ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കിടെ നടന്ന ജെ.ഇ.ഇ പരീക്ഷ എഴുതാതിരുന്നത് 26 ശതമാനം വിദ്യാർത്ഥികൾ. സെപ്തംബർ ഒന്ന് മുതൽ ആറ് വരെ നടന്ന പരീക്ഷയ്ക്ക് 8.58 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്തിരുന്നത്.
വർഷത്തിൽ രണ്ടു തവണയാണ് ജെ.ഇ.ഇ പരീക്ഷ . ഇതിൽ ജനുവരിയിൽ നടന്ന പരീക്ഷയ്ക്ക് 94.32 ശതമാനം വിദ്യാർത്ഥികളും ഹാജരായി. കഴിഞ്ഞ വർഷം നടന്ന പരീക്ഷകൾ എഴുതിയത് 94.11, 94.15 ശതമാനം വിദ്യാർത്ഥികളാണ്.
കൊവിഡ് പശ്ചാത്തലത്തിൽ നേരത്തെ രണ്ട് തവണയാണ് പരീക്ഷ മാറ്റിവച്ചത്. സുപ്രീം കോടതിയുടെ പരാമർശം കൂടി കണക്കിലെടുത്ത് പരീക്ഷ നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൽ ഏറെ പ്രതിഷേധമുയർന്നിരുന്നു. പരീക്ഷാ ഫലം ഇന്നോ, നാളെയോ വരുമെന്നാണ് സൂചന.
അപേക്ഷകരെചൊല്ലി തർക്കം
ജെ.ഇ.ഇ പരീക്ഷയിൽ വിദ്യാർത്ഥികളുടെ ഹാജർ നിലയിലുണ്ടായ കുറവിനെക്കുറിച്ച് സാമൂഹിക മാദ്ധ്യമങ്ങളിൽ ഏറ്റുമുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാലും സുബ്രഹ്മണ്യൻ സ്വാമി എം.പിയും. 18 ലക്ഷം വിദ്യാർഥികൾ ജെ.ഇ.ഇ പരീക്ഷയുടെ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെന്നും എന്നാൽ എട്ട് ലക്ഷം പേർക്ക് മാത്രമേ പരീക്ഷ എഴുതാൻ കഴിഞ്ഞുള്ളൂവെന്നും സുബ്രമണ്യൻ സ്വാമി ആരോപിച്ചിരുന്നു. എന്നാൽ, 8.58 ലക്ഷം പേർ മാത്രമാണ് അപേക്ഷിച്ചതെന്ന് മന്ത്രി രമേശ് പൊഖ്രിയാൽ മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |