്ടപ്പെടുന്നതും കണ്ടിട്ടുണ്ട്. ഇപ്പോൾ എല്ലാം ഒത്തുവന്നു. അതിന്റെ സന്തോഷമുണ്ട്. ചേട്ടൻ നന്നായി ചെയ്യണേ എന്ന ആഗ്രഹമുണ്ട്. ചേട്ടന്റെ സിനിമയിൽ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു. ബിജുവേട്ടനുമൊക്കെ കഥ കേട്ടശേഷമാണ് ചേട്ടൻ എന്നോട് പറയുന്നതെന്ന് തോന്നുന്നു.ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞശേഷമാണ് ഞാൻ കഥ കേട്ടത്.
മഞ്ജുവിനെ മലയാളികൾ ഇത്രമാത്രം സ്നേഹിക്കാൻ കാരണമെന്താണ്?
കാരണമൊന്നും എനിക്കും അറിയില്ല. അതിന്റെ കാരണം അന്വേഷിച്ചു പോവാനുള്ള ധൈര്യമില്ല. ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളോടുള്ള ഇഷ്ടമാവാം. ഒരു സിനിമാതാരമായി പ്രേക്ഷകർ എന്നെ കാണാറില്ലെന്ന് തോന്നിയിട്ടുണ്ട് . അവരുടെ വീട്ടിലെ സ്വന്തം ആള്. ആ സ്നേഹത്തോടെയാണ് പെരുമാറുന്നത്. എവിടെ ചെന്നാലും അവരുടെ സ്നേഹം കിട്ടുന്നു.അത് വലിയ അനുഗ്രഹമാണെന്ന് എനിക്ക് അറിയാം.
ആ സ്നേഹം തുടരുകയാണ്?
തുടരട്ടെ. എന്നും അത് അങ്ങനെ തന്നെയാവണമെന്നാണ് പ്രാർത്ഥന.
സിനിമാ നിർമ്മാണത്തിലും ഇറങ്ങുകയാണല്ലോ?
സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത കയറ്റം ( അഹർ) സിനിമയുടെ മൂന്നു നിർമ്മാതാക്കളിൽ ഒരാളാണ് ഞാൻ.വളരെ ചെറിയ ഒരു ചുവടുവയ്പാണ്. നോക്കാം ....എങ്ങനെയുണ്ടെന്ന്. വലിയ പ്ളാനൊന്നും തത്കാലമില്ല.മഞ്ജു വാര്യർ പ്രൊഡക് ഷൻസ് എന്ന ബാനറിലാണ് 'ശാകുന്തളം" നാടകം തിരുവനന്തപുരത്ത് അവതരിപ്പിച്ചത്.
നാട്ടിൻപുറത്തുകാരിയുടെ നില്പും നടപ്പുമുണ്ട്. എന്നാൽ മോഡേണുമാണ്.
എവിടെയാണ് മഞ്ജു സ്വന്തം സ്ഥാനം കണ്ടെത്തുന്നത്?
ഒരേസമയം രണ്ടും ആവുന്നത് നല്ലതല്ലേ?ഒരാൾ നാടനാണെങ്കിൽ മോഡേൺ ആവരുതെന്നും മോഡേണാണെങ്കിൽ നാടൻ ആവാൻ പാടില്ലെന്നും എവിടെയും നിയമമൊന്നുമില്ലല്ലോ. കഥാപാത്രം എന്ത് ആവശ്യപ്പെടുന്നു അതാണ് സിനിമയിൽ കാണുന്ന രൂപം. ചില ദിവസം സാരി ഉടുക്കാൻ തോന്നും. ചില ദിവസം ചുരിദാറോ ജീൻസോ ഇടാൻ തോന്നും. ഏതിലാണോ കംഫർട്ട് ആ വേഷം ധരിക്കാറാണ് പതിവ്.
റോഷൻ ആൻഡ്രൂസിലെ നടനെ നേരത്തെ കാണാൻ കഴിഞ്ഞോ?
തീർച്ചയായും. റോഷൻ നല്ല നടനാണെന്ന് റോഷനെ അറിയുന്നവർക്കെല്ലാം അറിയാം. റോഷൻ അഭിനയിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അഭിനയിച്ച് കാണിച്ചു തരുമ്പോഴെല്ലാം റോഷന്റെ അഭിനയം അടുത്തു കണ്ടു.അതിനാൽ പ്രതി പൂവൻ കോഴിയിൽ റോഷൻ അഭിനയിക്കുന്നത് കണ്ടപ്പോൾ വലിയ പുതുമയൊന്നും തോന്നിയില്ല. എന്നാൽ ഒരു കഥാപാത്രമായി ഒപ്പം നിന്ന് അഭിനയിച്ചപ്പോൾ കുറച്ചു നേരത്തേക്ക് കൗതുകം തോന്നി. ഒരുപാട് വർഷം അഭിനയിച്ച് പരിചയസമ്പത്ത് കൈവരിച്ച നടനൊപ്പം ജോലി ചെയ്യുമ്പോൾ ഉണ്ടാവുന്ന കംഫർട്ട് അനുഭവപ്പെട്ടു. എന്റെ സിനിമയുടെ സംവിധായകന്റെ കൂടെ അഭിനയിക്കുന്ന എക്സ്പീരിയൻസ് ഇതിന് മുമ്പ് ഉണ്ടായിട്ടില്ല.
ജീവിതത്തിൽ അമ്മയുടെ സ്വാധീനം?
അത് വാക്കുകളിലൊന്നും ഒതുക്കാൻ കഴിയില്ല. എല്ലാവർക്കും അങ്ങനെ തന്നെയാണ്. ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിൽ ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചിട്ടുള്ളതും അവരെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ളതും അമ്മയാണ്. ഇത് ഫിലോസഫിയായി പറയേണ്ട കാര്യവുമില്ല. അത് പ്രകൃതിയുടെ ഒരു രീതിയാണ്. സാധാരണ എല്ലാവരുടെയും ജീവിതത്തിൽ ഉള്ളതുപോലെ തന്നെ എന്നിലും അമ്മയുടെ സ്വാധീനമുണ്ട്.
ഷൂട്ടില്ലാത്ത ദിവസം പുള്ളിലെ വീട്ടിൽ ഒരു ദിവസം എങ്ങനെയാണ്?
അത് അന്നന്നത്തെ സാഹചര്യവും ആവശ്യവും അനുസരിച്ചായിരിക്കും.അല്ലാതെ, പ്രത്യേകിച്ച് ചിട്ടകളൊന്നുമില്ല. ഒഴിവുദിവസം ചെലവഴിക്കാനുള്ള രീതികളൊന്നുമില്ല. എല്ലാം സാധാരണപോലെ തന്നെ. ഞാൻ സാധാരണക്കാരിയാണ്.ഷൂട്ടില്ലാത്ത ദിവസം അമ്പലത്തിൽ പോവാറുണ്ട്.
എപ്പോഴും ലാളിത്യത്തോടെയാണ് സംസാരവും പെരുമാറ്റവും?
അത് ശീലമാണ്.ഞാൻ നിങ്ങളിലൊരാളായാണ് ജീവിക്കുന്നത്. അതു ഉള്ള കാര്യമാണ്. ചോദിച്ചത് കൊണ്ട് പറയുന്നുവെന്ന് മാത്രം.
എവിടെയാണ് ഏറ്റവും സുരക്ഷിതമായ ഇടം?
അതു നമ്മളാണല്ലോ ഉണ്ടാക്കേണ്ടത്.നമ്മൾ ഉള്ള ഇടം സുരക്ഷിതമാക്കുക എന്നത് നമ്മൾ ചെയ്യേണ്ട ജോലിയാണ്. അല്ലാതെ സുരക്ഷിതമായ ഒരുസ്ഥലം എന്നൊന്നില്ല.
ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് എത്ര വട്ടം ആലോചിക്കും?
ആലോചിച്ച് തീരുമാനം എടുക്കാറില്ല. പ്ളാനിംഗോ മുൻവിധിയോയില്ല. അപ്പോൾ എന്താണോ
ശരിയെന്ന് തോന്നുന്നത്അതാണ് ചെയ്യുക.
ഏറ്റവും ഇഷ്ടപ്പെട്ടത്?
ഇഷ്ട കൂടുതൽ, ഇഷ്ട കുറവ് എന്നൊന്നില്ല.
വായന ഇഷ്ടമാണോ?
ചില സമയത്ത് കൂടുതൽ വായിക്കും. ചില സമയത്ത് ഒട്ടുമില്ല.
എല്ലാം വായിക്കും. ആ സമയത്ത് എന്താണ് കൈയിൽ കിട്ടുന്നത് അത് വായിക്കും. ആദ്യ പത്തുമിനിട്ട് നമ്മളെ പിടിച്ചിരുത്തുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ തുടർന്ന്
വായിക്കും.
മഞ്ജു കണ്ട ഏറ്റവും ബോൾഡായ സ്ത്രീ?
എല്ലാ സ്ത്രീകളും ബോൾഡാണ്. അവരുടേതായ
രീതിയിൽ.
'96' സിനിമയിൽ ജാനു ആവേണ്ടത് മഞ്ജു ആയിരുന്നെന്ന് കേട്ടു?
'96" ഇറങ്ങിയശേഷമാണ് ഞാൻ അത് അറിഞ്ഞത്. ഒരു അവാർഡ് ദാന ചടങ്ങിൽ 96 ന്റെ സംവിധായകൻ പ്രേംകുമാറാണ് എന്നോട് ഇത് പറഞ്ഞത്. ആദ്യം പരിഗണിച്ചത് എന്നെയായിരുന്നെന്നും എന്നാൽ എത്തിച്ചേരാൻ കഴിഞ്ഞില്ലെന്നും പറഞ്ഞു. അവർക്ക് ഡേറ്റ് പ്രശ്നവുമുണ്ടായിരുന്നു. എന്നെ കൂടി അതിലേക്ക് വലിച്ചിടേണ്ടായെന്നും തീരുമാനിച്ചു. അതിനാൽ അവർ സമീപിച്ചില്ല. എന്നെ അവർ പരിഗണിച്ചുവെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി. ഓരോ സിനിമയ്ക്കും ഓരോ വിധിയുണ്ട്. അതുപോലെയെ സംഭവിക്കൂ. തൃഷയാണ് അതു ചെയ്യാൻ വിധിക്കപ്പെട്ടത്. ജാനു എന്ന കഥാപാത്രം തൃഷ ഭംഗിയായി ചെയ്തിട്ടുണ്ട്. '96" സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്.
വിജയ് സേതുപതിയോടൊപ്പം മലയാളത്തിൽ ഒരു സിനിമ ചെയ്യുന്നതായി കേട്ടു?
അതേപ്പറ്റി ഞങ്ങൾ സംസാരിക്കാറുണ്ട്. ഒന്നിച്ചു ജോലി ചെയ്യാൻ ഞങ്ങൾ രണ്ടുപേർക്കും ആഗ്രഹമുണ്ട്. വിജയ് യ്ക്ക് ഇഷ്ടപ്പെട്ട നല്ല കഥകൾ ലഭിച്ചിട്ടുണ്ട്. അതിൽ ഏതാണ് നടക്കാൻ പോവുന്നതെന്ന് അറിയില്ല. സമയമാകുമ്പോൾ നടക്കും.
അസുരന്റെ വിജയം കണ്ടപ്പോൾ തമിഴ് സിനിമ നേരത്തെ
ചെയ്യേണ്ടതായിരുന്നെന്ന് തോന്നിയോ?
അങ്ങനെയൊന്നും തോന്നിയില്ല. അസുരന് മുമ്പേ തമിഴിൽ അഭിനയിക്കാൻ അവസരം വന്നിരുന്നു. അവസാന നിമിഷമാണ് മാറി പോയത്. അതിൽ നഷ്ടബോധം തോന്നിയിട്ടില്ല. എല്ലാം സംഭവിക്കുന്നത് അതിന്റെ ഒഴുക്കിലാണ്. ഒന്നും നമ്മുടെ നിയന്ത്രണത്തിലല്ല. അന്ന് അങ്ങനെ സംഭവിച്ചത് നല്ലതിനുവേണ്ടിയായിരുന്നുവെന്ന് തോന്നുന്നു. അസുരനല്ലാതെ മറ്റൊരു തമിഴ് സിനിമയിൽ ആദ്യമായി അഭിനയിക്കുന്നതിനെക്കുറിച്ച് എനിക്ക് ഇപ്പോൾ സങ്കല്പിക്കാൻ പോലും കഴിയില്ല. ശക്തമായ ഒരു പ്രവേശം തമിഴ് സിനിമയിൽ ലഭിച്ചത് വലിയ ഭാഗ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |