തിരുവനന്തപുരം: തമ്പാനൂരിൽ നിന്ന് കോവളത്തേക്ക് പുറപ്പെടുന്ന ഇരു നില ട്രാൻസ്പോർട്ട് ബസ്. രണ്ടാം നിലയിൽ അടിച്ചു പൊളിച്ച് ബർത്ത് ഡേ പാർട്ടി. കേക്കു മുറിച്ചും ആടിപ്പാടിയും ഒരു സകുടുംബ സായാഹ്ന യാത്ര. ലണ്ടനിലും മറ്റുമുള്ള 'അഫ്റ്റർ നൂൺ ടീ ബസ് ടൂർ' കെ.എസ്.ആർ.ടി.സിയും കേരള ടൂറിസം ഡെവലമെന്റ് കോർപറേഷനും ചേർന്ന് നടപ്പാക്കാനൊരുങ്ങുന്നു.
ഡേറ്റ് ബുക്കു ചെയ്യുമ്പോൾ പാർട്ടിക്ക് എന്തൊക്കെ വിഭവങ്ങൾ വേണമെന്നു പറയണം. ബസിൽ കയറുമ്പോൾ എല്ലാം മുന്നിലെത്തും. ബസ് പുറപ്പെടുന്നതും ആഘോഷമാവാം. മറ്റു യാത്രക്കാർക്കും കോഫിയും സ്നാക്സുമൊക്കെ ബസിൽ കിട്ടും.
കെ.എസ്.ആർ.ടി.സിയുടെ പക്കലുള്ള രണ്ട് ഡബിൾ ഡക്കർ ബസ് മനസിൽ കണ്ടാണ് കെ.ടി.ഡി.സി ആശയം അവതരിപ്പിച്ചത്. കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറിനു സമ്മതം. ട്രാൻസ്പോട്ട് വകുപ്പിന്റെ അനുമതിയായാൽ നടപ്പാവും.
ആദ്യം തിരുവനന്തപുരത്തും പിന്നെ കൊച്ചിയിലും ടൂറിസം പ്രദേശങ്ങളെ ബന്ധിപ്പിച്ച് സർവീസ്. വിജയിച്ചാൽ കൂടുതൽ ബസ് വാങ്ങി മറ്റു ജില്ലകളിലും.
കാരവൻ ടൂറിസവും
ബസുകളിൽ കാരവനൊരുക്കി വന മേഖലകളിലേക്ക് ദീർഘദൂര ടൂറും ആലോചിക്കുന്നു. വനം വകുപ്പുമായി ചേർന്നാണിത്. ടൂറിസ്റ്റുകൾക്ക് ബസിൽ തന്നെ ലക്ഷൂറിയസ് സ്റ്റേ.
''കെ.എസ്.ആർ.ടി.സിയെ കാലത്തിനനുസരിച്ച് നവീകരിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി ആലോചിച്ചത്. സർക്കാർ സമ്മതിച്ചാൽ നടപ്പിലാക്കാൻ കഴിയും''
- ബിജു പ്രഭാകർ, എം.ഡി, കെ.എസ്.ആർ.ടി.സി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |