തിരുവനന്തപുരം: ബിനാമി, കള്ളപ്പണ ഇടപാടുകളിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻചിറ്റ് നൽകാതെ, തെളിവുകളും മൊഴികളും കൂട്ടിയിണക്കി കുരുക്ക് മുറുക്കാൻ വിശദ അന്വേഷണത്തിന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഒരുങ്ങുന്നു. ബിനീഷുമായി സാമ്പത്തിക ഇടപാടുകളുള്ള ഒരു ഡസനിലേറെ പേരുടെ വിവരങ്ങൾ ശേഖരിച്ച ഇ.ഡി, ഇത്തരം ഇടപാടുകളുടെ വിശദാംശങ്ങളാണ് തേടുന്നത്.യു.എ.ഇ കോൺസുലേറ്റുമായി സാമ്പത്തിക ഇടപാടുള്ള കമ്പനികളുമായി ബിനീഷിനുള്ള ബിനാമി ബന്ധവും അന്വേഷിക്കും. കോൺസുലേറ്റിൽ വിസ സ്റ്റാമ്പിംഗ് കരാർ ലഭിച്ച യു.എ.എഫ്.എക്സ് സൊല്യൂഷൻസ്, സ്വർണക്കടത്ത് പ്രതി സ്വപ്നയ്ക്ക് ലക്ഷങ്ങൾ കോഴ നൽകിയതിനെക്കുറിച്ചും അന്വേഷണമുണ്ട്.
ബി കാപ്പിറ്റൽ ഫിനാൻസ് സർവീസസ്, ബി.ഇ കാപ്പിറ്റൽ ഫോറെക്സ് ട്രേഡിംഗ്, ടോറസ് റെമഡീസ്, ബുൾസ് ഐ കോൺസെപ്‌ട്സ് എന്നീ കമ്പനികളുമായി ബിനീഷിന് ദുരൂഹബന്ധങ്ങളുണ്ടെന്നാണ് ഇ.ഡി നിഗമനം. അനധികൃത പണമിടപാടിനായി തുടങ്ങിയതാണ് കമ്പനികളെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം കേശവദാസപുരത്തെ ഹോട്ടൽ ഉടമയുടെ പേരിലാണ് യു.എ.ഇ വിസ സ്റ്റാമ്പിംഗിനുള്ള കമ്പനി. ഹോട്ടലുടമ ബിനീഷിന്റെ ബിനാമിയാണെന്നാണ് കരുതപ്പെടുന്നത്. ഇയാളെ ചോദ്യംചെയ്തപ്പോൾ ബിനീഷിന്റെ ഇടപാടുകളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു. ബംഗളൂരുവിലെ രണ്ട് പണമിടപാട് സ്ഥാപനങ്ങൾ വഴി കള്ളപ്പണം വെളുപ്പിച്ചെന്നും വിവരം കിട്ടിയിട്ടുണ്ട്.
ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രധാനപ്രതിയായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന് ബംഗളൂരുവിൽ ഹോട്ടൽ തുടങ്ങാൻ ലക്ഷങ്ങൾ നൽകിയതായി ബിനീഷ് വെളിപ്പെടുത്തിയിരുന്നു. ഇത്തരം വൻ സഹായങ്ങൾ നൽകാൻ ബിനീഷിനുള്ള സാമ്പത്തിക ഉറവിടം എന്താണെന്നും ഇ.ഡി അന്വേഷിക്കുകയാണ്. ഒരാഴ്ചയ്ക്കു ശേഷം ബിനീഷിനെ വീണ്ടും വിളിപ്പിക്കും.
ഇന്നലെ കൊച്ചിയിൽ 11 മണിക്കൂർ നീണ്ട ചോദ്യംചെയ്യലിൽ ബിനീഷിന്റെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയ ഇ.ഡി, മൊഴികളിൽ പലതിനും വിശ്വാസ്യതയില്ലെന്നു വ്യക്തമാക്കുന്നു. കേരളത്തിലേക്കുള്ള ലഹരിക്കടത്ത്, നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത്, മലയാള സിനിമയിലെ ലഹരി ഉപയോഗം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു ലഭിച്ച മറുപടികൾ തൃപ്തികരമായിരുന്നില്ലെന്നും ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നു.
സാമ്പത്തിക റൂട്ട്മാപ്പ് പരിശോധന
ബിനാമി, കള്ളപ്പണ ഇടപാടുകൾ കണ്ടെത്തി ശക്തമായ നടപടികളെടുക്കാൻ ഇ.ഡിക്ക് കഴിയും. സംശയിക്കുന്നവരുടെയും കുടുംബാംഗങ്ങളുടെയും ബിസിനസ് പങ്കാളികളുടെയും സ്വത്ത്- വരവ് കണക്കെടുപ്പും കള്ളപ്പണം തേടിയുള്ള റെയ്ഡുകളും ഉണ്ടാവും.
സംശയമുള്ള ആരുടെയും 'സാമ്പത്തിക റൂട്ട്മാപ്പ്' പരിശോധിക്കുന്നതാണ് ഇ.ഡിയുടെ രീതി. വരവിനേക്കാൾ 20 ശതമാനത്തിലേറെ സ്വത്തുണ്ടെങ്കിൽ ഇ.ഡിക്ക് വിശദമായ സ്വത്തു പരിശോധന നടത്താം. കള്ളപ്പണക്കേസിൽ മൂന്നുമുതൽ ഏഴുവരെ വർഷം ശിക്ഷ കിട്ടാം.
ഉത്തരമില്ലാതെ 19 ചോദ്യങ്ങൾ
പണമിടപാടുകളുമായി ബന്ധപ്പെട്ട 19 ചോദ്യങ്ങൾക്ക് ബിനീഷ് വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ബിസിനസ് സംരംഭങ്ങളെക്കുറിച്ചും ഒരുമാസമായി ഇ.ഡി അന്വേഷിക്കുകയായിരുന്നു. ബിസിനസ് പങ്കാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇവരുടെ മൊഴികൾക്ക് വിരുദ്ധമായ വിവരങ്ങളാണ് ബിനീഷ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |