കൊച്ചി : പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ അലനും താഹയ്‌ക്കും വിചാരണക്കോടതി ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻ.ഐ.എ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻബെഞ്ച് തിങ്കളാഴ്‌ച പരിഗണിക്കാൻ മാറ്റി.
ഇരുവർക്കും സെപ്തംബർ ഒമ്പതിനാണ് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ജാമ്യം നൽകിയത്. പ്രതികളുടെ പക്കൽ നിന്നും വീട്ടിൽ നിന്നുമായി കണ്ടെടുത്ത ലഘുലേഖകളും മറ്റു തെളിവുകളും മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കുന്നതാണെന്നും സർക്കാരിനെതിരെ യുദ്ധംചെയ്യാൻ ആഹ്വാനം ചെയ്യുന്നവയാണെന്നും അപ്പീലിൽ പറയുന്നു. ഇൗ രേഖകൾ പ്രഥമദൃഷ്ട്യാ ഗൗരവമേറിയതാണെന്ന് എൻ.ഐ.എ കോടതി സമ്മതിക്കുന്നുണ്ടെങ്കിലും തെളിവുകൾ വിലയിരുത്തുന്നതിൽ തെറ്റുപറ്റി. ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥതയ്ക്ക് വഴിയൊരുക്കുകയും തെറ്റായ കീഴ്‌വഴക്കത്തിന് കാരണമാവുകയും ചെയ്യും. ഭീകര സ്വഭാവമുള്ള സംഘടനകളുടെ പ്രവർത്തനത്തിന് പ്രചോദനവുമാകും. ഇത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. നേരത്തെ അഗളിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളിൽ നിന്ന് കണ്ടെടുത്ത ലഘുലേഖകൾ സമാന സ്വഭാവത്തിലുള്ളതാണെന്ന വാദം കോടതി കണക്കിലെടുത്തില്ല. കസ്റ്റഡിയിലിരിക്കെ താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചതിന്റെ വീഡിയോ പൊലീസിന്റെ പക്കലുണ്ട്. വസ്തുതാപരിശോധനയ്ക്കുവേണ്ടി താഹയുടെ ശബ്ദസാമ്പിൾ ശേഖരിക്കാൻ അനുമതി നൽകിയതിനു പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. തെളിവുകളെ കാറ്റഗറികളാക്കി തിരിച്ചു വിലയിരുത്തി കുറ്റമില്ലെന്ന തരത്തിൽ വിധിപറഞ്ഞത് നിയമപരമല്ലെന്നും ഹർജിയിൽ പറയുന്നു.
എൻ.ഐ.എ കോടതി നിരസിച്ചു
അലനും താഹയ്ക്കും ജാമ്യം നൽകുന്നത് ഉച്ചവരെ തടയണമെന്ന് ഇന്നലെ രാവിലെ അന്വേഷണസംഘം എറണാകുളം എൻ.ഐ.എ കോടതിയിൽ വാക്കാൽ ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. അപ്പീൽ ഹൈക്കോടതി പരിഗണിക്കാനിരിക്കെ ജാമ്യം നൽകുന്നത് താത്കാലികമായി തടയണമെന്നായിരുന്നു ആവശ്യപ്പെട്ടത്. എന്നാൽ വിധി പ്രസ്താവിച്ച സാഹചര്യത്തിൽ ഇൗ ആവശ്യം കോടതി നിഷേധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |