ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം
.............................
കേരളത്തിന്റെ കുടുംബഘടനയിൽ, ജീവിതശൈലിയിൽ, ആരോഗ്യ - വിദ്യാഭ്യാസ മേഖലയിൽ, സമ്പദ്വ്യവസ്ഥയിൽ വന്ന വലിയ മാറ്റങ്ങൾ വ്യാപകതലത്തിൽ നേട്ടങ്ങൾ സൃഷ്ടിച്ചപ്പോൾത്തന്നെ നിരവധി കോട്ടങ്ങളും ഒപ്പമുണ്ടായി. അതിന്റെ ബാക്കിപത്രമാണ് പെരുകുന്ന ആത്മഹത്യകൾ.
കുടുംബഘടന
സമൂഹത്തിലെ സുപ്രധാന സാമൂഹിക സ്ഥാപനമാണ് കുടുംബം. അൻപതുകളുടെ അവസാനത്തോടെ നടപ്പിലായ ഭൂപരിഷ്കരണ നയങ്ങൾ കൂട്ടുകുടുംബ വ്യവസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പൂർണമായും കാർഷിക സമ്പദ്വ്യവസ്ഥയെ ആശ്രയിച്ചുപോന്ന കുടുംബങ്ങൾ തകർന്നു. പകരം അണുകുടുംബങ്ങളുടെ ആവിർഭാവത്തിനു തുടക്കം കുറിച്ചു. അച്ഛൻ, അമ്മ, കുട്ടികൾ എന്ന തരത്തിൽ കുടുംബ സങ്കല്പം ഒതുങ്ങിയതോടെ കുടുംബത്തിനുള്ളിലെന്ന പോലെ സമൂഹത്തിനകത്തും നേരിടുന്ന സമ്മർദ്ദങ്ങൾ മറ്റുള്ളവരോട് തുറന്നു പറയാനും പ്രയാസങ്ങൾ പങ്കുവയ്ക്കാനുമുള്ള സാഹചര്യങ്ങൾ തീരെക്കുറഞ്ഞു. ഇന്ന് കേരളത്തിൽ 86.5 ശതമാനത്തോളം അണുകുടുംബങ്ങളാണ്. കുടുംബങ്ങളിലെ സംഘർഷം ശൈഥില്യത്തിലേക്ക് നയിക്കുന്നു. വിവാഹബന്ധങ്ങളുടെ തകർച്ച അണുകുടുംബങ്ങളുടെ പൊതുസ്വഭാവമായി മാറിയിരിക്കുന്നു.
വിദ്യാഭ്യാസ രീതി
പണ്ടുമുതലേ വിദ്യാഭ്യാസത്തിന് പ്രഥമസ്ഥാനം കല്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഉയർന്ന സാക്ഷരതാ നിരക്ക് കേരളത്തെ മറ്റിടങ്ങളിൽ നിന്ന് വേറിട്ടു നിറുത്തുന്നു. എന്നാൽ സമീപകാലത്ത് രൂപംകൊണ്ട വല്ലാത്ത മത്സരബുദ്ധിയും സാക്ഷാത്കരിക്കാനാകാത്ത ജോലി മോഹങ്ങളും മോഹഭംഗങ്ങളും വൈകാരിക സംഘർഷങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസം കുടുംബത്തിന്റെ അഭിമാന സൂചകമായി മാറി. കുടുംബത്തിന്റെ ഏക ഉത്തരവാദിത്വം കുട്ടികളുടെ വിദ്യാഭ്യാസത്തിലേക്ക് കേന്ദ്രീകരിച്ചപ്പോൾ പ്രതീക്ഷ അപ്പാടെ ചുമലിലേറ്റേണ്ടി വന്ന കുട്ടികൾ കടുത്ത സമ്മർദ്ദത്തിലായി. വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപന വേളയിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ കൂടുന്ന നിലയുമായി. വിദ്യാഭ്യാസ രീതിയുടെ അർത്ഥശൂന്യതയാണ് ഇതിൽ തെളിഞ്ഞുവരുന്നത്.
കുടിയേറ്റം
കേരളത്തിൽ കാർഷിക മേഖലയ്ക്ക് തകർച്ച നേരിട്ടപ്പോൾ വ്യവസായവത്കരണം എങ്ങുമെത്തിയിരുന്നില്ലെന്നത് തൊഴിലവസരങ്ങൾ തീർത്തും ഇല്ലാതാക്കി. എഴുപതുകളുടെ തുടക്കത്തിൽ ഇവിടെ നിന്നു ഗൾഫ് നാടുകളിലേക്ക് തൊഴിലന്വേഷകരുടെ പ്രവാഹം തുടങ്ങുന്നത് അങ്ങനെയാണ്. ഗൾഫിൽ നിന്ന് കേരളത്തിലേക്ക് ഒഴുകിയെത്തിയ പണം കേരളത്തിന്റെ സാമ്പത്തിക സ്ഥിതി താത്കാലികമായെങ്കിലും പുഷ്ടിപ്പെടുത്തി. ഗൾഫ് പണത്തിന്റെ ഒഴുക്കിൽ ധാരാളം ഇടത്തരക്കാർ സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലെത്തി. എന്നാൽ, ഇൗ ഉയർച്ച ഏറെക്കാലം നീണ്ടുനിന്നില്ല. ഗൾഫിലെ ജോലിസാദ്ധ്യത മങ്ങുകയും ശമ്പളം വെട്ടിക്കുറയ്ക്കുകയും ചെയ്യുന്ന സ്ഥിതിയായപ്പോൾ ഇടക്കാലത്ത് സാമ്പത്തിക വളർച്ച നേടിയവർക്ക് ജീവിതനിലവാരം പിടിച്ചുനിറുത്താൻ ബുദ്ധിമുട്ടായി. വീടു പുലർത്താൻ അന്യദേശങ്ങളിൽ കഴിയേണ്ടി വരുന്നവരുടെ അഭാവം കുടുംബ ബന്ധങ്ങളിൽ വരുത്തിയ താളപ്പിഴകളും ചെറുതല്ല.
ഉപഭോഗ സംസ്കാരം
ഗൾഫ് നാടുകളിൽ നിന്ന് എത്തിയ പണം ജനങ്ങളുടെ ക്രയവിക്രയശേഷി ഉയർത്തിയപ്പോൾ തന്നെ വിദേശ ഉത്പന്നങ്ങളോടുള്ള അന്ധമായ ആരാധന നാടിന്റെ തനതു സാംസ്കാരിക പാരമ്പര്യത്തിനു മൂല്യച്യുതിയും വരുത്തുകയായിരുന്നു.
സ്വന്തമായി അദ്ധ്വാനിക്കാതെ ഏതു സാധനവും എന്ത് വില കൊടുത്തും വാങ്ങിക്കുക എന്നത് മലയാളിയുടെ ജീവിതശൈലിയായി മാറി. ഇങ്ങനെ ആളുകൾ മത്സരിച്ചപ്പോൾ സ്വർണംം, ഇലക്ട്രോണിക് സാമഗ്രികൾ, ആഡംബര കാറുകൾ എന്നു തുടങ്ങി ബഹുരാഷ്ട്ര കമ്പനികളുടെ വരെ മികച്ച കമ്പോളമായി കേരളം. സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽ ഉയർന്ന പലിശയ്ക്ക് കടമെടുത്തവരിൽ നല്ലൊരു പങ്കും അത് തിരിച്ചടയ്ക്കാനാവാതെ കടക്കെണിയിലകപ്പെട്ടു. സാമ്പത്തിക പരാധീനത മൂലം ആത്മഹത്യ ചെയ്തു എന്ന് പത്രങ്ങളിൽ ലളിതവത്കരിക്കപ്പെട്ട് വന്ന വാർത്തകളുടെ പിന്നാമ്പുറത്ത് പലപ്പോഴും ഇത്തരം കടക്കെണികളായിരുന്നു.
തൊഴിലില്ലായ്മ
സാക്ഷരതയിലും അഭ്യസ്തവിദ്യരുടെ എണ്ണത്തിലും ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതേസമയം, ഏതാണ്ട് അഞ്ചുലക്ഷം തൊഴിലന്വേഷകർ കേരളത്തിലുണ്ടെന്നാണ് കണക്ക്. നേടിയ വിദ്യാഭ്യാസത്തിനനുസരിച്ച് തൊഴിൽ ലഭിക്കാത്തതും കേരളത്തിലെ യുവാക്കളെ നിരാശരാക്കുന്നു.
മദ്യാസക്തി
ഏറ്റവും ഉയർന്ന മദ്യാസക്തി പ്രകടിപ്പിക്കുന്ന സമൂഹമാണ് കേരളത്തിലേത്. ആൽക്കഹോൾ ആൻഡ് ഡ്രഗ് ഇൻഫർമേഷൻ സെന്ററിന്റെ കണക്കനുസരിച്ച് ആളോഹരി പ്രതിവർഷ മദ്യഉപയാേഗം 8.3 ലിറ്ററാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ 15 ശതമാനം പേരെങ്കിലും സ്ഥിരമായി മദ്യം ഉപയോഗിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അമിത മദ്യപാനം ചികിത്സയർഹിക്കുന്ന രോഗമാണെന്നത് മറന്നുകൂടാ. ഇത്തരക്കാരിൽ നൂറിൽ പതിനഞ്ചു പേരെങ്കിലും ഒടുവിൽ ആത്മഹത്യയെ അഭയം പ്രാപിക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മദ്യാസക്തർ ചെറുപ്പക്കാരണെന്നതും ആത്മഹത്യ ചെയ്യുന്നവരിൽ ഏറെയും യുവാക്കളാണെന്നതും ഓർക്കേണ്ടതുണ്ട്.
ആയുർദൈർഘ്യം
വികസിത രാജ്യങ്ങളോട് കിടപിടിക്കുമാറ് കേരള ജനതയുടെ ശരാശരി ആയുർദൈർഘ്യം ഇന്ന് എഴുപത് വയസിന് മേലെയാണ്. എന്നാൽ വാർദ്ധക്യത്തിൽ പിടിപെടുന്ന രോഗങ്ങളെയും മറ്റ് സാമൂഹിക - മാനസിക പ്രശ്നങ്ങളെ കണ്ടെത്താനും അവ പരിഹരിക്കാനുമുള്ള വിഭവശേഷിയോ, പരിജ്ഞാനമോ ഇന്നും കേരളം ആർജ്ജിച്ചിട്ടില്ല. മാത്രമല്ല, വയോജനങ്ങൾക്ക് ആവശ്യമായ ശുശ്രൂഷയോ പരിരക്ഷയോ ഇന്നത്തെ അണുകുടുംബങ്ങളിൽ നിന്നു ലഭിക്കുന്നുമില്ല.
സാധാരണക്കാർക്ക് എത്തിപ്പിടിക്കാൻ പറ്റാത്തവിധം വിലയേറിയതാണ് ആരോഗ്യ മേഖലയിലെ ചെലവുകൾ. വാർദ്ധക്യത്തിൽ ഉണ്ടാകാവുന്ന വിഷാദരോഗം, വിട്ടുമാറാത്ത ശാരീരികാസ്വാസ്ഥ്യങ്ങൾ, അമിത രക്തസമ്മർദ്ദം, പ്രമേഹം, വാതരോഗങ്ങൾ, കാൻസർ എന്നിവയെല്ലാം വൃദ്ധരിൽ ആത്മഹത്യാപ്രവണത വർദ്ധിപ്പിക്കുന്നുണ്ട്.
(കോഴിക്കോട് കെ.എം.സി. ടി മെഡിക്കൽ കോളേജിലെ സൈക്യാട്രി പ്രൊഫസറാണ് ലേഖകൻ. മൊബൈൽ: 94472 18825)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |